റെന്‍സ ഇഖ്ബാല്‍
റെന്‍സ ഇഖ്ബാല്‍
Governance and corruption
പെന്‍ഷന്‍ ബ്ലോക്കില്‍, ജീവിതം കട്ടപ്പുറത്ത്, കെ.എസ്.ആര്‍.ടി.സി മുന്‍ ജീവനക്കാര്‍ ആത്മഹത്യയ്ക്കും നിരാശയ്ക്കുമിടയില്‍ കാത്ത് നില്‍ക്കുന്നു
റെന്‍സ ഇഖ്ബാല്‍
Monday 15th January 2018 10:49pm

കെ.എസ്.ആര്‍.ടി.സിയില്‍ ഇരുപത് കൊല്ലം ഡ്രൈവറായിരുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശിയായ കെ.ടി.ചാക്കോ (71) മരിച്ചത് കാന്‍സര്‍ബാധയാലാണ്. വര്‍ഷങ്ങളോളം കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായിരുന്ന ചാക്കോ കഴിഞ്ഞ അഞ്ചുമാസമായി ചികിത്സക്ക് പണമില്ലാതെ കഷ്ടപ്പെടുകയായിരുന്നു. വീടിന്റെ വാടകപോലും കൊടുക്കാനില്ലാതെ കഷ്ടപ്പെടുമ്പോഴാണ് ചികിത്സയെന്ന അധികബാധ്യത കൂടി ചുമലിലായതെന്ന് മകന്‍ സിബി. അഥവാ അഞ്ചുമാസത്തെ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങലിന്റെ മറ്റൊരു ഇരയാണ് കെ.ടി.ചാക്കോയും.

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറായിരുന്ന ഭര്‍ത്താവ് ശശീന്ദ്രന്‍ എട്ടുവര്‍ഷം മുന്‍പ് മരിച്ചതിനെത്തുടര്‍ന്ന് ലഭിച്ചിരുന്ന കുടുംബപെന്‍ഷന്‍ മാത്രമായിരുന്നു കുത്താട്ടുകുളം സ്വദേശിനിയായ തങ്കമ്മയുടെ വരുമാനം. ഇതില്‍ നിന്നായിരുന്നു വീട്ടിലേ ചെലവിനും മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ ചികിത്സാചെലവിനും തങ്കമ്മ പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കാതായതോടെ തങ്കമ്മയുടെയും മകന്റെയും ജീവിതം വഴിമുട്ടിയ അവസ്ഥയിലായി. ഇക്കഴിഞ്ഞ ജനുവരി 13 ന് ഒരു കഷണം കയറില്‍ അവര്‍ ജീവിതമവസാനിപ്പിച്ചു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയത് മൂലമുള്ള ആറാമത്തെ ആത്മഹത്യ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 24 പേരാണ് പെന്‍ഷന്‍ കാത്ത് കാത്ത് നിരാശിതരായി ജീവനൊടുക്കിയത്.

 

തങ്കമ്മ

എല്ലാ മാസവും അഞ്ചാം തിയ്യതിയ്ക്കു മുന്‍പായി പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് കഴിഞ്ഞ ജൂണിലാണ്. ഇത് പാലിക്കപ്പെടുന്നില്ലെന്ന വസ്തുതയാണ് ഈ മരണങ്ങളെല്ലാം വെളിവാക്കുന്നത്. സെപ്തംബറിലും ജൂണിലും ഭാഗികമായാണ് പെന്‍ഷന്‍ വിതരണം നടന്നത്. രണ്ടു മാസത്തെ ഭാഗിക പെന്‍ഷനും മൂന്ന് മാസത്തെ മുഴുവന്‍ പെന്‍ഷനും ജീവനക്കാര്‍ക്ക് കിട്ടാനുണ്ട്. പുതിയ സര്‍ക്കാര്‍ വന്ന 20 മാസത്തിനുള്ളില്‍ തങ്കമ്മയുടേത് പെന്‍ഷന്‍കാര്‍ക്കിടയിലെ ആറാമത്തെ ആത്മഹത്യയാണ്.ഇനിയുള്ള പെന്‍ഷന്‍കാരെയെങ്കിലും ആത്മഹത്യയിലേക്ക് തള്ളിവിടാതെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതികൊണ്ടാണ് കഴിഞ്ഞ വര്‍ഷം പോത്തന്‍കോടില്‍ സുകുമാരന്‍ നായര്‍ (72) ആത്മഹത്യ ചെയ്തത്.

