എഡിറ്റര്‍
എഡിറ്റര്‍
ഗള്‍ഫ് കൂട്ടായ്മ പിളര്‍പ്പിലേക്കോ?
എഡിറ്റര്‍
Wednesday 6th December 2017 8:52pm

 

ഖത്തറിനെതിരെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും പ്രഖ്യാപിച്ച ഉപരോധത്തെ തുടര്‍ന്ന് ഉടലെടുത്ത മേഖലയിലെ പ്രതിസന്ധി വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങി. കഴിഞ്ഞ ദിവസം കുവൈത്തില്‍ സമാപിച്ച ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ദ്വിദിന ഉച്ചകോടി ഒരൊറ്റ ദിവസം കൊണ്ട് അവസാനിപ്പിച്ചതും ഉപരോധ രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ എന്നിവയുടെ രാഷ്ട്രത്തലവന്മാര്‍ സമ്മേളത്തില്‍ എത്താതിരുന്നതും ഭിന്നതക്ക് ആക്കം കൂട്ടുന്നുണ്ടെങ്കിലും അതിനേക്കാളേറെ ഗൗരവമുള്ളതാണ് സൗദി അറേബ്യയുമായി ചേര്‍ന്ന് പുതിയ കൂട്ടായ്മ ഉണ്ടാക്കിയതായി യു.എ.ഇ നടത്തിയ പ്രഖ്യാപനം.

ഉച്ചകോടിയില്‍ തങ്ങളുടെ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാശ് പങ്കെടുക്കുമ്പോഴാണ് അബൂദബിയില്‍ യു.എ.ഇയുടെ പ്രഖ്യാപനം വരുന്നത്. സൗദിയുമായി ചേര്‍ന്ന് സൈനികം, രാഷ്ട്രീയം, സാമ്പത്തികം, വ്യാപാരം, സാസ്‌കാരികം തുടങ്ങി വിവിധ മേഖലകളില്‍ ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുമെന്നാണ് യു.എ.ഇ പ്രസിഡന്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. ജി.സി.സിയുടെ ലക്ഷ്യവും ഇത് തന്നെയാണ്. ഇത് വലിയൊരു ചതിയായി ആതിഥേയരായ കുവൈത്തിന് തോന്നിയതില്‍ അദ്ഭുതമില്ല.

യു.എ.ഇയും സൗദിയും തമ്മിലൂള്ള കൂട്ടായ്മയാണ് പ്രഖ്യാപിച്ചതെങ്കിലും സൗദിയുടെ നിര്‍ദേശങ്ങള്‍ക്കൊത്തു ചലിക്കുന്ന ബഹ്‌റൈന്‍ ഈ പുതിയ കൂട്ടായ്മയില്‍ ചേരുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ജി.സി.സി അതിന്റെ ചരിത്രത്തില്‍ ആദ്യമായി പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്.

 

GCC structure may have to change: Kuwait's Sheikh Sabah

 

ജി.സി.സി കൂട്ടായ്മയിലെ മറ്റു മൂന്നു രാജ്യങ്ങളായ കുവൈത്തും ഖത്തറും ഒമാനും ഒരു ചേരിയില്‍ നിന്നാല്‍ പിളര്‍പ്പ് യാഥാര്‍ഥ്യമായെന്ന് പറയേണ്ടിവരും. പൊതുവെ നിഷ്പക്ഷ നിലപാട് സ്വീകരിക്കാറുള്ള ഒമാനും ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിന് മാധ്യസ്ഥ ശ്രമവുമായി രംഗത്തുള്ള കുവൈത്തും പുതിയ സാഹചര്യത്തെ എങ്ങിനെ നേരിടുമെന്നതും പ്രാധാന്യമുള്ളതാണ്.

മേഖലയില്‍ ശക്തി പ്രാപിക്കുന്ന ശിയാ രാഷ്ട്രമായ ഇറാന്റെ ഭീഷണി മുന്നില്‍ കണ്ടാണ് 1981 മേയില്‍ ജി.സി.സി രൂപം കൊണ്ടത്്. 1979ല്‍ ഇറാനില്‍ അരങ്ങേറിയ ഇസ്‌ലാമിക വിപ്ലവം ഗള്‍ഫ് മേഖലയില്‍ ഉണ്ടാക്കിയ അങ്കലാപ്പാണ് ഗള്‍ഫ് രാജ്യങ്ങളെ ഇത്തരമൊരു കൂട്ടായ്മ രൂപപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കിയത്.

