ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്; മത്സരരംഗത്ത് നാല് നേതാക്കള്‍
World News
ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്; മത്സരരംഗത്ത് നാല് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 10:24 am

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 20ന് നടക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധന- ഭക്ഷ്യക്ഷാമവും കാരണമുണ്ടായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഗോതബയ രജപക്‌സെ രാജി വെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ രാജ്യമൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി ശനിയാഴ്ച പാര്‍ലമെന്റിന്റെ പ്രത്യേകയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വെച്ച്, രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നതായി പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ ധമ്മിക ദസ്സനായകെ പ്രഖ്യാപിക്കുകയായിരുന്നു.

ജൂലൈ 19ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ നോമിനേഷന്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം നോമിനേഷനുകള്‍ സമര്‍പ്പിക്കപ്പെടുകയാണെങ്കില്‍ ജൂലൈ 20ന് വോട്ടെടുപ്പ് നടത്തുമെന്നും ധമ്മിക ദസ്സനായകെ വ്യക്തമാക്കി.

13 മിനിറ്റ് മാത്രമാണ് പാര്‍ലമെന്റ് സെഷന്‍ നീണ്ടുനിന്നത്. വലിയ സുരക്ഷയോടെയായിരുന്നു പാര്‍ലമെന്റ് സമ്മേളിച്ചത്.

പ്രധാനമായും നാല് നേതാക്കളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള മത്സരരംഗത്തുള്ളത്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, അണുര കുമാര ദിസ്സനായകെ (മാര്‍ക്‌സിസ്റ്റ് ജനതാ വിമുക്തി പെരമുണ നേതാവ്), ദല്ലാസ് അളഹപ്പെരുമ എന്നിവരാണ് നോമിനേഷനുകള്‍ സമര്‍പ്പിക്കാനിരിക്കുന്നത്. പാര്‍ലമെന്റ് യോഗത്തിന് പിന്നാലെയായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

225 അംഗ പാര്‍ലമെന്റില്‍ രജപക്‌സെമാരുടെ പാര്‍ട്ടിയായ ‘ശ്രീലങ്ക പൊതുജന പെരമുണ’ക്കാണ് ആധിപത്യം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെക്ക് ശ്രീലങ്ക പൊതുജന പെരമുണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2024 നവംബര്‍ വരെയായിരിക്കും പുതിയ പ്രസിഡന്റിന്റെ കാലാവധി.

നിലവില്‍ റനില്‍ വിക്രമസിംഗെക്കാണ് ഇടക്കാല പ്രസിഡന്റിന്റെ ചുമതല. മാലിദ്വീപിലേക്ക് കടന്ന ഗോതബയ രജപക്‌സെ അവിടെ നിന്നാണ് ഇമെയില്‍ വഴി സ്പീക്കര്‍ക്ക് രാജിക്കത്ത് അയച്ചത്.

Content Highlight: Sri Lanka is set for the presidential election, four candidates including acting president Ranil Wickremesinghe in the run