പൂഞ്ഞാറ്റിലെ വിഷമാലിന്യത്തിന്റെ കെമിക്കല്‍ ഫോര്‍മുല
DISCOURSE
പൂഞ്ഞാറ്റിലെ വിഷമാലിന്യത്തിന്റെ കെമിക്കല്‍ ഫോര്‍മുല
ശ്രീജിത്ത് ദിവാകരന്‍
Tuesday, 3rd May 2022, 5:56 pm
വിവാദമുണ്ടാക്കുമെന്നും അതുകൊണ്ട് പ്രചാരമുണ്ടാകുമെന്നും മാത്രം ലക്ഷ്യം വെച്ച് കായികമത്സരങ്ങളുടെ മുതല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വരെ പ്രതികരണം ചാനലുകാര്‍ പി.സി. ജോര്‍ജിനോട് ചോദിച്ചു. അയാള്‍ വായില്‍ തോന്നിയത് പറയുന്നതെല്ലാം എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിച്ചു. എല്ലാക്കാലത്തും മുഖ്യധാരയുടെ ഭാഗമായി, നിരന്തര വിസിബിലിറ്റിയോടെ യാതൊരു രാഷ്ട്രീയ ഉള്‍ക്കരുത്തുമില്ലാത്ത ഒരു ആണ്‍പോരിമയെ നിലനിര്‍ത്തി. അതാണ് യാതൊരു ലജ്ജയുമില്ലാതെ, മതവിദ്വേഷത്തിന്റെ പുതിയ പ്രചാരണരീതിയായി ഇപ്പോള്‍ സമൂഹത്തെ മലിനപ്പെടുത്തുന്നത്...

ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മത/വിശ്വാസ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം സമാധാനപരമായ സഹവര്‍ത്തിത്വമാണ്. ലോകത്തെവിടെയും ഏകമതരാഷ്ട്രത്തിന്റെ അധീശത്വത്തില്‍ വിശ്വസിക്കുന്നവരുടെ ഏറ്റവും വലിയ എതിര്‍പ്പും ഈ സഹോദര്യ സഹവര്‍ത്തിത്വത്തോടാണ്.

അത്തരമൊരു സാഹോദര്യത്തെ തകര്‍ക്കുന്നതിനുള്ള ആയുധം വിദ്വേഷത്തിന്റെ പ്രചരണമാണെന്ന് ചരിത്രാതീതകാലം മുതല്‍ വ്യക്തവുമാണ്. അതുകൊണ്ട് തന്നെ മുസോളിനിയുടെ കരിങ്കുപ്പായക്കാരും ഹിറ്റ്ലറുടെ യങ്നാസികളും മുതല്‍ ഹിന്ദുഫാഷിസ്റ്റുകള്‍ വരെ ഏറ്റവും വലിയ ആയുധമായി വിദ്വേഷത്തെ ഉപയോഗിച്ചു. അതിരൂക്ഷമായ ദുര്‍ഗന്ധം പോലെ, പൊതുസദസിലെ അശ്ലീലപ്രകടനങ്ങള്‍ പോലെ, കുടിവെള്ളത്തില്‍ പടരുന്ന മാലിന്യം പോലെ അത് എളുപ്പത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. ജുഗുപ്സാവഹമായ ഒരു ആകര്‍ഷകത്വം.

ഇന്ത്യന്‍ ലോ കമ്മീഷന്റെ 267ാം റിപ്പോര്‍ട്ടില്‍ ‘വിദ്വേഷ പ്രചരണ’ത്തെ ഇങ്ങനെയാണ് വിശദീകരിക്കുന്നത്;

