ഞങ്ങളിതാ തിരിച്ചുവരുന്നു; ലോകക്രിക്കറ്റിന് മുന്നറിയുപ്പുമായി ലങ്കന്‍ പട; ഓസീസിനെതിരെ ത്രസിപ്പിക്കുന്ന വിജയം
Cricket
ഞങ്ങളിതാ തിരിച്ചുവരുന്നു; ലോകക്രിക്കറ്റിന് മുന്നറിയുപ്പുമായി ലങ്കന്‍ പട; ഓസീസിനെതിരെ ത്രസിപ്പിക്കുന്ന വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 20th June 2022, 8:36 am

മികച്ച ചരിത്രമുള്ള ഒരു ടീമും അതിലും മികച്ച ചരിത്രമുള്ള ഒരുപാട് കളിക്കാരും ഒരു കാലത്ത് അണിനിരന്ന ടീമായിരുന്നു ശ്രീലങ്ക. എന്നാല്‍ കുറേകാലമായി പ്രതാപകാലത്തെ നിഴല്‍ പോലുമല്ലായിരുന്നു അവര്‍. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരുവാനുള്ള ശ്രമത്തിലാണ് ലങ്കന്‍ ടീം.

ഓസീസുമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ലീഡ് ചെയ്യുകയാണ് ശ്രീലങ്ക. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ലങ്ക ജയിച്ചത്. ആരാധക മനസില്‍ കടന്നുകയറുന്നതാണ് ഇത്തരത്തിലുള്ള വിജയങ്ങള്‍.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ട്രാവിസ് ഹെഡ് (70) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (62) എന്നിവരുടെ ബാറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 291 എന്ന ഭേദപ്പെട്ട ടോട്ടല്‍ നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക രണ്ടാം വിക്കറ്റില്‍ തന്നെ കളിപിടിക്കുകയായിരുന്നു.

ടീം സ്‌കോര്‍ 42ല്‍ നില്‍ക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ല 25 റണ്ണുമായി പുറത്തായിരുന്നു എന്നാല്‍ രണ്ടാം വിക്കറ്റില്‍ പാത്തും നിസ്സങ്കയും കുഷാല്‍ മെന്‍ഡിസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുകയായിരുന്നു. 87 റണ്‍ നേടി മെന്‍ഡിസ് പരിക്കേറ്റ് പുറത്തുപോയെങ്കിലും നിസ്സങ്ക ഉറച്ചു നിന്നുകൊണ്ട് ശ്രീലങ്കയെ വിജയിപ്പിക്കുകയായിരുന്നു.

47ാം ഓവറില്‍ 137 റണ്ണുമായി നിസ്സങ്ക പുറത്തായെങ്കിലും ലങ്കന്‍പട വിജയം ഉറപ്പിച്ചിരുന്നു. ഇനിയുള്ള രണ്ട് മത്സരത്തില്‍ ഒരു മത്സരം കൂടെ വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാനായിരിക്കും ശ്രീലങ്കയുടെ ആഗ്രഹം.

നേരത്തെ ഏകദിന പരമ്പരക്ക് മുമ്പ് നടന്ന ട്വന്റി-20 പരമ്പരയില്‍ ലങ്ക തോറ്റിരുന്നെങ്കിലും അവസാന മത്സരത്തില്‍ പൊരുതി നേടിയ വിജയം ലങ്കന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നതാണ്.

ഈ പരമ്പര വിജയിക്കാന്‍ സാധിച്ചാല്‍ ഒരുകാലത്ത് പുലികളായിരുന്ന ഞങ്ങള്‍ തിരിച്ചുവരുന്നു എന്ന് ലോക ക്രിക്കറ്റിന് ശ്രീലങ്ക നല്‍കുന്ന മുന്നറിയിപ്പായിരിക്കുമത്. എല്ലാകാലത്തും ലങ്കന്‍പടയെ കൈവിടാതിരുന്ന ആരാധകര്‍ക്ക് ടീമിന്റെ തിരിച്ചുവരവില്‍ ഒരുപാട് പങ്കുണ്ട്.

Content Highlights: Srilankan cricket is coming back to their best