ബിക്കിനിയോ കണങ്കാല്‍ മുട്ടുന്ന വേഷമോ; വനിതാ കായികതാരങ്ങള്‍ പറയുന്നതെന്ത്?
അന്ന കീർത്തി ജോർജ്

കായിക മത്സരങ്ങളിലെ സ്ത്രീകളുടെ വസ്ത്രധാരണമാണല്ലോ നിലവില്‍ ഒളിംപിക്സിലും മൊത്തത്തില്‍ സ്പോര്‍ട്സ് മേഖലയിലും നടക്കുന്ന പ്രധാന ചര്‍ച്ചാവിഷയം. നാളുകളായി നടക്കുന്ന ഈ ചര്‍ച്ച ഇപ്പോള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ടോക്കിയോ ഒളിംപിക്സില്‍ മത്സരിച്ച ജര്‍മനിയുടെ വനിതാ ജിംനാസ്റ്റിക്സ് ടീമും, യൂറോപ്യന്‍ ബീച്ച് ഹാന്‍ഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച നോര്‍വേയുടെ വനിതാ ഹാന്‍ഡ് ബോള്‍ ടീമും ബ്രിട്ടീഷ് പാരാലിംപിക് അത്ലീറ്റ് ഒലീവിയ ബ്രീനുമാണ്.

സ്ത്രീകളുടെ വസ്ത്രത്തിന് നീളം കുറഞ്ഞെന്നും സഭ്യമല്ലെന്നും പറഞ്ഞുള്ള ചര്‍ച്ചകളും വസ്ത്രത്തിന് നീളം കൂടി അത് ആ മത്സരത്തിനുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് അധികൃതര്‍ നടപടി സ്വീകരിക്കുന്നതും മുന്‍ കാലങ്ങളിലേതു പോലെ ഇപ്പോഴും തുടരുകയാണ്.

ലിയോ ടാര്‍ഡിന് പകരം കണങ്കാല്‍ വരെ മൂടുന്ന യൂണിടാര്‍ഡ് ധരിക്കാന്‍ ജര്‍മന്‍ ടീം തീരുമാനിച്ചതിന് പിന്നാലെ വനിതാ കായികതാരങ്ങളും പൊതുവെ സ്ത്രീകളും ഇതു കണ്ട് പഠിക്കണമെന്നും ബിക്കിനിയോ മറ്റു ചെറിയ വസ്ത്രങ്ങളോ ധരിക്കരുതെന്നുമുള്ള ചില ചര്‍ച്ചകളും ഉയര്‍ന്നു കേട്ടിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ആ കായികതാരങ്ങള്‍ മുന്നോട്ടുവെച്ച ആശയത്തിന് നേര്‍വിപരീതമായ ദിശയിലേക്കാണ് കാര്യങ്ങളെ തിരിച്ചുവിടുന്നത്.

ബിക്കിനിയാണോ ഷോര്‍ട്സാണോ, ലോങ് സ്ലീവാണോ ഷോട് സ്ലീവാണോ, ഫുള്‍ ബോഡി സ്യൂട്ടാണോ ഷോട് സ്‌കേര്‍ട്ടാണോ, ഇതില്‍ ഏതാണ് നല്ലത് മോശം എന്നുള്ളതല്ല, തനിക്ക് ഏറ്റവും കംഫര്‍ട്ടബിളായ രീതിയില്‍ ഏറ്റവും മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള ഓരോ വനിതാ കായികതാരത്തിന്റെയും സ്വാതന്ത്ര്യവും അവകാശവുമാണ് ഇവിടെ വിഷയം.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.