നാല്‍പ്പതിനായിരത്തോളം പെന്‍ഷന്‍കാരാണ് കേരളത്തിലുള്ളത്. അവരുടെ അവകാശങ്ങള്‍ക്കായി പോരാടാനുള്ള സംഘടനയാണ് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍. പെന്‍ഷന്‍കാരില്‍ 90 ശതമാനവും രോഗികളാണെന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി രാജു പറയുന്നു. ‘2009ല്‍ അര്‍ബുദബാധിതനായ ആളാണ് ഞാന്‍. ചികില്‍സിച്ചു മാറിയെങ്കിലും മരുന്നുണ്ട്. ഞങ്ങളില്‍ മിക്കവരും മരുന്ന് വാങ്ങിക്കാന്‍ പോലും വിഷമിക്കുന്ന അവസ്ഥയിലാണ്. അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷീമേഴ്‌സ് എന്നിങ്ങനെ എല്ലാവിധ രോഗികളും നമുക്കിടയിലുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തേക്കാളും പ്രധാനമാണ് മരുന്ന്, എന്നാല്‍ അതിനു പോലും നമുക്ക് പെന്‍ഷന്‍ കിട്ടുന്നില്ല.’ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍. ശമ്പളം പോലും പലപ്പോഴും വളരെ വൈകിയാണ് ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Image result for ksrtc WORKSHOP

വാടകവീട്ടില്‍ താമസിക്കുന്നവരും, വിവാഹപ്രായമെത്തിയ പെണ്‍മക്കളുള്ളവരും മാറാരോഗികളും ഈ കൂട്ടത്തിലുണ്ട്. സര്‍ക്കാരും ധനകാര്യമന്ത്രിയും വിചാരിച്ചാല്‍ നിഷ്പ്രയാസം തീര്‍ക്കാവുന്ന പ്രശ്‌നമേ ഇവിടെയുള്ളു എന്ന് രാജു പറയുന്നു. ‘തങ്കമ്മയുടെ കുടുംബത്തെ മുന്‍പ് സംഘടന സാമ്പത്തികമായി കുറെ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കും ആരെയും സഹായിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷം ഈ വിഷയത്തിലെ ആറാമത്തെ ആത്മഹത്യയാണിത്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ മകനെ ചികിത്സിക്കാന്‍ കഴിയാത്തത് തങ്കമ്മക്ക് കടുത്ത വിഷമം ഉണ്ടാക്കിയിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

കെ.എസ്.ആര്‍.ടി.സി വെഹിക്കിള്‍ സൂപ്പര്‍വൈസറായിരുന്ന പി.കെ.ബാബുരാജന്‍ പറയുന്നത് അര്‍ബുദം പോലെ മറ്റു പല രോഗങ്ങളും പിടിപെട്ടു വിഷമിക്കുന്ന അനേകം പേര്‍ പെന്‍ഷന്‍ കാത്തു കിടക്കുന്നുണ്ടെന്നാണ്. ‘ഇവരില്‍ മിക്കവരും കടം വാങ്ങി ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന അവസ്ഥയാണ്. ഇവരുടെയൊക്കെ കാര്യം ഇനി എന്താവുമെന്ന് കണ്ടറിയേണ്ടി വരും. എനിക്ക് കരള്‍രോഗമുണ്ട്, മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്. പണിക്കു പോകാന്‍ പറ്റുന്ന അവസ്ഥയല്ല. മറ്റൊരു വരുമാന മാര്‍ഗവും ഇല്ല. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഞാന്‍ അടക്കമുള്ള രോഗികള്‍ രക്ഷപ്പെടൂ.’

