വീണ്ടും വാര്‍ണറും ബെയര്‍‌സ്റ്റോയും; കൊല്‍ക്കത്തയ്‌ക്കെതിരേ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം
IPL 2019
വീണ്ടും വാര്‍ണറും ബെയര്‍‌സ്റ്റോയും; കൊല്‍ക്കത്തയ്‌ക്കെതിരേ ഹൈദരാബാദിന് തകര്‍പ്പന്‍ ജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2019, 7:33 pm

ഹൈദരാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സകല മേഖലകളിലും വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ അഞ്ചാംജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ഡേവിഡ് വാര്‍ണറും തകര്‍ത്താടിയപ്പോള്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം ഹൈദരാബാദ് മറികടന്നത് വെറും 15 ഓവറിലാണ്. അതും ഒരു വിക്കറ്റ് നഷ്ടത്തില്‍.

43 പന്തില്‍ നാല് സിക്‌സറുകളുടെയും ഏഴ് ഫോറുകളുടെയും സഹായത്തോടെ ബെയര്‍സ്‌റ്റോ 80 റണ്‍സെടുത്തു. 38 പന്തുകളില്‍ അഞ്ച് സിക്‌സറിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയോടെയാണ് വാര്‍ണര്‍ 67 റണ്‍സെടുത്തത്. കൊല്‍ക്കത്ത നേടിയ ഏക വിക്കറ്റ് യാര പൃഥ്വിരാജിനായിരുന്നു.

നേരത്തേ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ക്രിസ് ലിന്‍ (51) നേടിയ അര്‍ധസെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ടീം 159 റണ്‍സെടുക്കുകയായിരുന്നു. റിങ്കു സിങ് (30), സുനില്‍ നരെയ്ന്‍ (എട്ട് പന്തില്‍ 25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ഹൈദരാബാദിനുവേണ്ടി ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും നേടി.

വിജയത്തോടെ ഹൈദരാബാദിന് ഒമ്പതുകളികളില്‍ നിന്ന് അഞ്ച് വിജയമായി. കൊല്‍ക്കത്തയ്ക്ക് 10 മത്സരങ്ങളില്‍ നിന്ന് നാലു ജയമാണുള്ളത്.