വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമില്ല: മറുപടിയുമായി സ്പീക്കര്‍
Kerala
വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമില്ല: മറുപടിയുമായി സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 2:21 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ലെന്നും എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും  പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം സ്പീക്കര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു.

ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്.

തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണന്റെ ഓഫീസ് പ്രതികരിച്ചിരുന്നു.

ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