താമരപ്പൂക്കളാല്‍ നിര്‍മിച്ച പുഷ്‌കര്‍ തടാകം;പനിനീര്‍പ്പൂക്കളുടെ നിറമുള്ള അജ്മീര്‍!
Travel Info
താമരപ്പൂക്കളാല്‍ നിര്‍മിച്ച പുഷ്‌കര്‍ തടാകം;പനിനീര്‍പ്പൂക്കളുടെ നിറമുള്ള അജ്മീര്‍!
ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 7:13 pm
ആരവല്ലിയും കടന്ന് നാഗ് പര്‍വ്വത നിര കയറി ഇറങ്ങിയാണ് പുഷ്‌ക്കറിലേയ്ക്ക് എത്തുന്നത്. പുഷ്‌ക്കര്‍ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും അല്പം നടന്നാല്‍ തടാകത്തിലെത്താം. തടാകത്തലേയ്ക്ക് ഇറങ്ങാന്‍ ചുറ്റിലും ധാരാളം പടവുകളുണ്ട്. കുരങ്ങന്മാരുടെ വിഹാര കേന്ദ്രം കൂടിയാണിവിടം.

രാജസ്ഥാന്‍ എന്നും കാഴ്ചയുടെ വസന്തത്തെ വേലികെട്ടി നിര്‍ത്തിയ ഇടമാണ്. പുഷ്‌ക്കര്‍ താടാകമാണ് അജ്മീരിലെ പ്രധാനപ്പെട്ട ആകര്‍ഷകങ്ങളില് ഒന്ന്.

ആരവല്ലി മലനിരകളാല് ചുറ്റപ്പെട്ടതാണ് അജമിര്‍. ഇവിടെ നിന്നും വടക്ക് പടിഞ്ഞാറ് ഭാഗത്ത് 14 കിലോമീറ്ററോളം അകലെയാണ് പുഷ്‌ക്കര്‍. വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരി ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് പുഷ്‌ക്കര്‍.

ബദ്രിനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവയ്ക്കൊപ്പമാണ് ഹിന്ദു വിശ്വാസ പ്രകാരം പുഷ്‌ക്കറിന്റെ സ്ഥാനം. യാത്രാമദ്ധ്യേ നമുക്ക് അനാസാഗര്‍ തടാകം കാണാന്‍ സാധിക്കും. അജ്മീറിലെ വലിയ കൃത്രിമ തടാകമാണിത്. ബോട്ടിംഗിനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഇവിടെ നിന്നും ആരവല്ലിയും കടന്ന് നാഗ് പര്‍വ്വത നിര കയറി ഇറങ്ങിയാണ് പുഷ്‌ക്കറിലേയ്ക്ക് എത്തുന്നത്. പുഷ്‌ക്കര്‍ ബസ്സ്സ്റ്റാന്‍ഡില്‍ നിന്നും അല്പം നടന്നാല്‍ തടാകത്തിലെത്താം.

 

 

തടാകത്തിലേക്ക്‌ ഇറങ്ങാന്‍ ചുറ്റിലും ധാരാളം പടവുകളുണ്ട്. കുരങ്ങന്മാരുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. സന്ദര്‍ശകര്‍ ഈ കുരങ്ങന്മാര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ നല്‍കുന്നത് പതിവാണ്.

വിനോദ സഞ്ചാരികളായും തീര്‍ത്ഥാടകരായും ദിവസേന ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇടമാണ് പുഷ്്കര്‍ തടാകം. വലിയ മണ്ഡപങ്ങളും പ്രത്യേക നിര്‍മ്മിതികളും കൊണ്ട് സമൃദ്ധമാണിവിടം. അജ്മീറിന്റെ ഏറ്റവും പ്രതാപമുള്ള തൂണുകളും മറ്റും കൊണ്ട് പുഷ്‌ക്കര്‍ കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടു. തടാകത്തിന്റെ കരയിലൂടെ നടന്നാല്‍ ഹിന്ദു ആചാരപ്രകാരമുള്ള വിവിധങ്ങളായ ചടങ്ങുകള്‍ സന്ദര്‍ശകര്‍ നടത്തുന്നതായി കാണാന്‍ സാധിക്കും. തടാകത്തിലെ വെള്ളം വളരെ ഔഷധ ഗുണം ഉള്ളതാണെന്നാണ് വിശ്വാസികള്‍ കരുതുന്നത്.

