ശ്രീനാഥ് ഭാസി അറസ്റ്റില്‍
Kerala News
ശ്രീനാഥ് ഭാസി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th September 2022, 3:45 pm

കൊച്ചി: അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ചോദ്യം ചെയ്യലിന് വേണ്ടി കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ നടന്‍ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഐ.പി.സി 509, 354(എ), 294 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

നേരത്തെ പൊലീസിന് മുമ്പില്‍ ഹാജരാകാന്‍ സമയം നീട്ടി നല്‍കണമെന്ന് നടന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് നടന്‍ സ്റ്റേഷനില്‍ ഹാജരായത്.

ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ്  ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി. ഓണ്‍ലൈന്‍ ചാനലിലെ അവതാരകയാണ് പരാതി നല്‍കിയത്.

വനിത കമ്മീഷനിലും പൊലീസിനുമാണ് യുവതി പരാതി നല്‍കിയിരുന്നത്. നടന്‍ പരസ്യമായി അപമാനിച്ചെന്നും അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷാപ്രയോഗങ്ങള്‍ നടത്തിയതെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോടും നടന്‍ മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്. പരസ്യമായിസ്ത്രീത്വത്തെ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Sreenath Bhasi arrested