എഡിറ്റര്‍
എഡിറ്റര്‍
ഗസ ആക്രമണം ഹൃദയഭേദകം; ഇസ്രഈലിന് ആയുധം നല്‍കുന്നത് സ്‌പെയിന്‍ അവസാനിപ്പിക്കുന്നു
എഡിറ്റര്‍
Wednesday 6th August 2014 10:13am

gaza മാഡ്രിഡ്: ഇസ്രഈലിന് ആയുധം വില്‍ക്കുന്നത് സ്‌പെയിന്‍ അവസാനിപ്പിക്കുന്നു. ഇസ്രഈല്‍ നടത്തുന്ന ഗസ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചാണ് സ്‌പെയിന്‍ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുന്നത്.

1800ഓളം സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച ഈസ്രഈലിന്റെ ആക്രമണം ഹൃദയഭേദകമാണെന്ന് കഴിഞ്ഞ ദിവസം സ്പാനിഷ് വിദേശകാര്യമന്ത്രി യോസെ മാനുവല്‍ ഗാര്‍ഷ്യോ മാര്‍ഗല്ലോ അഭിപ്രായപ്പെട്ടിരുന്നു. ഇസ്രഈലിന് യുദ്ധോപകരണങ്ങള്‍ നല്‍കുന്ന തീരുമാനം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സ്പാനിഷ് ഭരണകൂടം കൈക്കൊണ്ടത്. സര്‍ക്കാര്‍ അടുത്ത മാസം ഇത് പുനരവലോകനം ചെയ്യുമെന്ന് എല്‍ പെയ്‌സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം 49 ലക്ഷം യുറോയുടെ യുദ്ധോപകരണങ്ങളും സാങ്കേതികവിദ്യയുമാണ് സ്‌പെയിന്‍ ഇസ്രഈലിന്‍ നല്‍കിയത്. സ്പാനിഷ് പ്രതിരോധ കയറ്റുമതിയുടെ ഒരു ശതമാനം മാത്രമാണിത്. വെനിസ്വേല, ഈജിപ്ത്, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആയുധം നല്‍കുന്നത് സ്‌പെയിന്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു.

ഇസ്രഈലിന് 8 ബില്യണ്‍ യുറോയുടെ ആയുധം നല്‍കുന്ന കാര്യം ബ്രിട്ടിഷ് സര്‍ക്കാര്‍ പുനരവലോകനം നടത്തുന്ന വേളയിലാണ് ആയുധം വില്‍പന അവസാനിപ്പിച്ചുകൊണ്ടുള്ള സ്‌പെയിനിന്റെ അറിയിപ്പ്. അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ് ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത്. ഹമാസിന്റെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള അവാകാശം ഇസ്രഈലിന് ഉണ്ടെന്നും എന്നാല്‍ ഗസയിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ശരിയായ നടപടിയെല്ലെന്നും ഗര്‍ഷ്യോ പറഞ്ഞു.

Advertisement