2013 ഓഗസ്റ്റ് മുതല്‍ പെന്‍ഷനു വേണ്ടിയുള്ള സമരം സജീവമാണ്. ‘ഇപ്പോള്‍ തിരുവനന്തപുരത്തും കോഴിക്കോടുമായി നമ്മള്‍ ധര്‍ണ നടത്തുന്നുണ്ട്. തുടര്‍ന്ന് 22ാം തീയതി കുടുംബ ധര്‍ണയും 23 ാം തീയതി മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവും തുടങ്ങാന്‍ ഉദ്ദേശിക്കുന്നു’ എന്ന് രാജു ഡൂള്‍ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ഒരു പ്രശ്‌നം കേരളത്തില്‍ നടക്കുന്നേയില്ല എന്ന രീതിയിലാണ് അദ്ദേഹം പെരുമാറുന്നത് എന്ന് രാജു ആരോപിക്കുന്നു. കെ.എസ്.ആര്‍.ടി.സി സ്ഥാപനം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കാരണം തൊഴിലാളികളല്ല, അതിന്റെ നടത്തിപ്പുകാരുടെ പിടിപ്പുകേടാണ്. ഭരിക്കുന്ന സര്‍ക്കാരുകള്‍ ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യാത്തതിന്റെ അപാകതകള്‍ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ പറയുന്നു.

Image result for ksrtc WORKSHOP

 

കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ ആയിരുന്നു കല്‍പ്പറ്റ സ്വദേശിയായ ദേവദാസ് പുന്നത്ത്. പ്രൈവറ്റ് ബസുകള്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ആളാണ് ഇദ്ദേഹം. അന്ധമായി രാഷ്ട്രീയക്കാരെ വിശ്വസിച്ചതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. ചികിത്സാചെലവിനായി പണം കണ്ടെത്താനാകാതെ വന്നതോടെയാണ് ചെലവൂര്‍ സ്വദേശിയായ സരസ്വതി മരണത്തിന് കീഴടങ്ങിയത്. കിഡ്‌നിക്കായിരുന്നു സരസ്വതിയ്ക്ക് പ്രശ്‌നം. ഭര്‍ത്താവ് ചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സിയില്‍ മെക്കാനിക് ആയിരുന്നു.

‘ആഴ്ചയില്‍ 8000 രൂപ ഡയാലിസിസ് ചെയ്യാന്‍ വേണം. കഴിഞ്ഞ അഞ്ചു മാസമായി ശമ്പളം കിട്ടാതായപ്പോള്‍ ആരോഗ്യ സ്ഥിതി മോശമായി. വേണ്ടപോലെ ചികിത്സിക്കാന്‍ പറ്റിയിരുന്നെങ്കില്‍ അവര്‍ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നുവെന്നാണ് സരസ്വതിയുടെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘പെന്‍ഷന്‍ കിട്ടാതായാല്‍ ഒന്നുകില്‍ മറ്റുള്ളവരുടെ മുന്നില്‍ പോയി കൈനീട്ടണം അല്ലെങ്കില്‍ വീട്ടില്‍ അടങ്ങി ഇരിക്കണം’ ദേവദാസ് പറയുന്നു.

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നതാണ് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. 20 വര്‍ഷമായി ഇവര്‍ ഇക്കാര്യം ഉന്നയിക്കുന്നു. പൊതുമേഖല സ്ഥാപനം എന്നതിലുപരി കെ.എസ്.ആര്‍.ടി.സി ഒരു സേവനമേഖല സ്ഥാപനം കൂടിയാണ്. സ്വകാര്യ ബസുകളെ സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. 24 മണിക്കൂറും ഓടിക്കൊണ്ടിരിക്കുന്നു. ആളുകള്‍ കുറവായ റൂട്ടില്‍ പോലും ഇവര്‍ നിര്‍ത്താതെ സര്‍വീസ് നടത്തുന്നു.

Image result for ksrtc STAFF

 

‘കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി പാതി മുടങ്ങിയും ഇടവിട്ടു കൊണ്ടുമൊക്കെയാണ് പെന്‍ഷന്‍ കിട്ടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറു മാസമായി പ്രശ്‌നം രൂക്ഷമാണ് ‘ ബാലുശ്ശേരി സ്വദേശിയായ രാരിച്ചന്‍ പറയുന്നു. ‘പെന്‍ഷന്‍ കിട്ടാതാകുമ്പോള്‍ വീട്ടിലെ ഭരണത്തിന്റെ താളം തെറ്റും. കുറച്ചാണെങ്കിലും സമയത്തിന് കിട്ടുമെങ്കില്‍ നമുക്കത് ഉപയോഗപ്പെടുത്താമായിരുന്നു. ഒരു കടം വാങ്ങിയാല്‍ എപ്പോള്‍ തിരിച്ചു കൊടുക്കാന്‍ പറ്റുമെന്ന് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.’

