എഡിറ്റര്‍
എഡിറ്റര്‍
കരിമണല്‍ ഖനനത്തിലൂടെ കേരളം ഖത്തറിനെപ്പോലെ സമ്പന്നമായേനെ; ഇരകളുടെ സംഗമം കാരണം വികസനം നടക്കുന്നില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
എഡിറ്റര്‍
Wednesday 27th September 2017 3:23pm

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിലൂടെ ഖത്തറിനെപ്പോലെ സമ്പന്നമാകാനുള്ള കേരളത്തിന്റെ സാധ്യത ചിലര്‍ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

കരിമണല്‍ ഖനനത്തിന്റെ ആഘാതമുള്ള ചില പ്രദേശങ്ങള്‍ ഉണ്ടാകാം. എന്നാല്‍ കേരളം ഖത്തറിനെപ്പോലെ സമ്പന്നമാകാനുള്ള ഒരു വലിയ സാധ്യതയെ ചിലര്‍ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ന്യൂസ് 18 കേരളയുടെ റൈസിങ് കേരളയെന്ന പരിപാടിയിലായിരുന്നു സ്പീക്കറുടെ പരാമര്‍ശം.

കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തൊടുമ്പോഴേക്ക് ചര്‍ച്ചയാരംഭിക്കും. ഒരു ലക്ഷം കോടി രൂപയുടെ കരിമണലാണ് കടത്തിക്കൊണ്ടുപോകുന്നതെന്നാണ് പറയുന്നത്.

20000 കോടി രൂപയുടെ പ്രൊജക്ട് ആയിരുന്നു എല്‍.എന്‍.ജി ടെര്‍മിനല്‍. അത് മംഗലാപുരത്ത് എത്തിയാല്‍ 700 കോടി രൂപയാണ് കേരളത്തിന് കിട്ടാന്‍ പോകുന്നത്. ഈ ലോകത്ത് എല്ലായിടത്തും ഇത് ഭൂമിക്കടയിലൂടെ കൊണ്ടുപോകുന്നുണ്ട്. നമുക്ക് പറ്റുന്നില്ല. അപ്പോഴേക്കും ഇരകളുടെ സംഗമം. ഞാന്‍ പറയുന്നത് അതൊന്നും ഇല്ല എന്നല്ല, ഒരു സ്റ്റെപ്പ് മുന്നോട്ട് വെക്കാന്‍ ശ്രമിക്കുമ്പോഴേക്ക് അത് മാധ്യമങ്ങള്‍ ആഘോഷിക്കും.

മാധ്യമങ്ങളില്‍ ആഘോഷം വന്നാല്‍ അതില്‍ പ്രതികരിക്കാതിരുന്നാല്‍ മോശമാണെന്ന് കരുതി രാഷ്ട്രീയപാര്‍ട്ടികളും വരും. ഇത് എല്ലാവര്‍ക്കും ഒരു പ്രശ്‌നമാണെന്നും ശ്രീരാമകൃഷ്ണന്‍ പറയുന്നു.

കേവലം വിവരങ്ങള്‍ ശേഖരിക്കുക എന്നതിനപ്പുറത്ത് പ്രോസസിങ് ആയി എഡ്യുക്കേഷന്‍ തന്നെ മാറുമ്പോള്‍ അവിടെ കോളേജ് ആരംഭിച്ചു ഇവിടെ കോളേജ് ആരംഭിച്ചു എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല.

എല്ലാ താലൂക്കിലും മെഡിക്കല്‍ കോളേജ് സ്ഥാപിച്ചിട്ട് അത് വലിയ ആഹ്ലാദമായി പറഞ്ഞുകൊണ്ടിരിക്കുന്നു. താലൂക്കുകളില്‍ മെഡിക്കല്‍ കോളേജ് വന്നിട്ടെന്താ കാര്യമെന്നും ശ്രീരാമകൃഷ്ണന്‍ ചോദിക്കുന്നു.

Advertisement