ഏകാധിപത്യ ശക്തികള്‍ക്കും കുടുംബ വാഴ്ചക്കുമെതിരായ താക്കീതായാണ് അമേരിക്കയുടെ പിന്തുണയോടെ ഇറാനെ കട്ടുമുടിച്ച ഷാ റിസാ പഹ്ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ വിപ്ലവത്തെ നായകന്‍ ആയത്തുല്ല ഖുമൈനി വിശേഷിപ്പിച്ചത്. മാത്രമല്ല, വിപ്ലവം ഇറാനില്‍ ഒതുങ്ങിനില്‍ക്കില്ലെന്നും മേഖലയിലെ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്നു കൂടി ഖുമൈനി പറഞ്ഞുവെച്ചതോടെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അങ്കലാപ്പ് വര്‍ധിച്ചു.

Image result for iran revolution

 

ലോക മുസ്‌ലിംകളുടെ പുണ്യ ഗേഹങ്ങളായ മക്കയെയും മദീനയെയും സൗദി രാജ ഭരണകൂടം സ്വകാര്യ സ്വത്തുക്കളാക്കി വെച്ചിരിക്കുകയാണെന്ന് ഒരു അഭിമുഖത്തില്‍ ഖുമൈനി പറഞ്ഞതോടെയാണ് അതുവരെ രാജാവ് എന്ന വിശേഷണം അണിഞ്ഞിരുന്ന സൗദി ഭരണാധികാരികള്‍ ‘കസ്‌റ്റോഡിയന്‍ ഓഫ് ദി റ്റു ഹോളി മോസ്‌ക്‌സ്’ (തിരു ഗേഹങ്ങളുടെ സേവകന്‍) എന്ന പുതിയ ടൈറ്റില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ദിലിപ് ഹിറോ തന്റെ ഇസ്ലാമിക ഫണ്ടമെന്റലിസം എന്ന പുസ്തകത്തില്‍ പറയുന്നു. 1982ല്‍ അധികാരത്തിലേറിയ ഫഹ്ദ് രാജാവാണ് ആദ്യം ഈ പദവി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അബ്ദുല്ലയും ഇപ്പോള്‍ സല്‍മാനും ഇത് പിന്തുടരുന്നു.

വിപ്ലവാനന്തര ഇറാനെ തകര്‍ക്കാന്‍ 1980 സെപ്റ്റംബറില്‍ ഇറാഖ് അടിച്ചേല്‍പിച്ച യുദ്ധത്തെ പിന്തുണക്കുകയും സദ്ദാം ഹുസൈനു പിന്നില്‍ പാറ പോലെ ഉറച്ചു നില്‍ക്കുകയുമായിരുന്നു ഗള്‍ഫ് രാജ്യങ്ങള്‍. സൗദിയും സഖ്യരാജ്യങ്ങളും മില്യന്‍ കണക്കിന് ഡോളറുകളാണ് ആയുധങ്ങള്‍ വാരിക്കൂട്ടാന്‍ ഇറാഖിന് ചൊരിഞ്ഞു കൊടുത്തത്. എന്നാല്‍ അതുകൊണ്ടൊന്നും ഇറാനെ തകര്‍ക്കാനായില്ല. അമേരിക്കയുടെ ഉപരോധത്തില്‍ വീര്‍പ്പുമുട്ടിയിട്ടും അറബ് രാജ്യങ്ങള്‍ ഒന്നടങ്കം (സിറിയ ഒഴികെ) ഇറാഖിനെ സഹായിച്ചിട്ടും വിപ്ലവത്തിന്റെ ബാലാരിഷ്ടതകള്‍ക്കിടയില്‍ അടിച്ചേല്‍പിക്കപ്പെട്ട എട്ടു വര്‍ഷം നീണ്ട യുദ്ധം ഇറാന്‍ ഭംഗിയായി തരണം ചെയ്തു. എന്നാല്‍, യുദ്ധത്തില്‍ തന്നെ സഹായിച്ച കുവൈത്തിനോട് സദ്ദാം ഹുസൈന്‍ നന്ദി പ്രകടിപ്പിച്ചത് ആ രാജ്യത്ത് അധിനിവേശം നടത്തിക്കൊണ്ടാണ്.

ഇറാനുമായി പിന്നീട് ഗള്‍ഫ് രാജ്യങ്ങള്‍ സൗഹൃദത്തിലായെങ്കിലും കലഹം ഒട്ടും കുറവായിരുന്നില്ല. യു.എ.ഇയും ഇറാനും തമ്മില്‍ മൂന്നു ദ്വീപുകളെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു. മേഖലയിലെ തങ്ങളുടെ അധീശത്വത്തിന് ഇറാന്‍ പ്രതിബന്ധമാണെന്നത് ഏറെക്കാലമായി സൗദിയെ വേട്ടയാടുന്ന പ്രശ്‌നമാണ്. എന്നാല്‍, സല്‍മാന്‍ രാജാവ് അധികാരമേറ്റതു മുതല്‍ ഇറാന്‍ വിരുദ്ധ നിലപാട് സൗദി ശക്തിപ്പെടുത്തി.

