അവസാനം വരെ ആവേശം; സൗത്ത് ആഫ്രിക്കക്ക് ചരിത്രവിജയം
Cricket
അവസാനം വരെ ആവേശം; സൗത്ത് ആഫ്രിക്കക്ക് ചരിത്രവിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 9:14 am

സൗത്ത് ആഫ്രിക്ക വുമണ്‍സും ഓസ്‌ട്രേലിയ വുമണ്‍സും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് തകര്‍പ്പന്‍ വിജയം. ഓസ്‌ട്രേലിയയെ ആറ് വിക്കറ്റുകള്‍ക്കാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് സൗത്ത് ആഫ്രിക്കന്‍ വനിതാ ടീം ടി-20യില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്.

മനുക ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്.

ഓസീസ് ബാറ്റിങ് നിരയില്‍ ഗ്രേസ് ഹാരിസ് 18 പന്തില്‍ പുറത്താവാതെ 31 റണ്‍സും അലീസാ ഹീലി 24 പന്തില്‍ 29 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ മസാബത ക്ലാസ് രണ്ട് വിക്കറ്റും നോണ്‍കുലുലേക്കോ മ്ലാബ, മരിസാന്‍ കാപ്പ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ സൗത്ത് ആഫ്രിക്ക 19 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് 53 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആറു ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ മിന്നും പ്രകടനം. ലോറക്ക് പുറമെ ടാസ്മിന്‍ ബ്രിട്ട്‌സ് 28 പന്തില്‍ 41 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഓസീസ് ബൗളിങ്ങില്‍ ആഷ്ലിഗ് ഗാര്‍ഡ്‌നര്‍ രണ്ടു വിക്കറ്റുകള്‍ വീതി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-1 എന്ന നിലയില്‍ സമനിലയില്‍ ആക്കാനും സൗത്ത് ആഫ്രിക്കക്ക് സാധിച്ചു. ജനുവരി 30നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ബ്ലണ്ട്‌സ്റ്റോണ്‍ അരീനയാണ് വേദി.

Content Highlight: South Africa womens beat Australia in T-20.