വംശം, വര്‍ഗം, ലിംഗപദവി, ലൈംഗികചായ്‌വ്, മതപരമായ വിശ്വാസം, താല്‍പര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരുകൂട്ടം മനുഷ്യര്‍ക്കെതിരെ വെറുപ്പ് സൃഷ്ടിക്കാനുള്ള ആഹ്വാനങ്ങളെ പൊതുവായി വിദ്വേഷ പ്രസംഗമെന്ന് പറയാം. ഭീതിയും ആപദ്ഭയവും സൃഷ്ടിക്കുന്ന തരത്തിലോ ആക്രമണം നടത്താനുള്ള ആഹ്വാനം നടത്തുന്നതോ ആയ വാക്കുകള്‍ ആരെയാണോ ലക്ഷ്യം വയ്ക്കുന്നത്, അവരുടെ കാഴ്ചയിലോ അറിവിലോ കേള്‍വിയിലോ പെടുന്ന തരത്തില്‍ എഴുതുകയോ പറയുകയോ ധ്വനിപ്പിക്കുകയോ ചെയ്യുന്നത് വിദ്വേഷ പ്രസംഗമാണ്.

ഈ വിശദീകരണത്തിന്റെ പരിധിയില്‍, ഇന്ത്യന്‍ ഹിന്ദുത്വ ഭീകരത കഴിഞ്ഞ നൂറു കൊല്ലമായി ദൈനംദിനമെന്നോണം നടത്തുന്ന പ്രഭാഷണങ്ങളെല്ലാം വരും.

2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ സബര്‍മതി എക്സ്പ്രസിന്റെ ബോഗികളിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകളുടെ 59 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ, സംസ്ഥാനത്തെ ഏറ്റവും പ്രചാരമുള്ള പത്രമായ ‘സന്ദേശി’ന്റെ തലക്കെട്ട് ‘ചോരക്ക് ചോര’ അഥവാ ‘ഖൂന്‍ കാ ബദ്‌ലാ ഖൂന്‍’ എന്നായിരുന്നു.

സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു ദിനപത്രം മുതല്‍, സംസ്ഥാനത്തെ ഹൈന്ദവ രാഷ്ട്രീയത്തിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും കൊലവിളികളും വിദ്വേഷ പ്രസംഗങ്ങളും നടത്തി. ‘മുസല്‍മാന്‍ കോ ഏക് ഹേ സ്ഥാന്‍, പാകിസ്ഥാന്‍ യാ ഖബര്‍സ്ഥാന്‍’ എന്ന് സംസ്ഥാനം മുഴുവന്‍ അലയടിച്ചു. ആയിരക്കണക്കിന് മുസ്‌ലിങ്ങളെ കൊന്നൊടുക്കിയ വംശഹത്യയിലേക്ക്, ഇന്ത്യന്‍ മതേതരത്വത്തിനുണ്ടായ ഏറ്റവും ആഴമേറിയ മുറിവിലേക്കാണ് ആ വിദ്വേഷ പ്രസംഗങ്ങള്‍ നയിച്ചത്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നരേന്ദ്ര മോദി ആ മരണങ്ങളെ ‘വാഹനങ്ങള്‍ക്കടിയില്‍ പെട്ട് നായ്ക്കുഞ്ഞുങ്ങള്‍ മരിച്ചുപോകുന്നതി’നോടാണ് ഉപമിച്ചത്. ആ ഉപമ സൃഷ്ടിച്ചത് വിദ്വേഷമാണ്. പക്ഷേ ഉപമയിലൂടെ, വിദ്വേഷത്തിന്റെ വിഷം വമിപ്പിച്ചയാള്‍ക്ക് ലഭിച്ചത് വീര പരിവേഷമാണ്. രാജ്യത്തെ ഏറ്റവും അനിഷേധ്യനായ നേതാവാകുന്നതിലേക്ക് കറകളഞ്ഞ, നൂറ് ശതമാനം മാരകമായ വിദ്വേഷത്തിന്റെ തുടര്‍ച്ചയായ പ്രചാരണം സഹായിച്ചു.

