സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഭരണകൂട ആക്രമണങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഷിറീന്‍: കേരള സ്പീക്കര്‍ എം.ബി. രാജേഷ്
Kerala News
സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഭരണകൂട ആക്രമണങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഷിറീന്‍: കേരള സ്പീക്കര്‍ എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th May 2022, 9:10 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഇസ്രഈല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബു അഖ്‌ലേ സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരായ ഭരണകൂട ആക്രമണങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയാണെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലായിരുന്നു സ്പീക്കര്‍ ഷിറീനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.

ഫലസ്തീന്റെ വിമോചന പോരാട്ടത്തിന്റെ വാക്കും ജീവനുമായിരുന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയാണ് ഷിറീനെന്നും എം.ബി. രാജേഷ് പറഞ്ഞു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നവരെപ്പോലും കൃത്യമായി ഉന്നം പിടിച്ച് ആക്രമിച്ച് കൊല്ലുന്നതില്‍ കുപ്രസിദ്ധി നേടിയ ഇസ്രഈല്‍ സൈന്യം ഫലസ്തീനില്‍ തങ്ങളുടെ വലിയൊരു തലവേദനയാണ് ഷിറീനെ കൊലപ്പെടുത്തിയതിലൂടെ ഒറ്റ ബുള്ളറ്റില്‍ ഇല്ലാതാക്കിയതെന്നും, പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചിട്ടും ഷിറീനെ അവര്‍ തെരഞ്ഞുപിടിച്ച വെടിവെച്ച് കൊന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഷിറീന്റെ മാധ്യമപ്രവര്‍ത്തന കരിയറിനെക്കുറിച്ചും പോസ്റ്റില്‍ പ്രതിപാദിക്കുന്നുണ്ട്.

”ലോകത്താകെ സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്നുവരുന്ന കൊടിയ ഭരണകൂട ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഷിറീന്‍. ലോകത്താകെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഷിറീന്റെ ധീരസ്മരണ പ്രചോദനമാകട്ടെ. ഷിറീന് ഒരു പിടി രക്തപുഷ്പങ്ങള്‍,” എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ നടന്ന സൈനിക നടപടിക്കിടെയായിരുന്നു ഷിറീന് ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റത്. ഫലസ്തീനിയന്‍ ലേഖകയാണ് ഷിറീന്‍.

തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച ജെനിനിയില്‍ നടന്ന ഇസ്രഈല്‍ സൈന്യത്തിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു.

മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഇസ്രഈല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

2000 മുതല്‍ അന്‍പതോളം ഫലസ്തീന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരാണ് ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ഷിറീന്‍ അബു അഖ്‌ലേ

എം.ബി രാജേഷിന്റൈ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഫലസ്തീന്റെ വിമോചന പോരാട്ടത്തിന്റെ വാക്കും ജീവനുമായിരുന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയാണ് ഇസ്രഈലിന്റെ നിഷ്ഠുരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്‌ലേ. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നവരെപ്പോലും കൃത്യമായി ഉന്നം പിടിച്ച് ആക്രമിച്ച് കൊല്ലുന്നതില്‍ കുപ്രസിദ്ധി നേടിയ ഇസ്രഈല്‍ സൈന്യം ഫലസ്തീനില്‍ തങ്ങളുടെ വലിയൊരു തലവേദനയാണ് ഒറ്റ ബുള്ളറ്റില്‍ ഇല്ലാതാക്കിയത്.

പ്രസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചിട്ടും ഷിറീനെ അവര്‍ തെരഞ്ഞ് വെടിവെച്ചുകൊന്നു.

1996ല്‍ അല്‍ ജസീറ ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷിറീന്‍ ആ മാധ്യമസ്ഥാപനത്തില്‍ ചേര്‍ന്നത്. അതിനുമുമ്പ് വോയ്സ് ഓഫ് ഫലസ്തീന്‍ റേഡിയോ, അമ്മാന്‍ സാറ്റലൈറ്റ് ചാനല്‍ എന്നീ മാധ്യമ സ്ഥാപനങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചു. അല്‍ ജസീറയില്‍ ചേര്‍ന്ന ശേഷം ഫലസ്തീന്‍ ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ ലോകത്തെ അറിയിക്കാന്‍ നിതാന്ത ജാഗ്രതയോടെ ഷിറീന്‍ ഉണ്ടായിരുന്നു. ധീരയും സ്‌നേഹസമ്പന്നയുമായ മാധ്യമ പ്രവര്‍ത്തകയെന്നാണ് സഹപ്രവര്‍ത്തകര്‍ അവരെ അനുസ്മരിച്ചത്.

രണ്ടായിരാമാണ്ടിലെ രണ്ടാം പലസ്തീന്‍ ഇന്റിഫാദ റിപ്പോര്‍ട്ട് ചെയ്തതിലൂടെയാണ് അവര്‍ പ്രശസ്തയായത്. 2008, 2009, 2012, 2014, 2021 വര്‍ഷങ്ങളില്‍ നടന്ന അധിനിവേശങ്ങളെയും ചെറുത്തുനില്‍പുകളെയും പോരാട്ടഭൂമിയില്‍ നിന്നുതന്നെ അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അറബ് ലോകത്ത് ഓരോ വീട്ടിലും പരിചിതയായ മാധ്യമ പ്രവര്‍ത്തകയാണ് ഷിറീന്‍.

ജറുസലേമില്‍ ജനിച്ച അവര്‍ ഇസ്രഈലിന്റെ യുദ്ധക്കൊതിക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ, ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടി അചഞ്ചലമായി നിലയുറപ്പിച്ചു. ഇസ്രഈലിന്റെ അജണ്ടകള്‍ മനസ്സിലാക്കുന്നതിനായി അവര്‍ ഹീബ്രൂ ഭാഷ പഠിക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്.

ലോകത്താകെ സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്നുവരുന്ന കൊടിയ ഭരണകൂട ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് ഷിറീന്‍. ലോകത്താകെ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഷിറീന്റെ ധീരസ്മരണ പ്രചോദനമാകട്ടെ. ഷിറീന് ഒരു പിടി രക്തപുഷ്പങ്ങള്‍.

Content Highlight: Speaker MB Rajesh about Al Jazeera journalist Shireen Abu Akleh who shot dead by Israel army