രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
Kerala News
രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 8:20 am

കൊച്ചി: ഡോളര്‍ കടത്തുക്കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചേദ്യം ചെയ്യലിന് ഹാജരാകില്ല. ശാരീരികാസ്വസ്ഥതകളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.

ഏപ്രില്‍ എട്ടിന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം ചോദ്യം ചെയ്യലിന് എത്താന്‍ നോട്ടീസ് നല്‍കിയപ്പോള്‍ വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെടുകയായിരുന്നു.

വോട്ടെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ശ്രീരാമകൃഷ്ണന്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള ദിവസത്തേക്ക് ചോദ്യം ചെയ്യല്‍ നീട്ടിവെച്ചത്.

യു.എ.ഇ കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്പീക്കറെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചത്.

നേരത്തെ വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്നയുടെ മൊഴി സ്പീക്കര്‍ പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീര്‍ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ ഇ.ഡി സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പില്‍ ദുരുദ്ദേശത്തോടെ ശ്രീരാമകൃഷ്ണന്‍ ഫളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിനെതിരെയും ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലാ തരത്തിലും നേരിടുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Speaker Sreeramakrishnan says he can’t come for questioning at Customs Office in Dollar smuggling case