അത് തീര്‍ച്ചയായും ആദ്യത്തെ സംഭവമല്ല. ‘കോയി ബഡാ പേട് ഗിര്‍താ ഹേ തോ, ധര്‍ത്തീ തോടി ഹില്‍തി ഹേ’ അഥവാ വന്‍മരമൊന്നു വീണാല്‍ മണ്‍തലമൊട്ടു കുലുങ്ങുന്നത് സ്വഭാവികമാണ്, എന്ന് പറഞ്ഞത് ഇന്ത്യയിലെ പ്രധാനമന്ത്രിയാണ്- രാജീവ് ഗാന്ധി.  ആയിരക്കണക്കിന് സിഖ് വംശജരെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തും കോണ്‍ഗ്രസ് പ്രവര്‍ത്തരെന്ന് വിളിക്കപ്പെട്ട ക്രിമിനല്‍ സംഘം ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പ്രതികാരം നിര്‍വഹിക്കുന്നതിനെകുറിച്ചുള്ള പ്രതികരണമായിരുന്നു അത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയും കോണ്‍ഗ്രസും ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എണ്‍പതുകളുടെ രണ്ടാം പകുതി മുതല്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാമജന്മഭൂമി പ്രക്ഷോഭമെന്നത് ഇന്ത്യയിലുടനീളം വിദ്വേഷത്തിന്റെ വിത്തുകള്‍ പാകലായിരുന്നു. ഈ വിദ്വേഷ വിത്തുകള്‍ വിഷവൃക്ഷങ്ങളായി പടര്‍ന്ന് പന്തലിച്ചു, വെറുപ്പിന്റെ രഥമുരുണ്ട വഴികളിലൊക്കെ കലാപങ്ങളുണ്ടായി. ആ തേരോട്ടവഴികളിലെ ചോരയിലും മാംസത്തിലുമാണ്, മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിച്ച വന്‍മതിലുകളിലൂടെയാണ് ഇന്നീ കാണുന്ന തരത്തില്‍ സംഘപരിവാര്‍ വളര്‍ന്നത് തന്നെ.

1992ല്‍ ‘യേ തോ കേവല്‍ ഛാകി ഹേ, കാശി മഥുരാ ബാക്കി ഹേ’ എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട്, അക്രമാസക്തരായി ബാബ്‌രി പള്ളിയുടെ മകുടങ്ങള്‍ തകര്‍ത്തെറിഞ്ഞ കര്‍സേവകരെന്ന തീവ്രവാദി സംഘത്തിലെ ഒരംഗം മാത്രമായിരുന്ന അജയ്‌സിംഗ് ബിഷ്ട് എന്ന കൗമാരപ്രായക്കാരനാണ് 2022 ആകുമ്പോള്‍ ഇന്ത്യയിലെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ബോയ് ആയി അറിയപ്പെടുന്ന യോഗി ആദിത്യനാഥ് ആയി മാറിയത്. ലാല്‍കൃഷ്ണ അദ്വാനിയും നരേന്ദ്ര മോദിയും കൂടി പറയാന്‍ അറക്കുന്നതും ഭയക്കുന്നതുമായ വിദ്വേഷത്തിന്റെ പ്രചരണം യോഗി ആദിത്യനാഥ് നടത്തി.

മുസ്‌ലിം സ്ത്രീകളെ ഖബറിസ്ഥാനില്‍ നിന്ന് കുഴിച്ചെടുത്തും ബലാത്സംഗം ചെയ്യണമെന്ന് അക്കാലത്ത് എം.പിയായിരുന്ന ആദിത്യനാഥിന്റെ മുന്നിലിരുന്നാണ് അനുയായിയായ ഒരാള്‍ ആഹ്വാനം ചെയ്തത്. ആദിത്യനാഥ് തന്നെ എത്രയോ വട്ടം ഇതിലും രൂക്ഷമായ ഭാഷയില്‍ വെറുപ്പിന്റെ പ്രചരണം നടത്തി.

ആദിത്യനാഥിന്റെ ഗുരുവും ഗൊരഖ്നാഥ് മഠത്തിന്റെ മുന്‍ അധിപതിയുമായ മഹന്ത് അവൈദ്യനാഥും അയാളുടെ ഗുരു മഹന്ത് ദിഗ്‌വിജയ് നാഥും ഇത്തരത്തില്‍ തന്നെ വിദ്വേഷ പ്രചരണങ്ങളുടെ പേരില്‍ കുപ്രസിദ്ധരായിരുന്നവരാണ്. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ആദ്യം വിദ്വേഷ പ്രചരണങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആളുകളിലൊരാളാണ് ദിഗ്‌വിജയ് നാഥ്. മുസ്‌ലിങ്ങളുടെ പക്ഷം ചേരുന്ന ഗാന്ധിയെ വധിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് ദിഗ്‌വിജയ് നാഥ് എന്ന ഹിന്ദുമഹാസഭക്കാരനായ ഹൈന്ദവ തീവ്രവാദി നടത്തിയത്. സ്വതന്ത്രേന്ത്യയുടെ ആദ്യവര്‍ഷങ്ങളില്‍ ഹിന്ദു തീവ്രവാദത്തിന്റെ പ്രചാരകര്‍ ഈ വിദ്വേഷ പ്രസംഗമാര്‍ഗം ഉപയോഗിക്കുന്നത് നമുക്ക് കാണാം.

