സംവരണം നടപ്പിലാകുമെന്ന വാഗ്ദാനം കാറ്റില്‍ പറത്തി ശ്രീചിത്ര സ്‌കൂള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സിലെ നിയമന വിജ്ഞാപനം
Dalit Life and Struggle
സംവരണം നടപ്പിലാകുമെന്ന വാഗ്ദാനം കാറ്റില്‍ പറത്തി ശ്രീചിത്ര സ്‌കൂള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സിലെ നിയമന വിജ്ഞാപനം
റെന്‍സ ഇഖ്ബാല്‍
Friday, 6th April 2018, 2:19 pm

തിരുവനന്തപുരം: ശ്രീചിത്ര സ്‌കൂള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കുന്നതായി ആരോപണം. നിയമനങ്ങളില്‍ സംവരണം പാലിക്കുമെന്ന ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉറപ്പാണാണിവിടെ ലംഘിക്കപ്പെടുന്നത്. ഏപ്രില്‍ 2നാണ് നിയമന വിജ്ഞാപനം പുറത്തിറക്കിയത്.

പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, എഞ്ചിനിയര്‍, സയന്റിസ്റ്റ്, ലക്ചറര്‍ ഇന്‍ നഴ്‌സിംഗ്, രജിസ്ട്രാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍, സീനിയര്‍ മെഡിക്കല്‍ റിക്കോര്‍ഡ്‌സ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, സീനിയര്‍ പര്‍ച്ചേയ്‌സ് ആന്‍ഡ് സ്റ്റോഴ്‌സ് ഓഫീസര്‍ എന്നീ തസ്തികകളിലാണ് ശ്രീചിത്രയില്‍ പുതിയ നിയമനം. എഞ്ചിനീയര്‍ – മെഡിക്കല്‍ ഇന്‍സ്ട്രുമെന്റഷന്‍ എന്ന ഒരു തസ്തികയിലേക്ക് മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം നിശ്ചിത ശതമാനം സംവരണം ഈ നിയമനങ്ങളില്‍ പാലിക്കേണ്ടതാണ്. എന്നാല്‍ ഗവേഷണ സംബന്ധമായിട്ടുള്ള ഉയര്‍ന്ന തസ്തികകളിലേക്ക് സംവരണം വേണ്ടതില്ല എന്നാണ് ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. 1980ലാണ് ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ അനുസരിച്ചുള്ള സംവരണം ഇവിടെ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.

36 തസ്തികകളിലേക്ക് ശ്രീചിത്ര സ്‌കൂള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ഓണ്‍ലൈന്‍ വഴി ക്ഷണിച്ച അപേക്ഷകളില്‍ ഒന്ന് മാത്രമാണ് ഒ.ബി.സി വിഭാഗത്തിന് നീക്കിവച്ചിരിക്കുന്നത്. 35 എണ്ണവും പൊതുവിഭാഗത്തിലാണ്. ഇത് അവരുടെ ശ്രദ്ധയില്‍െപ്പടുത്താനായി പട്ടികജാതി ക്ഷേമസമിതി, സമരങ്ങള്‍ നടത്തുകയും മാര്‍ച്ച് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ശ്രീചിത്ര സ്‌കൂള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് പട്ടികജാതി ക്ഷേമ സമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചു.

ഈ ചര്‍ച്ചയില്‍ ബാക്ക് ലോഗ് പൂര്‍ത്തിയാക്കാം, താത്കാലിക തസ്തികകളിലടക്കം സംവരണം പൂര്‍ണമായി പാലിക്കാം എന്ന് ശ്രീചിത്ര സ്‌കൂള്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് വാഗ്ദാനം നല്‍കി. എന്നാല്‍ അതിനു ശേഷവും സംവരണമില്ലാത്ത നിയമനങ്ങള്‍ തുടരുന്നു. ഇപ്പോള്‍ വന്ന വിജ്ഞാപനത്തില്‍ 36 തസ്തികകളില്‍ ഒന്നിന് മാത്രമാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കെ. സോമപ്രസാദ്

ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിയമനങ്ങളില്‍ സംവരണം പാലിക്കുമെന്ന അധികൃതരുടെ നല്‍കിയ ഉറപ്പ് പാഴ്‌വാക്കാവുകയണ്. പട്ടിക വിഭാഗക്കാര്‍ അപേക്ഷാ ഫീസ് കൊടുക്കേണ്ട. ഇന്റര്‍വ്യൂവിന്റെ യാത്രാച്ചെലവും അവര്‍ക്ക് നല്‍കും എന്നതിലപ്പുറം ആനുകൂല്യങ്ങളൊന്നും തന്നെ അവര്‍ക്കു വേണ്ടി മാറ്റിവെച്ചിട്ടില്ല.

ശ്രീചിത്രയിലെ നിലവിലെ നിയമനങ്ങളില്‍ സംവരണം പാലിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം. ശ്രീചിത്രയ്ക്ക് തുല്യമായ ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സംവരണം പാലിച്ചാണ് നിയമനം.

മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ തസ്തിക മാത്രമാണ് ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. 15600 -39100 രൂപയാണ് ഈ തസ്തികയിലെ ശമ്പള സ്‌കെയില്‍. അതേസമയം സംവരണമില്ലാത്ത ഉയര്‍ന്ന തസ്തികകളില്‍ തുടക്കം തന്നെ 37400 -67000 രൂപ എന്ന സ്‌കെയിലിലാണ്.

ഉയര്‍ന്ന തസ്തികകളില്‍ യാതൊരു സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ടെക്‌നോളജിയുടെ നിബന്ധന പ്രകാരമാണ് നിയമനം .

49.5% സംവരണം ഏര്‍പ്പെടുത്താന്‍ അവര്‍ ബാധ്യസ്ഥരാണ് -പട്ടികജാതി ക്ഷേമ സമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ് കെ. സോമപ്രസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സ്ഥാപനം തുടങ്ങിയ കാലം മുതല്‍ ഇതുവരെ അവര്‍ അത് പരിഗണിച്ചിട്ടില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിത് ശോഷന്‍ മുക്തി മഞ്ച് എന്ന ദേശീയ സംഘടനയുടെ സംസ്ഥാന ഘടകമാണ് പട്ടികജാതി ക്ഷേമ സമിതി.

സജീവമായി സമരം നടത്തിയതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചയില്‍ പട്ടികജാതി ക്ഷേമസമിതി ഉയര്‍ത്തിയ ആവശ്യങ്ങളെല്ലാം പരിഗണിച്ച് ഗവേര്‍ണിംഗ് ബോഡിയുമായി ചര്‍ച്ച ചെയ്യാന്‍ മൂന്ന് മാസത്തെ സമയം ആവശ്യപ്പെടുകയായിരുന്നു. അതിനിടയിലാണ് വീണ്ടും സമാനസംഭവം ഉയര്‍ന്നുവന്നിരിക്കുന്നത്.