എറിഞ്ഞിട്ട് മുഹമ്മദ് നബി; അടി പതറി ബാംഗ്ലൂര്‍
IPL 2019
എറിഞ്ഞിട്ട് മുഹമ്മദ് നബി; അടി പതറി ബാംഗ്ലൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2019, 7:05 pm

ഹൈദരാബാദ്: ഐ.പി.എല്ലില്‍ ഹൈദരാബാദിന്റെ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് തകര്‍ച്ചയിലേക്ക്. പതിനഞ്ച് ഓവറില്‍ 86 റണ്‍സ് എടുക്കുന്നതിനിടെ ബാഗ്ലൂരിന് 6 വിക്കറ്റുകള്‍ നഷ്ടമായി. അഫ്ഗാന്‍ സ്പിന്നര്‍ മുഹമ്മദ് നബിയുടെ ബൗളിങ് കരുത്തിലാണ് ബാംഗ്ലൂരിന്റെ മുന്‍ നിരയെ എറിഞ്ഞിട്ടത്. നബി നാല് വിക്കറ്റുകള്‍ നേടി.

പാര്‍ത്ഥിവ് പട്ടേല്‍ (11) ഒഴിച്ചു നിര്‍ത്തിയാല്‍ ആരും തന്നെ രണ്ടക്കം കണ്ടില്ല. 22 റണ്‍സെടുക്കുന്നതിനിടെ പാര്‍ത്ഥീവിനെയും(11) ഹെറ്റ്മെയറിനെയും(9) എ.ബി.ഡിയെയും(1) നഷ്ടമായി. കോഹലി(3) മൊയിന്‍ അലി (2) എന്നിങ്ങനെ ഒന്ന് പിടിച്ച് നില്‍ക്കാന്‍ പോലുമാകാതെ ഹൈദരാബാദിന്റെ ബൗളിംങ് കരുത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

നിലവില്‍ കോളിന്‍ ഡി ഗ്രാന്‍ഡോവും പ്രയാസ് ബര്‍മ്മനുമാണ് ക്രീസില്‍

വാര്‍ണറും ബെയര്‍‌സ്റ്റോയും ചേര്‍ന്നാണ് ഹൈദരാബാദിനെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.

ബെയര്‍സ്റ്റോ 52 പന്തില്‍ സെഞ്ചുറിയിലെത്തിയപ്പോള്‍ 55 പന്തില്‍ നിന്നായിരുന്നു വാര്‍ണറുടെ 100 റണ്‍സ്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 185 റണ്‍സ്. ഒടുവില്‍ ബെയര്‍സ്റ്റോവിനെ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ക്രീസ് വിടുമ്പോള്‍ 56 പന്തില്‍ 114 റണ്‍സ് അടിച്ചെടുത്തിരുന്നു ബെയര്‍സ്റ്റോ. 12 ഫോറും ഏഴു സിക്സും ഇംഗ്ലീഷ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.

ട്വന്റി-20 കരിയറില്‍ ബെയര്‍സ്റ്റോ തന്റെ രണ്ടാം സെഞ്ചുറിയാണ് നേടുന്നത്. ഈ ഐ.പി.എല്‍ സീസണില്‍ ഇത് രണ്ടാമത്തെ സെഞ്ചുറിയാണ്. നേരത്തെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു വി സാംസണ്‍ സെഞ്ചുറി നേടിയിരുന്നു.

ബെയര്‍സ്റ്റോ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ വിജയ് ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. മൂന്നു പന്തില്‍ ഒമ്പത് റണ്‍സടിച്ച വിജയ് റണ്‍ഔട്ടായി. എന്നാല്‍ പിന്നീട് കണ്ടത് വാര്‍ണറുടെ ഷോ ആണ്. ഈ ഐ.പി.എല്‍ സീസണിലെ മൂന്നാം സെഞ്ചുറി വാര്‍ണറെന്ന പേരിനൊപ്പം ചേര്‍ന്നു. അഞ്ചു വീതം ഫോറും സിക്സും അടിച്ച് ഇന്നിങ്സ് അവസാനിക്കുന്നതിന് മുമ്പ് വാര്‍ണര്‍ 100 തികച്ചു.

ബാംഗ്ലൂര്‍ ബൗളിങ്ങില്‍ ഏറ്റവും കൂടുതല്‍ തല്ലു വാങ്ങിയത് ബാംഗ്ലൂര്‍ പരീക്ഷിച്ച അരങ്ങേറ്റ താരം പ്രയാസ് ബര്‍മ്മനാണ്. പതിനാറുകാരന്‍ നാല് ഓവറില്‍ വഴങ്ങിയത് 56 റണ്‍സ്. ചാഹല്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ ഉമേഷ് യാദവ് 47 റണ്‍സ് വിട്ടുകൊടുത്തു. നാല് ഓവറില്‍ 38 റണ്‍സ് മാത്രം നല്‍കിയ മുഹമ്മദ് സിറാജ് ആയിരുന്നു കൂട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.