എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞു, പക്ഷെ ഞാന്‍ ഓര്‍ത്തത് ദ്രാവിഡിന്റെ ആ വാക്കുകള്‍ മാത്രം;. ലോകകപ്പ് ക്യാച്ചിനെ കുറിച്ച് ശ്രീശാന്ത്
Sports News
എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞു, പക്ഷെ ഞാന്‍ ഓര്‍ത്തത് ദ്രാവിഡിന്റെ ആ വാക്കുകള്‍ മാത്രം;. ലോകകപ്പ് ക്യാച്ചിനെ കുറിച്ച് ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th September 2022, 8:10 am

ആദ്യ ടി20 ലോകകപ്പ് നേടിയതിന്റെ ഓര്‍മകളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഇന്ത്യ പാകിസ്ഥാനെ നേരിട്ട ജോഹനാസ്‌ബെര്‍ഗിലെ ഫൈനല്‍ മാച്ച് ഒരിക്കലും മറക്കാനാകാത്ത മനോഹരനിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു.

ആ മാച്ചിലെ ഏറ്റവും ഐക്കോണിക്കായ മൊമന്റുകളിലൊന്നായിരുന്നു പാക് സൂപ്പര്‍താരം മിസ്ബഹ് ഉള്‍ ഹഖ് ബൗണ്ടറി നോക്കി പായിച്ച പന്ത് ശ്രീശാന്ത് ഇരു കൈകള്‍ക്കുള്ളിലൊതുക്കിയെടുത്ത ആ നിമിഷം. ലോകത്തെ ആദ്യ ടി20 ലോകകപ്പിലെ വിജയം ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ട നിമിഷമായിരുന്നു അത്.

ആ ക്യാച്ചെടുക്കുമ്പോള്‍ തന്റെ മനസിലെന്തായിരുന്നുവെന്ന് ഓര്‍ത്തെടുക്കുകയാണ് ശ്രീശാന്ത് ഇപ്പോള്‍. 2005ല്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ ഒരു ഉപദേശം മാത്രമാണ് അന്ന് മനസിലുണ്ടായിരുന്നതെന്നാണ് ശ്രീശാന്ത് പറയുന്നത്.

‘എന്റെ മനസില്‍ ആ സമയത്ത് എന്തായിരുന്നുവെന്ന് ആരും ഇതുവരെ ചോദിച്ചില്ലല്ലോയെന്ന് ഞാന്‍ ഇടക്ക് ആലോചിക്കാറുണ്ടായിരുന്നു. സത്യത്തില്‍ എന്റെ മനസ് ശൂന്യമായിരുന്നു. കംപ്ലീറ്റ്‌ലി ബ്ലാങ്ക് എന്ന് തന്നെ പറയാം.

ഏകാഗ്രതയുടെ ഏറ്റവും ഉയര്‍ന്ന തലമെന്ന് പറയുന്നത് മനസിനെ ശൂന്യമാക്കലാണെന്ന് രാഹുല്‍ ദ്രാവിഡ് എന്നോട് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തെങ്കിലും ഒരു കാര്യം നടത്തണമെന്ന് നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുകയാണെങ്കില്‍, മനസിനെ ശാന്തവും ശൂന്യവുമാക്കിയ ശേഷം വേണം എക്‌സിക്യൂട്ട് ചെയ്യാന്‍,’ ശ്രീശാന്ത് പറയുന്നു.

നിര്‍ണായകമായ ആ ക്യാച്ച് തനിക്ക് എടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു കുറെ പേര്‍ കരുതിയിരുന്നതെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ ക്യാച്ച് താനൊരിക്കലും വിട്ടുകളയില്ലായിരുന്നെന്നും കരിയറില്‍ അത്തരം ക്യാച്ചുകളൊന്നും മിസാക്കിയിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

‘ഞാന്‍ വളരെ ഫോക്കസ്ഡായിരുന്നു. നന്നായി ചെയ്യണമെന്ന് ഉറപ്പിച്ചിരിക്കുകയായിരുന്നു. മറ്റുള്ളവരുടെ വാക്കുകളെ എനിക്ക് നിയന്ത്രിക്കാനാവില്ല. പക്ഷെ ഒരു ക്രിക്കറ്ററെന്ന നിലയിലും കേരളത്തില്‍ നിന്നുള്ള ഒരാളെന്ന നിലയിലും ആ മാച്ച് കളിക്കാനായത് തന്നെ ഒരു അവസരമായിരുന്നു.

ആ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് ജീവിതത്തെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്. ഞാന്‍ ഒന്ന് തെന്നിപ്പോയിരുന്നുവെന്നത് ശരിയാണ്. പക്ഷെ അതൊക്കെ ഞാന്‍ തിരിച്ചുപിടിച്ചു. ആ ക്യാച്ച് എടുത്തപ്പോള്‍ ഞാന്‍ ദൈവത്തിന് നന്ദി പറഞ്ഞു.

കരിയറില്‍ നാലോ അഞ്ചോ ക്യാച്ചുകള്‍ മാത്രമായിരിക്കും ഞാന്‍ ഡ്രോപ് ചെയ്തിരിക്കുക. പക്ഷെ ആളുകള്‍ പലരും എന്നെകൊണ്ട് ആ ക്യാച്ചെടുക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. ആളുകള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകുമല്ലോ. എന്റെ മുന്നില്‍ പക്ഷെ മറ്റൊന്നുമുണ്ടായിരുന്നില്ല. ലോകകപ്പിന് വേണ്ടി ആ ക്യാച്ചെടുക്കണം എന്നതിനെ കുറിച്ച് മാത്രമേ ഞാനപ്പോള്‍ ആലോചിച്ചുള്ളു,’ ശ്രീശാന്ത് പറയുന്നു.

Content Highlight: Sreesanth about the iconic catch in 2007 T20 world cup match