ശ്രീലങ്കന്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു
World News
 ശ്രീലങ്കന്‍ ഇന്റലിജന്‍സ് മേധാവി രാജിവെച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 10:17 am

കൊളംബൊ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണ പരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ഇന്റലിജന്‍സ് മേധാവി സിസിര മെന്‍ഡിസ് രാജിവെച്ചു. കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരായ മെന്‍ഡിസ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും സുരക്ഷാ പരിശോധനാ യോഗങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും

തനിക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് മൈത്രിപാല സിരിസേന മെന്‍ഡിസിനെ പുറത്താക്കിയതാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് മേധാവി സ്വമേധയാ രാജിവെച്ചതാണെന്ന് ഡിഫന്‍സ് സെക്രട്ടറി ജനറല്‍ ശാന്ത കൊട്ടേഗോഡ പറഞ്ഞു.

ഏപ്രില്‍ 21നാണ് ഭീകരാക്രമണമുണ്ടായത്. ഏപ്രില്‍ 9ന് തന്നെ പ്രസിഡന്റുമായി നേരിട്ട് ബന്ധമുള്ള സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസ് ഡയറക്ടറോട് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് പറഞ്ഞപ്പോള്‍ ഇക്കാര്യം പ്രസിഡന്റിനെ അറിയിച്ചതാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മെന്‍ഡിസ് മൊഴി നല്‍കിയിരുന്നു.

ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ രാജിവെച്ച പ്രതിരോധ മന്ത്രാലയം മുന്‍ സെക്രട്ടറി ഹെമസിരി ഫെര്‍ണാണ്ടോയും പ്രസിഡന്റിനെ കാണാനുള്ള അവസരം എളുപ്പം ലഭിക്കുന്നില്ലെന്ന് കമ്മിറ്റിയോട് പറഞ്ഞിരുന്നു. പ്രതിരോധവും പൊലീസും സിരിസേനയ്ക്ക് കീഴിലാണ്.

മെന്‍ഡിസടക്കമുള്ള ഇന്റലിജന്‍സ് ഓഫീസര്‍മാരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റ് സമിതിയ്ക്ക മുന്നില്‍ വിസ്തരിക്കുന്നതിനെ സിരിസേന നേരത്തെ എതിര്‍ത്തിരുന്നു.