ദിഗ്‌വിജയ് നാഥ്

വി.ഡി സവര്‍ക്കറുടെ ഈ മുസ്‌ലിം വിദ്വേഷ മാര്‍ഗം പിന്തുടര്‍ന്ന, സംഘപരിവാറിന്റെ രണ്ടാം മേധാവിയായിരുന്ന എം.എസ്. ഗോള്‍വാള്‍ക്കറായിരുന്നു ഇതില്‍ പ്രധാനി. ഹിന്ദുക്കളുടെ രക്തമൊഴുക്കുന്നത് നമുക്കിഷ്ടമുള്ള കാര്യമല്ലെങ്കിലും നമ്മുടെ മാര്‍ഗത്തിന് തടസമായി നില്‍ക്കുന്നവരെ തുടച്ച് മാറ്റിയ ചരിത്രമേ നമുക്കുള്ളൂവെന്ന് ഗാന്ധിജിക്കെതിരെ ഗോള്‍വാള്‍ക്കര്‍ ദല്‍ഹിയില്‍ പ്രസംഗിച്ച് അധികം വൈകാതെയാണ് ഹിന്ദുഭീകരര്‍ ഗൂഢാലോചന നടത്തി ഗാന്ധിജിയെ വധിക്കുന്നത്.

എം.എസ്. ഗോള്‍വാള്‍ക്കര്‍

ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റുമെന്ന വെല്ലുവിളിയും അതിനായി പ്രവര്‍ത്തിക്കാനുള്ള ഇവരുടെ ആഹ്വാനവും ഇതേ തലത്തില്‍ മതവിദ്വേഷ പ്രചരണമായി, ഇന്ത്യാ മഹാരാജ്യത്തെയും അതിന്റെ ഭരണഘടനയേയും അടിസ്ഥാന മൂല്യമായ മതേതരത്വത്തേയും വെല്ലുവിളിച്ചുകൊണ്ടിരുന്നു.

ഗാന്ധി വധത്തിന് ശേഷം കൂടുതല്‍ തന്ത്രപരമായി വിദ്വേഷ പ്രചരണം നടത്തിയ ഈ സംഘം ബാബ്‌രി പള്ളിയുടെ വിധ്വംസന വേളയിലും തുടര്‍ന്നുള്ള ‘ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ’ എന്ന പ്രചരണത്തിനും ശേഷം രാജ്യം മുഴുവന്‍ ഈ വെറുപ്പ് വ്യാപിപ്പിച്ചു. ഗുജറാത്ത് വംശഹത്യാനന്തര കാലത്ത് ബി.ജെ.പിക്ക് ദേശീയ തലത്തില്‍ തിരിച്ചടി ലഭിച്ച പത്തുവര്‍ഷങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് പലയിടത്തും കലാപങ്ങളും മതവിദ്വേഷവും നടത്തി.

2014ല്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസ് താല്‍പര്യവും രാജ്യത്ത് അധികാരമേറിയ ശേഷം അറസ്റ്റിനേയും നിയമവ്യവസ്ഥിതിയേയും വെല്ലുവിളിച്ച് നടത്തിയിരുന്ന ഈ വിദ്വേഷ പ്രചരണം സര്‍വസാധാരണമായ പ്രസംഗശൈലിയായി. കാഷായ വേഷം ധരിച്ച, പല ഹൈന്ദവ സ്ഥാപനങ്ങളുടേയും ചുമതല വഹിക്കുന്ന സന്യാസിമാരും സന്യാസിനിമാരും ഒരു മറയുമില്ലാതെ വംശഹത്യക്കും മുസ്‌ലിം ഉന്മൂലനത്തിനും ആഹ്വാനം നല്‍കി.