‘നഗരങ്ങളിലൊക്കെ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരുണ്ട്. നാട്ടുമ്പുറം ആയതുകൊണ്ട് നമ്മളെ അയല്‍വാസികളൊക്കെ സഹായിക്കും. ടൗണില്‍ അത്ര പോലും ഇല്ല. എനിക്ക് 2 മക്കളാണ്, അവര്‍ക്ക് ജോലിയില്ല. അവര്‍ക്ക് ഒരു ആവശ്യം വന്നാല്‍ ഞാന്‍ വേണം സഹായിക്കാന്‍. നമുക്ക് പെന്‍ഷന്‍ കിട്ടാതെയാവുമ്പോള്‍ അവരുടെ ജീവിതം കൂടെ താളം തെറ്റും. മിക്കവരും രോഗികളും സ്ഥിരമായി മരുന്ന് കഴിക്കേണ്ടവരുമാണ്. ദിവസം 300 രൂപ വരെ മരുന്നിന് ചിലവുള്ളവരുണ്ട്. കഴിഞ്ഞ വര്‍ഷം ചികിത്സക്കായി മതിയായ കാശില്ലാത്ത അവസ്ഥയില്‍ കൊടുവള്ളിയില്‍ രാഘവന്‍ (57 ) രക്താര്‍ബുദം വന്ന് മരിച്ചു’ എന്ന് പാതി ഇടറിയ ശബ്ദത്തല്‍ രാരിച്ചന്‍ പറയുന്നു.

അതേസമയം കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. എ. ഹേമചന്ദ്രന്‍ പറയുന്നത് പെന്‍ഷന്‍ മുടങ്ങുന്നതിന്റെ കാരണം കെ.എസ്.ആര്‍.ടി.സിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ മോശമായതു കൊണ്ടാണെന്നാണ്. ‘സര്‍ക്കാര്‍ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി സാമ്പത്തിക പുനര്‍രൂപികരണം, പ്രവര്‍ത്തന രീതിയിലുള്ള പുനര്‍രൂപികരണം എന്നിങ്ങനെയുള്ള നടപടികളാണ് ചെയ്തു വരുന്നത്. കഴിയുന്ന അത്രയും വേഗം പെന്‍ഷന്‍ കൊടുക്കുക എന്നതാണ് നമ്മളുടെ ഉദ്ദേശ്യം.’ അടിയന്തര ശസ്ത്രക്രിയ പോലെയുള്ള കേസുകളില്‍ അപേക്ഷ വന്നാല്‍ ചില സാഹചര്യങ്ങളില്‍ സഹായിക്കാറുണ്ടെന്നും ഹേമചന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷന്‍ കിട്ടാത്തതിലേക്ക് നയിച്ച കുറെ കാരണങ്ങളുണ്ടെന്നാണ് ദേവദാസ് പുന്നത്ത് പറയുന്നത്. ‘കോഴിക്കോട് കെ.ടി.ഡി.എഫ്.സി ബില്‍ഡിംഗ് കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യത ആയിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ ബഡ്ജറ്റില്‍ നിന്ന് എടുത്ത് തുടങ്ങിയ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി.’ പൊതുഗതാത രംഗത്ത് 13 ശതമാനം മാത്രം പങ്കാളിത്തം ഉണ്ടായിരുന്നത് 27 ശതമാനമാക്കി ഉയര്‍ത്തിയത് വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ്. അന്നത്തെ ബഡ്ജറ്റില്‍ 4000 ബസ് മേടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനുള്ള സാമ്പത്തിക സഹായം ചെയ്തില്ല. പകരം കെ.എസ്.ആര്‍.ടി.സിയോട് കടമെടുക്കാന്‍ പറയുകയായിരുന്നു. ഇങ്ങനെ 12 ശതമാനം പലിശക്ക് കടം എടുത്തതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ദേവദാസ് പറയുന്നു. ‘മറ്റേതൊരു സര്‍ക്കാര്‍ സ്ഥാപനവും ചെയാത്തതൊന്ന് കെ.എസ്.ആര്‍.ടി.സി ചെയ്യുന്നുണ്ട്. കൃത്യമായി നമ്മള്‍ ലോണ്‍ തിരിച്ചടക്കുന്നുണ്ട്.’

