| Thursday, 23rd May 2013, 3:07 pm

ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന തെളിവുണ്ട്: അഭിഭാഷക

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയില്‍ അറസ്റ്റിലായ മലയാൡതാരം എസ് ശ്രീശാന്തിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് അഭിഭാഷക റബേക്ക ജോണ്‍.

ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങുമ്പോള്‍ ഈ വിവരങ്ങള്‍ കോടതിയെ അറിയിക്കും. []

ഒത്തുകളിയില്‍ പങ്കില്ലെന്നു ശ്രീശാന്ത് വ്യക്തമാക്കിയിട്ടുണ്ട്.  ശ്രീശാന്തിന്റെ പങ്ക് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ പൊലീസിന്റെ വാദങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്നു മനസിലാകുകയുള്ളു.  കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല.

ശ്രീശാന്തിനെതിരെ ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന ക്രിമനല്‍ വിശ്വാസവഞ്ചനാ കുറ്റം ചുമത്തിയതിനെ ശക്തമായി എതിര്‍ക്കുമെന്നും അഭിഭാഷക പറഞ്ഞു.

അതേസമയം ഐ.പി.എല്‍ മല്‍സരങ്ങളില്‍ ഒത്തു കളിക്കാന്‍ ശ്രീശാന്ത് കൂടുതല്‍ പണം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.  ഓരോ മല്‍സരത്തിനും 80 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

മൊഹാലിയിലെ മല്‍സരത്തിനു മുമ്പാണ് ശ്രീശാന്ത് കൂടുതല്‍ പണം ചോദിച്ചത്. എന്നാല്‍ കൂടുതല്‍ പണം നല്‍കാനാകില്ലെന്ന് വാതുവയ്പുകാര്‍ വ്യക്തമാക്കി.

മൊഹാലിയിലെ മല്‍സരത്തില്‍ വാതുവയ്പുകാര്‍ക്ക് നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീശാന്തും വാതുവയ്പുകാരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

മല്‍സരത്തില്‍ ശ്രീശാന്തിന്റെ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാമെന്നായിരുന്നു കരാര്‍. പക്ഷെ ശ്രീശാന്ത് വിട്ടുകൊടുത്തത് 13 റണ്‍സ് മാത്രമാണ്. ഇതേത്തുടര്‍ന്ന് ശ്രീശാന്തിനുള്ള 30 ലക്ഷം രൂപ നല്‍കില്ലെന്ന് വാതുവയ്പുകാര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് ശ്രീശാന്തും വാതുവയ്പുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ജിജുവും അമിത് സിങ്ങും പിന്നീട് പ്രശ്‌നം പരിഹരിച്ചെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

We use cookies to give you the best possible experience. Learn more