ഈ കാലത്താണ് കേരളത്തിലും ബി.ജെ.പി നേതാക്കളുടെ ഭാഷയ്ക്കും സ്വഭാവത്തിനും വ്യത്യാസം വരുന്നത്. കശ്മീര്‍ മുസ്‌ലിങ്ങളെ മുഴുവന്‍ കൊന്നൊടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് ടെലിവിഷന്‍ ചാനലുകള്‍ അവരുടെ പ്രൈംടൈമില്‍ സ്റ്റുഡിയോകളില്‍ സീറ്റുകള്‍ നല്‍കി, ലൈവായി എന്തും വിളിച്ചുപറയാന്‍ അനുവാദം നല്‍കി. കൂടുതല്‍ വിദ്വേഷം വമിപ്പിക്കുന്നവര്‍, കേട്ടാലറക്കുന്നതും ഭയക്കുന്നതുമായ ഭാഷ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ മെച്ചപ്പെട്ടവരും സ്വീകാര്യരുമായ നേതാക്കളായി മാറി. ഈ ഗണങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ പേരെത്തി. സാമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും കൂടുതല്‍ കൂടുതല്‍ അക്രമാസക്തമായ പ്രയോഗങ്ങളും വെല്ലുവിളികളും വന്നു.

ഇതുതന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യവും. ഒരോ ചുവട് മുന്നേറുമ്പോഴും ഇന്ത്യന്‍ ഭരണഘടനക്ക് ഓരോ അടികൂടി നല്‍കാനാകുമെന്ന് അവര്‍ക്കറിയാം. ബാബ്‌രി പള്ളി കര്‍സേവകര്‍ പൊളിക്കുമ്പോള്‍ എല്‍.കെ. അദ്വാനിയുടെ വിവാദപരമായ ആഹ്വാനം ‘ഏക് ധക്കാ ഓര്‍ ദോ, ബാബ്രി മസ്ജിദ് തോട് ദോ’ (ഒന്നു കൂടി ആഞ്ഞടിക്കൂ, ബാബ്‌രി പള്ളി തകര്‍ക്കൂ) എന്നായിരുന്നുവത്രേ.

എല്‍.കെ. അദ്വാനി

2018-19 കാലത്ത് ദല്‍ഹിയില്‍ കലാപമുണ്ടാക്കിയ സംഘപരിവാറുകാരും ഇതാവര്‍ത്തിച്ചു. ‘ഏക് ധക്കാ ഓര്‍ ദോ, ജമാ മസ്ജിദ് തോട് ദോ’ എന്ന്. ദല്‍ഹി ജമാ പള്ളി അവര്‍ക്ക് തകര്‍ക്കാനായിട്ടില്ല. പക്ഷേ ശ്രമം തുടരും. ഇന്ത്യന്‍ ഭരണഘടനയും അവര്‍ക്ക് തകര്‍ക്കാനായിട്ടില്ല, പക്ഷേ ശ്രമം തടരും.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി സംഗമിച്ച സന്യാസി സഭക്കാരുടെ കലാപ/വംശഹത്യാഹ്വാനമാകട്ടെ, രാജ്യതലസ്ഥാനത്തിന്റെ ഹൃദയത്തില്‍, ജന്തര്‍മന്തറില്‍, പ്രകടനം നടത്തി വിളിച്ചുപറഞ്ഞ അപരാധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാകട്ടെ, കുറ്റകൃത്യം ചെയ്തവര്‍ക്ക് കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിക്കൊടുക്കുകയാണ് ചെയ്തത്. അത് തന്നെയാണ് പൂഞ്ഞാറിലെ ദുര്‍ഗന്ധവാഹിനിയില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന വിഷഗന്ധത്തിന്റെ പ്രതീക്ഷയും. ഈ വിഷത്തിന്റെ രാസവാക്യം നാഗ്പൂരിലും ന്യൂദല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലും രൂപപ്പെടുന്നതാണെന്നും അതിന്റെ ദുര്‍ഗന്ധത്തിലും വിഷവീര്യത്തിനും അംഗീകാരമേ ഉണ്ടാവുകയുള്ളൂവെന്നുമായിരിക്കും പ്രതീക്ഷ.