പുഷ്പത്താല്‍ നിര്‍മ്മിതമായത് എന്നാണ് പുഷ്‌ക്കര്‍ എന്ന വാക്കിന്റെ അര്‍ത്ഥം. വജ്രനാബ് എന്ന രാക്ഷസനെ ബ്രഹ്മദേവന്‍ താമരപ്പൂ കൊണ്ട് വധിച്ചെന്നും അതിന്റെ ഇതള്‍ വീണ് ഈ തടാകം ഉണ്ടായി എന്നുമാണ് ഐതിഹ്യം. തടാകത്തിന് ചുറ്റും അഞ്ഞൂറോളം ചെറിയ ക്ഷേത്രങ്ങളുണ്ട്. ബ്രഹ്മ ക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലെ ഏക ബ്രഹ്മ ക്ഷേത്രവും ഇതാണ്.

തൊട്ടടുത്തുള്ള രത്നഗിരി മലയിലെ സാവിത്രി ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം.ജന്തുവൈവിധ്യമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ധാരാളം മത്സ്യസമ്പത്തും വിവിധങ്ങളായ പക്ഷികളും ഇവിടെ അതിവസിക്കുന്നു. ദേശാടനക്കിളികളുടെയും പ്രിയ്യപ്പെട്ട ഇടമാണ് പുഷ്‌ക്കര്‍ തടാകം.

 

 

പുഷ്‌ക്കറിലേക്ക് തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങിക്കുളിക്കുന്നതിന് 52 ഓളം സ്നാന ഘട്ടുകള്‍ ഉണ്ട്. അവയ്ക്കെല്ലാം ഓരോ പേരുകളും നല്‍കിയിട്ടുണ്ട്.

നല്ലൊരു വ്യാപാര കേന്ദ്രം കൂടിയാണ് പുഷ്‌ക്കര്‍. ഒട്ടകങ്ങള്‍ അടക്കമുള്ള കന്നുകാലികളുടെ വ്യാപാരം കൂടി ഇവിടെ നടക്കുന്നു. നവംബറിലെ കാര്‍ത്തിക പൂര്‍ണ്ണിമയില്‍ നടക്കുന്ന പുഷ്‌ക്കര്‍ മേളയിലാണ് വ്യാപാരം നടക്കുക. ലോകത്തിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം ആളുകള്‍ ഇത് കാണാനും പങ്കെടുക്കാനുമായി ഇവിടെ എത്തുന്നു. 50,000 ത്തോളം മൃഗങ്ങളെ മേളയില്‍ വിറ്റഴിക്കുന്നു.

പുഷ്‌ക്കര്‍ തടാകത്തിന്റെ എതിര്‍വശത്തായി അതിമനോഹരമായ കാഴ്ചയാണുള്ളത്. എ.ഡി 1615ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ജഹാംഗീര്‍ പണിത ബാദുഷാഫി മഹല്‍ ആണ് ആദ്യം കാണാന്‍ സാധിക്കുക. ഏറെ മുന്നോട്ട് പോയാല്‍ അതി വിശാലമായ റോസാപ്പൂ പാടങ്ങളിലെത്താം. അജിമീറിന്റെ നിറം തന്നെ പനിനീര്‍പ്പൂക്കളുടേതാണ്.

പൂപ്പാടങ്ങളിലൂടെയുള്ള നിറമുള്ള യാത്രയാണ് അജ്മീറിലേത്. .