'ബുംറയ്ക്ക് കൈക്കൂലി കൊടുക്കാന്‍ പോലും ശ്രമം നടന്നു'; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
Sports News
'ബുംറയ്ക്ക് കൈക്കൂലി കൊടുക്കാന്‍ പോലും ശ്രമം നടന്നു'; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th February 2022, 1:07 pm

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഒന്നാം ടി-20 മത്സരത്തില്‍ പന്തെറിയാന്‍ ഏറെ ആഗ്രഹിച്ചിരുന്നതായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍.

പന്തെറിയാനുള്ള അവസരത്തിനായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ബുംറയ്ക്ക് കൈക്കൂലി കൊടുക്കാന്‍ പോലും താന്‍ ശ്രമിച്ചെന്നും എന്നാല്‍ അതൊന്നും തന്നെ ഫലം കണ്ടില്ലെന്നും തമാശരൂപേണ അയ്യര്‍ പറയുന്നു.

‘ബൗള്‍ ചെയ്യാനുള്ള അവസരത്തിനായി ഞാന്‍ ശ്രമിച്ചിരുന്നു. 16ാം ഓവറിന് ശേഷം ആരൊക്കെ പന്തെറിയണമെന്ന് ക്യാപ്റ്റ്ന്‍ രോഹിത് ശര്‍മ ബുംറയോട് നിര്‍ദേശിച്ചിരുന്നു.

എനിക്ക് ബൗള്‍ ചെയ്യാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്നു. അവസരം ചോദിച്ച് ഞാന്‍ ബുംറയുടെ അടുക്കല്‍ ചെന്നിരുന്നു. അവസരമില്ല എന്ന പറഞ്ഞപ്പോള്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ വരെ ഞാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല,’ രസകരമായ അുഭവം ശ്രേയസ് അയ്യര്‍ പങ്കുവെച്ചു.

പതിനാറാം ഓവറിന് ശേഷം രോഹിത് കളം വിട്ടപ്പോല്‍ ബുംറയായിരുന്നു ടീമിനെ നയിച്ചിരുന്നത്. അപ്പോഴാണ് ശ്രേയസ് അവസരത്തിനായി ബുംറയ്ക്ക് ‘കൈക്കൂലി’ കൊടുക്കാന്‍ പോലും തയ്യാറായത്.

ഏഴ് ബൗളര്‍മാരായിരുന്നു കഴിഞ്ഞ കളിയില്‍ ഇന്ത്യക്കായി പന്തെറിഞ്ഞത്. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, വെങ്കിടേഷ് അയ്യര്‍, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞത്.

ദീപക് ഹൂഡയ്ക്കും വെങ്കിടേഷിനും ബൗള്‍ ചെയ്തപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20ക്ക് മുന്‍പ് നെറ്റ്‌സില്‍ ശ്രേയസ് ബൗളിങ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരെ ശ്രേയസ് അയ്യരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നാലെ രോഹിത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. മധ്യ ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന കളിക്കാരനെ കണ്ടെത്താനാണ് ശ്രമം എന്നായിരുന്നു ഇതിന് രോഹിത് നല്‍കിയ മറുപടി.

ധര്‍മശാലയില്‍ വെച്ചാണ് ഇന്ത്യ-ശ്രീലങ്ക പരമ്പയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ 62 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനുറച്ചാണ് ശനിയാഴ്ച കളത്തിലിറങ്ങുന്നത്.

ആദ്യ കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരമില്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ബാറ്റിംഗ് ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടീമിന്റെ വൈസ് ക്യാപറ്റന്‍ ജസ്പ്രീത് ബുംറയ്ക്ക വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുംറയ്ക്ക് പകരം ആവേശ് ഖാനോ സിറാജോ ടീമില്‍ ഉള്‍പ്പെട്ടേക്കും. രണ്ടാം മത്സരത്തില്‍ സ്പിന്‍ നിരയിലേക്ക് ദീപക് ഹൂഡയ്ക്ക് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്.

Content Highlight: Sreyas Iyer says he tried to bribr Bumrah to bowl in 1st T20 against Sri Lanka