ആണഹന്തകളായി ആവര്‍ത്തിക്കപ്പെടുന്ന വൃത്തികേടുകളും ധാര്‍ഷ്ട്യങ്ങളും തുടര്‍ച്ചയായി അംഗീകരിക്കപ്പെടുകയും ആദരവ് കലര്‍ന്ന ചിരിയോടെ സ്വഭാവികമാക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷം കേരളത്തിലുമുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരേയും പൊലീസുകാരേയും ജനപ്രതിനിധികളേയും ഒട്ടനവിധി സത്രീകളേയും അപമാനിച്ചുകൊണ്ടും അവഹേളിച്ചുകൊണ്ടുമാണ് ‘എന്തിനും പോന്നവനെന്ന’ ആണഹന്ത ലേബല്‍ പി.സി. ജോര്‍ജ് നേടിയെടുത്തത്. ഈരാട്ടുപേട്ടയിലെ മുസ്‌ലിം ജനവിഭാഗങ്ങളുടെ പിന്തുണ വാങ്ങി തുടര്‍ച്ചയായി നിയമസഭയിലെത്തി ചീഫ് വിപ്പെന്ന കാബിനറ്റ് പദവി വരെ നേടുകയും ടെലിവിഷന്‍ ചാനലുകള്‍ മുതല്‍ നിയമസഭക്കുള്ളില്‍ വരെ ധാര്‍ഷ്ട്യപ്രകടനം തുടരുകയും ചെയ്തു.

ഇതാകട്ടെ മാധ്യമങ്ങളും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ചും പോന്നു. വിവാദമുണ്ടാക്കുമെന്നും അതുകൊണ്ട് പ്രചാരമുണ്ടാകുമെന്നും മാത്രം ലക്ഷ്യം വെച്ച് കായികമത്സരങ്ങളുടെ മുതല്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വരെ പ്രതികരണം ചാനലുകാര്‍ പി.സി. ജോര്‍ജിനോട് ചോദിച്ചു. അയാള്‍ വായില്‍ തോന്നിയത് പറയുന്നതെല്ലാം എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിച്ചു. എല്ലാക്കാലത്തും മുഖ്യധാരയുടെ ഭാഗമായി, നിരന്തര വിസിബിലിറ്റിയോടെ യാതൊരു രാഷ്ട്രീയ ഉള്‍ക്കരുത്തുമില്ലാത്ത ഒരു ആണ്‍പോരിമയെ നിലനിര്‍ത്തി. അതാണ് യാതൊരു ലജ്ജയുമില്ലാതെ, മതവിദ്വേഷത്തിന്റെ പുതിയ പ്രചാരണരീതിയായി ഇപ്പോള്‍ സമൂഹത്തെ മലിനപ്പെടുത്തുന്നത്.

2021ല്‍ ആദ്യത്തെ ആറുമാസങ്ങളില്‍ മാത്രം മുന്നൂറിലധികം തവണ പള്ളികള്‍ക്കും ക്രിസ്ത്യന്‍ സമൂഹത്തിനും നേരെ ഹിന്ദു തീവ്രവാദികളുടെ ആക്രമണമുണ്ടായി എന്നാണ് കണക്ക്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ മിഷണറിമാരുടെ മതംമാറ്റ ശ്രമങ്ങളെ കുറിച്ചാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയില്‍ വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നും അത് ക്രിസ്തീയതയുടെ പ്രചരണം മൂലമാണെന്നും മതംമാറ്റം തന്നെ അതുകൊണ്ട് തടയണമെന്നും അവര്‍ പറയുന്നു.

