ബാംഗ്ലൂരിനെ പഞ്ഞിക്കിട്ടു; ബൈര്‍‌സ്റ്റോയ്ക്കും വാര്‍ണറിനും സെഞ്ചുറി: ഹൈദരാബാദിന് വിജയലക്ഷ്യം 232 റണ്‍സ്
IPL 2019
ബാംഗ്ലൂരിനെ പഞ്ഞിക്കിട്ടു; ബൈര്‍‌സ്റ്റോയ്ക്കും വാര്‍ണറിനും സെഞ്ചുറി: ഹൈദരാബാദിന് വിജയലക്ഷ്യം 232 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 31st March 2019, 5:42 pm

ഹൈദരാബാദ്: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ഡേവിഡ് വാര്‍ണറും ജോണി ബൈര്‍‌സ്റ്റോയും നിറഞ്ഞാടിയ മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബാംഗ്ലൂരിന് ജയിക്കാന്‍ 232 റണ്‍സ് വേണം.

7 സിക്‌സും 12 ഫോറും ഉള്‍പ്പടെ 56 പന്തില്‍ നിന്നും 114 റണ്‍സാണ് ജോണി ബൈര്‍‌സ്റ്റോയുടെ സമ്പാദ്യമെങ്കില്‍ 5 സിക്‌സും 5 ഫോറും ഉള്‍പ്പടെ 55 പന്തില്‍ നിന്നും 100 റണ്‍സ് നേടിയാണ് വാര്‍ണര്‍ തന്റെ ഐപിഎല്ലിലെ ആധിപത്യം ഉറപ്പിച്ചത്. ബാംഗൂരിന്റെ ബൗളര്‍മാരെ തുടക്കം മുതലെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയ വാര്‍ണറും ബൈര്‍‌സ്റ്റോയും ചേര്‍ന്ന് ഹൈദരാബാദിന് നേടിക്കൊടുത്തത് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്.

സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ ആദ്യ ജയം തേടിയാണ് ബാംഗ്ലൂര്‍ എത്തിയത്. കെയിന്‍ വില്യംസണ് പകരം ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സിനെ നയിക്കുന്നത്.

ഇന്നത്തെ മത്സരത്തില്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം റോയല്‍ ചലഞ്ചേഴ്സിന്റെ പ്രയാസ് ബര്‍മന് സ്വന്തമാക്കി. 16 വയസും 157 ദിവസവും മാത്രമാണ് പ്രയാസിന് പ്രായം.

17 വയസും 11 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറിയ അഫ്ഗാന്‍ താരം മുജീബ് റഹ്മാന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. കിംഗ്സ് ഇലവന്‍ പഞ്ചാബിനായാണ് മുജീബ് അരങ്ങേറിയത്. വിസ്മയ താരം എന്നാണ് ടോസ് വേളയില്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കോലി പ്രയാസിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.

സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബൈര്‍‌സ്റ്റോ, മനീഷ് പാണ്ടേ, ദീപക് ഹൂഡ, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് നബി, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, വിരാട് കോഹ്‌ലി, മോയിന്‍ അലി, എബി ഡി വില്ലിയേഴ്‌സ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ശിവം ഡൂബേ, കോളിന്‍ ഡി ഗ്രാന്‍ഡോം, പ്രയാസ് ബര്‍മ്മന്‍, ഉമേഷ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