ബിഗ് ബോസില്‍ നിന്നും ശ്രീശാന്ത് പുറത്തേക്ക്
Bollywood
ബിഗ് ബോസില്‍ നിന്നും ശ്രീശാന്ത് പുറത്തേക്ക്
ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 3:27 pm

സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസ് 12 ല്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് പുറത്തേക്ക്. മത്സരം തുടങ്ങി രണ്ട് ദിവസം മാത്രം തികയുമ്പോഴാണ് മത്സരത്തില്‍ നിന്നും ശ്രീശാന്ത് പടിയിറങ്ങാനൊരുങ്ങുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തുപോകുകയാണെന്ന് ശ്രീശാന്ത്അറിയിച്ചുകഴിഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീശാന്തിന് നല്‍കിയ ടാസ്‌ക് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ലെന്നും അതുകൊണ്ട് തന്നെ ബിഗ്‌ബോസിന് ആ ടാസ്‌ക് ക്യാന്‍സല്‍ ചെയ്യേണ്ടി വരികയുമായിരുന്നു. തുടര്‍ന്ന് മറ്റംഗങ്ങള്‍ ശ്രീശാന്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ താന്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ശ്രീശാന്ത് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

ടീമുകളായി തിരിഞ്ഞ് ഓരോ മത്സരാര്‍ത്ഥിയും ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളായിരിക്കാന്‍ തങ്ങള്‍ എന്തുകൊണ്ട് യോഗ്യരായി എന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ടാസ്‌ക്. മറ്റ് മത്സരാര്‍ത്ഥികള്‍ ഇവരെ ക്രോസ് ക്വസ്റ്റിയന്‍ ചെയ്യും. മോഡറേറ്ററുമുണ്ടാകും. എന്നാല്‍ ഈ ടാസ്‌ക് ചെയ്യാന്‍ ശ്രീശാന്ത് വിസ്സമതിക്കുകയായിരുന്നു.


‘വേണ്ട സമയത്ത് വിവാഹം കഴിക്കാത്തതിന്റെ കുഴപ്പമാണ്’; മമതയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍


“”ടാസ്‌ക് ആരംഭിച്ചപ്പോള്‍ തന്നെ ഒട്ടും താത്പര്യമില്ലാതെയാണ് ശ്രീശാന്ത് ഇരുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇരുന്ന ശ്രീശാന്തിനെ ടീം അംഗങ്ങള്‍ നിര്‍ബന്ധിച്ചിട്ടും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടും ഒരു വാക്കുപോലും ഉച്ചരിക്കാന്‍ ശ്രീശാന്ത് തയ്യാറായില്ല. തുടര്‍ന്ന് ബിഗ്‌ബോസ് ടാസ്‌ക് ക്യാന്‍സല്‍ ചെയ്തു. ശ്രീശാന്തിന്റെ നിലപാടില്‍ മോഡറേറ്റര്‍മാരായ ശില്‍പ ഷിന്‍ഡേയും കരണ്‍ പട്ടേലും ആശങ്ക പങ്കുവെക്കുകയും ചെയ്തു. “”

തങ്ങള്‍ക്കായി നല്‍കിയ ആദ്യ ടാസ്‌ക് തന്നെ ബിഗ്‌ബോസ് ക്യാന്‍സല്‍ ചെയ്തതിന്റെ വിഷമത്തിലാണ് മറ്റ് മത്സരാര്‍ത്ഥികള്‍. സംഭവത്തിന് പിന്നാലെ മത്സരാര്‍ത്ഥികളായ സബയും സോമിയും ശ്രീശാന്തുമായി കയര്‍ക്കുകയും ചെയ്തു.

മത്സരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദീപിക കക്കാറും കരണ്‍വീര്‍ ബൊഹ്‌റയും ശ്രീശാന്തിനെ മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെ താന്‍ ഷോയില്‍ നിന്നും പിന്‍മാറുകയാണെന്ന് ശ്രീശാന്ത് പ്രഖ്യാപിക്കുകയായിരുന്നു.

ഏതാനും ദിവസംകൊണ്ട് മാത്രം ആളുകളെ വിലയിരുത്താന്‍ തനിക്ക് സാധിക്കില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഇത്തരം ടാസ്‌കുകള്‍ മത്സരത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അത് കളിക്കാന്‍ അദ്ദേഹം തയ്യാറല്ലെന്നും മറ്റ് മത്സരാര്‍ത്ഥികളെ അദ്ദേഹം കുറ്റപ്പെടുത്തുകയാണെന്നും ബിഗ്‌ബോസ് വൃത്തങ്ങള്‍ പറയുന്നു.

ശ്രീശാന്തിന്റെ ബിഗ് ബോസ് എന്‍ട്രി ഏറെ ആവേശത്തോടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്തിരുന്നത്. പന്ത്രണ്ടാം സീസണില്‍ പതിനേഴ് മത്സരാര്‍ഥികളാണ് ബിഗ് ബോസില്‍ എത്തുന്നത്. കളിക്കളത്തിലും പുറത്തും വിവാദ നായകനായ ശ്രീശാന്തിന്റെ ബിഗ് ബോസ് ജീവിതം എങ്ങിനെയാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ശ്രീശാന്തിന് പുറമേ സിനിമാ താരങ്ങളായ ദീപിക കാകര്‍, അവതാരകനും നാഗകന്യക ഫേയിമുമായ കരണ്‍വീര്‍ ബൊഹ്‌റ, സീരിയല്‍ താരങ്ങളായ സൃഷ്ടി റോദെ, നേഹാ പെന്‍ഡ്‌സേ, ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയരായ അനൂപ് ജലോട്ടയും ജസ്ലീന്‍ മതരുവും, ഹരിയാനയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരായ റോമില്‍ ചൗധരി, നിര്‍മല്‍ സിങ് സുഹൃത്തുക്കളായ സൗരഭ് പട്ടേല്‍ ശിവാശിഷ് മിശ്ര, ഗായകനായ ദീപക് താക്കൂര്‍ അദ്ദേഹത്തിന്റെ ആരാധിക ഉര്‍വശി വാണി, സഹോദരിമാരായ സബാഖാനും സോമിഖാനും എന്നിവരാണ് പുതിയ ബിഗ് ബോസിലെ മത്സരാര്‍ഥികള്‍.

നൂറ് ദിവസം ബീച്ച് തീരം തീമായിട്ടുള്ള വീട്ടില്‍ 87 ക്യാമറകള്‍ക്ക് കീഴിലായിരിക്കും മത്സാരര്‍ത്ഥികള്‍ താമസിക്കേണ്ടത്. നിലവില്‍ മലയാളമടക്കം നിരവധി ഭാഷകളില്‍ ബിഗ് ബോസ് അരങ്ങേറുന്നുണ്ട്.