ആര്‍.എസ്.എസ് നൂറുവര്‍ഷമായി ഘോരഘോരം എതിര്‍ക്കുന്ന അഞ്ച് എമ്മുകളില്‍ മുന്നിലുള്ളത് മുസ്‌ലിം അല്ല, മിഷണറിയാണ്. മാര്‍ക്സിസം, മെക്കാളയിസം അഥവാ ഇംഗ്ലീഷ് വിദ്യാഭ്യാസം, മിഷണറീസ്, മെറ്റീരിയലിസം, മുസ്‌ലിം തീവ്രവാദം എന്നിങ്ങനെയാണ് അവരുടെ എതിര്‍പ്പിന്റെ ക്രമം.

ജീവിതകാലം മുഴുവന്‍ യേശുവിന്റെ മാര്‍ഗത്തിലും പാവപ്പെട്ട മനുഷ്യരുടെ അവകാശങ്ങളുടെ മാര്‍ഗത്തിലും സഞ്ചരിച്ച ഫാ. സ്റ്റാന്‍ സ്വാമിയെന്ന വൈദികനെ സംഘപരിവാര്‍ ഭരണകൂടം ജയിലിലടച്ച്, പ്രാഥമിക ചികിത്സ നിഷേധിച്ച് കൊന്നുകളഞ്ഞത് അദ്ദേഹം കോര്‍പറേറ്റുകള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ചത് കൊണ്ട് മാത്രമല്ല, ആദിവാസി സമൂഹത്തെ ഹൈന്ദവവത്കരിക്കുന്നതിന് സ്റ്റാന്‍ സ്വാമി തടസമാണെന്ന് കണ്ടതുകൊണ്ട് കൂടിയാണ്.

ഫാ. സ്റ്റാന്‍ സ്വാമി

അതുകൊണ്ട് തന്നെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയിലല്ല, നാഗ്പൂരിലെ വിഷവിതരണ കേന്ദ്രത്തിന്റെ പുതിയ പ്രചാരകന്‍ എന്ന നിലയില്‍ മാത്രമാണ് പി.സി ജോര്‍ജ് മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. അയാള്‍ക്ക് പിന്തുണയായി ചെല്ലുന്ന പുരോഹിതര്‍, അധികാര വര്‍ഗത്തെ മാത്രമാണ്, ക്രിസ്ത്യന്‍ സമൂഹത്തെ അല്ല പ്രതിനിധീകരിക്കുന്നത്.

പക്ഷേ കൂടുതല്‍ അശ്ലീലവും കൂടുതല്‍ അക്രമാസക്തവും കൂടുതല്‍ വെറുപ്പുള്ളതും സമൂഹത്തെ കൂടുതല്‍ ദുര്‍ഗന്ധപൂരിതവും വിഷമയവും ആക്കുന്നതുമായ കാര്യമാണ്, ഏത് വിദ്വേഷ പ്രചാരകരും ഇന്ത്യയിലെ ഹൈന്ദവ തീവ്രവാദികളുടെ കണ്ണില്‍ മെച്ചപ്പെട്ട, അംഗീകാരം അര്‍ഹിക്കുന്ന പുതുസാധ്യതകളാണ്, എന്നത്. അതുകൊണ്ടാണ് കേരളസമൂഹത്തിന് ദോഷം മാത്രം ചെയ്യുന്നതില്‍ ബദ്ധശ്രദ്ധനായ കേന്ദ്രമന്ത്രി ഈ ആഭാസത്തരത്തിന് കുടപിടിക്കാന്‍ പാഞ്ഞെത്തിയത്.

രക്തം രക്തത്തെ കണ്ടുമുട്ടുമ്പോഴുള്ള ആനന്ദാതിരേകമായിരുന്നു ആ കാഴ്ച. ബ്രദര്‍ഹുഡിന്റെ, ബ്രോ കോഡിന്റെ സവിശേഷമായ ജനിതകബന്ധം. കൂടുതല്‍ മലിനമായ ഒരിരുള്‍കാലത്തിലൂടെ വേണം നമുക്ക് കടന്നുപോകാന്‍ എന്നുള്ള ഓര്‍മ്മിപ്പിക്കല്‍ കൂടിയാണത്.

Content Highlight: Sreejith Divakaran writes about the politics of hate speech in India in the backdrop of PC George’s anti Muslim comments

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.