Image result for al nimr hanged

 

ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശിയാ പണ്ഡിതനും സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ശിയാ ജനവിഭാഗത്തിന്റെ ആത്മീയ നേതാവുമായ ബാഖില്‍ അല്‍ നിംറിനെ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കുറ്റം ചുമത്തി 2016 ജനുവരി 2ന് വധിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണമായി വിഛേദിക്കപ്പെട്ടു. നിംറിനു മാത്രമല്ല, തീവ്രവാദ ബന്ധം ആരോപിച്ച് മറ്റു 46 പേര്‍ക്കും ഇതേ ദിവസം സൗദി ഭരണകൂടം വധശിക്ഷ നടപ്പാക്കുകയുണ്ടായി. സൗദിക്കെതിരായ ഇറാന്‍ ജനതയുടെ പ്രതിഷേധം ശക്തമാക്കിയ സംഭവമാണിത്. ഇതേത്തുടര്‍ന്ന ടെഹ്‌റാനിലെ സൗദി എംബസി ജനങ്ങള്‍ കയ്യേറുകയും മശ്ഹദിലെ കോണ്‍സുലേറ്റിന് തീയിടുകയും ചെയ്തു.

ജി.സി.സി കൂട്ടായ്മയില്‍ പലപ്പോഴും അസ്വാരസ്യങ്ങള്‍ പ്രകടമായെങ്കിലും കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയില്‍ ഒരു പിളര്‍പ്പിലെത്താതെ മുന്നോട്ടു പോകാന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. കൊളോണിയല്‍ ശക്തികള്‍ രംഗം വിട്ടൊഴിയുമ്പോള്‍ വരച്ച അതിര്‍ത്തികളാണ് കൊച്ചു ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കിയത്. എന്നാല്‍ അത്തരം അതിര്‍ത്തി തര്‍ക്കങ്ങള്‍ മിക്കവാറും രമ്യമായി പരിഹരിക്കുകയുണ്ടായി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സൗദി അധീശക്തിയായി വളര്‍ന്നതും മറ്റു രാജ്യങ്ങള്‍ സൗദി പറയുന്നതിന് അനുസരിച്ച് നീങ്ങുന്നതും ജി.സി.സിയിലെ പതിവു കാഴ്ചയായിരുന്നു. എന്നാല്‍, സൗദിയുടെ ഈ നിലപാടിനോട് ഖത്തര്‍ പലപ്പോഴും വിയോജിച്ചു.

Image result for saudi embassy in iran fire

ടെഹ്‌റാനിലെ സൗദി എംബസി

തങ്ങള്‍ ഒരു പരമാധികാര രാജ്യമാണെന്നും വിദേശ നയങ്ങള്‍ മറ്റുള്ളവര്‍ക്ക് അടിയറ വെക്കാനാകില്ലെന്നുമുള്ള ഖത്തറിന്റെ നിലപാട് സൗദിയെ രോഷം കൊള്ളിച്ചതിന്റെ ഫലമാണ് ചരിത്രത്തില്‍ ആദ്യമായിഒരു സഹോദര രാഷ്ട്രത്തിനെതിരെ ഉപരോധം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി അവര്‍ മുന്നോട്ടുവരാനുള്ള കാരണം.

അറബ് വസന്തം, ഫലസ്തീനിലും ഈജിപ്തിലും ചരിത്രത്തിലാദ്യമായി ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറിയ ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് എന്നിവയോടുള്ള സമീപനങ്ങളില്‍ സൗദിയും യു.എ.ഇയും ഉള്‍പ്പെടുന്ന ചേരിക്ക് വിരുദ്ധമായ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ അറബിക്, ഇംഗ്ലീഷ് ചാനലുകളുടെ ഇടപെടലുകള്‍ പല ഗള്‍ഫ് രാജ്യങ്ങള്‍ക്കും അസഹ്യമാണ്.

ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍ സൗദി അറേബ്യയിലെയും യു.എ.ഇയിലെയും ഡി ഫാക്‌റ്റോ ഭരണാധികാരികളാണ് എന്നത് രഹസ്യമല്ല. ഇറാന്‍, ‘പൊളിറ്റിക്കല്‍ ഇസ്ലാം ഭീഷണികള്‍’ ഉയര്‍ത്തിക്കാട്ടി ഇവര്‍ നടത്തുന്ന കരുനീക്കങ്ങള്‍ മേഖലയെ അപകടകരമായ അവസ്ഥയിലേക്കാണ് കൊണ്ടുപോകുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും പൂര്‍ണ പിന്തുണയോടെയാണ് ഈ നീക്കങ്ങള്‍ എന്നതാണ് അതിലും വലിയ അപകടം.

സൗദി തലസ്ഥാനമായ റിയാദിന്റെ ഡെപ്യൂട്ടി ഗവര്‍ണറും ഗവര്‍ണറുമായി 48 വര്‍ഷം ഭരിച്ച പിതാവ് സല്‍മാന്റെ ഉപദേശകനായി 2009ല്‍ നിയോഗിതനായതു മുതല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. 2015ല്‍ സല്‍മാന്‍ രാജാവായപ്പോള്‍ പ്രതിരോധ മന്ത്രിയായ മുഹമ്മദ് അതേവര്‍ഷം തന്നെ ഉപ കിരീടാവകാശിയായി നിയമിതനായി. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് എടുത്ത ഏറ്റവും മോശപ്പെട്ട തീരുമാനമായിരുന്നു യമനില്‍ ഹുതികളെ നേരിടാന്‍ സൈന്യത്തെ അയക്കുക എന്നത്്.

Image result for ali abdullah saleh

അലി അബ്ദുല്ല സ്വാലിഹ്

അധികാരമേറ്റ് രണ്ട് മാസം തികയും മുമ്പായിരുന്നു ഈ നടപടി. സൗദിയുടെ സ്വന്തം തീരുമാനമല്ലയിതെന്നും മറ്റു ഗള്‍ഫ്, അറബ് രാജ്യങ്ങളുടെ പിന്തുണയുണ്ടെന്നും വരുത്തിത്തീര്‍ക്കാന്‍ സൈനിക സഖ്യം തട്ടിക്കൂട്ടുകയായിരുന്നു. സൗദിയുടെ വലയില്‍ കുടുങ്ങാതെ സ്വന്തം പരമാധികാരം ഉയര്‍ത്തിപ്പിടിക്കാറുള്ള സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഇത്തവണയും സഖ്യസേനയില്‍ ചേരാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചു.

‘ഓപറേഷന്‍ ഡെസിസീവ് സ്റ്റോം’ എന്നു പേരിട്ട് യമനില്‍ സൗദി നേതൃത്വത്തില്‍ നടത്തിയ സൈനിക നടപടികള്‍ മൂന്നാം വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നല്ലാതെ സൗദിയുടെ ലക്ഷ്യം പൂവണിഞ്ഞില്ല എന്നതാണ് വസ്തുത.

സൗദിക്ക് 200ലേറെയും യു.എ.ഇക്ക് എഴുപതിലേറെയും സൈനികരെയാണ് ഇതിനകം നഷ്ടപ്പെട്ടത്. സൗദി സഖ്യപക്ഷത്തേക്ക് കൂറു മാറിയതിനു തൊട്ടുപിന്നാലെ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനെ ഹൂതികള്‍ വധിച്ചതോടെ കനത്ത തിരിച്ചടിയാണ് സൗദി പക്ഷത്തിന് ലഭിച്ചിരിക്കുന്നത്.

Image result for jerusalem

 

അറബ്, മുസ്ലിം ലോകം വമ്പിച്ച പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ഗള്‍ഫ് കൂട്ടായ്മ പിളര്‍പ്പിനെ അഭിമുഖീകരിക്കുന്നത്. ഫലസ്തീന്‍, സിറിയ, യെമന്‍, ലിബിയ, ഈജിപ്ത് തുടങ്ങി നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിഞ്ഞിരുന്ന ഗള്‍ഫ് കൂട്ടായ്മ ഇപ്പോള്‍ സ്വന്തം നിലനില്‍പിനായി പാടുപെടുന്ന അവസ്ഥയാണിപ്പോള്‍.

ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും യു.എസ്.എംബസി തെല്‍ അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാനുമുള്ള ട്രംപിന്റെ പ്രഖ്യാപനം ഏതു നിമിഷവും വരാനിരിക്കെ യോജിച്ചുള്ള ഒരു പോരാട്ടത്തിനു പോലും കഴിയാതെ തീവ്രവാദ ആരോപണങ്ങളുമായി കൂട്ടായ്മയെ തകര്‍ക്കാനുള്ള മേഖലയിലെ ചില രാജ്യങ്ങളുടെ നിലപാടുകള്‍ക്ക് ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും.

Advertisement