Image result for ksrtc BUILDING CALICUT

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഷോപ്പിങ് സമുച്ചയം

ഒറ്റയടിക്കാണ് കെ.ടി.ഡി.എഫ്.സി, കോഴിക്കോട് പത്തു നില കെട്ടിടം കെട്ടിപ്പടുത്തത്. സാധാരണ ഗതിയില്‍ ബില്‍ഡിംഗ് പണിയുന്നതിന് മുന്‍പായി അതിന് എത്രത്തോളം ആവശ്യക്കാരുണ്ടെന്നു അന്വേഷിക്കും. കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി അങ്ങനെയാണ് ചെയ്തത്. അതുകൊണ്ടു തന്നെ അവര്‍ക്ക് നിര്‍മ്മാണ ചെലവിനേക്കാളും കൂടുതല്‍ അഡ്വാന്‍സ് ലഭിച്ചു. കെ.ടി.ഡി.എഫ്.സി, കെ.എസ്.ആര്‍.ടി.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായാണ് തുടങ്ങിയിരുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി എല്‍.ഐ.സി പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ലോണ്‍ എടുക്കുക എന്നതായിരുന്നു അവരെ ചുമതലപ്പെടുത്തിയ ഉത്തരവാദിത്തം. അതിനവര്‍ക്ക് കമ്മീഷനായി ഹാന്‍ഡ്‌ലിങ് ചാര്‍ജ് നല്‍കും.

‘എന്നാല്‍ ഇപ്പോള്‍ അവര്‍ മറ്റു വിവിധ സ്ഥാപനങ്ങള്‍ക്കും ലോണ്‍ ഒരുക്കി കൊടുക്കുന്നു. അവരാണ് കെ.എസ്.ആര്‍.ടി.സിയെ ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചത്. കെ.എസ്.ആര്‍.ടി.സിയുടെ വരവ് ചിലവ് അല്ല ഈ പലിശയും കടബാധ്യതയുമാണ് പ്രശ്‌നം. ഇതാണ് പെന്‍ഷന്‍ പ്രശ്‌നത്തിനു പിന്നിലെ ഒരു പ്രധാന കാരണം.’ കെ.എസ്.ആര്‍.ടി.സിയുടെ റൂട്ട് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും വേറെയുണ്ട്. മിക്ക സ്വകാര്യ ബസുകളും നിയമവിരുദ്ധമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇത് കെ.എസ്.ആര്‍.ടി.സിക്ക് വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ദേവദാസ് പറയുന്നു.

തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്‌മെന്റ് ശ്രീ ചിത്തിര തിരുനാള്‍ 1938 ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് ഉദ്ഘാടനം ചെയ്തതാണ്. 1965 ഏപ്രില്‍ 1ന് ഇത് സ്വയംഭരണാധികാരത്തോടെയുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്കി മാറ്റി. 1970 വരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വന്ന സ്ഥാപനം പിന്നീട് മാനേജ്മെന്റ് രീതിയിലേക്ക് കടക്കുകയായിരുന്നു.

ചെലവ് കുറഞ്ഞ സുരക്ഷിത യാത്ര പൊതുജനങ്ങള്‍ക്ക് പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തില്‍നിന്നും ലാഭത്തോടുകൂടി മുതല്‍ തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇത് മാറി . പ്രതിസന്ധിയിലേക്കുള്ള ചുവട് വെപ്പു തുടങ്ങുന്നത് ഇവിടെയാണ്. മാറിമാറി വന്ന അധികാരികളുടെയും, മാനേജ്മെന്റിന്റെയും കക്ഷി രാഷ്ട്രീയ -സാമ്പത്തിക താല്പര്യങ്ങളാണ് കെ.എസ്.ആര്‍.ടി.സിയെ നിയന്ത്രിക്കുന്നത്.

റെന്‍സ ഇഖ്ബാല്‍
Advertisement