എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ട; അറസ്റ്റ് ചെയ്തിട്ട് അറിയിച്ചാല്‍ മതി: സ്പീക്കര്‍ എ.എന്‍. ഷംസീര്‍
Kerala News
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ട; അറസ്റ്റ് ചെയ്തിട്ട് അറിയിച്ചാല്‍ മതി: സ്പീക്കര്‍ എ.എന്‍. ഷംസീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th October 2022, 12:10 pm

തിരുവനന്തപുരം: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കേസെടുത്തതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങിയത് സ്പീക്കറെ അറിയിച്ചിരുന്നോ, എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

”അങ്ങനെ അറിയിക്കേണ്ട കാര്യമില്ല. 2021ല്‍ ഇത് സംബന്ധിച്ച സുപ്രീംകോടതിയിലെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെയും എം.ആര്‍. ഷായുടെയും കൃത്യമായ ഡയറക്ഷനുണ്ട്.

ജനപ്രതിനിധികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സാധാരണ നിലയില്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ല. അവരെ അറസ്റ്റ് ചെയ്ത ശേഷം ഞങ്ങളെ അറിയിച്ചാല്‍ മതി.

ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില പ്രിന്‍സിപ്പിളുകളുണ്ട്. അത് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. അതില്‍ വേറെ തടസമൊന്നുമില്ല,” സ്പീക്കര്‍ പറഞ്ഞു.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കേണ്ടത് പ്രധാനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

”സി.പി.ഐ.എം പറയുന്നത് പോലെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുള്ള ക്ലീഷേ സാധനങ്ങളൊന്നും ഞങ്ങള്‍ പറയില്ല. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ (എല്‍ദോസ് കുന്നപ്പിള്ളില്‍) വിശദീകരണം വളരെ പ്രധാനപ്പെട്ടതാണ്. അത് സാമാന്യ മര്യാദയാണ്. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ഇന്നലെയും ഇന്നുമൊക്കെ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

എന്തെങ്കിലും വിവരം ലഭിച്ചാല്‍ കെ.പി.സി.സിയെ ബന്ധപ്പെടണം എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും അറിയിച്ചിട്ടുണ്ട്,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം, പീഡനക്കസില്‍ കുരുക്ക് മുറുകിയതോടെ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്. എം.എല്‍.എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരില്‍ സജീവമായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ പരാതി ഉയര്‍ന്നതോടെ മുങ്ങിയിരിക്കുകയാണ്. രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം.എല്‍.എയെ നേരിട്ട് ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

രണ്ട് ദിവസമായി പൊതുപരിപാടികള്‍ക്കും എം.എല്‍.എയെ കണ്ടിട്ടില്ല. എല്‍ദോസ് എവിടെയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്നത് വരെ എം.എല്‍.എ മാറിനില്‍ക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

അധ്യാപികയുടെ പീഡന പരാതിയെ തുടര്‍ന്നാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

Content Highlight: Spaeker AN Shamseer says there is no need of approval to arrest Eldhose P Kunnappilly MLA