ഡു പ്ലെസിസിയുടെ സെഞ്ചുറിക്കരുത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക
Cricket
ഡു പ്ലെസിസിയുടെ സെഞ്ചുറിക്കരുത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd March 2019, 10:42 pm

ജോഹന്നാസ്ബര്‍ഗ്: ശ്രീലങ്കയ്ക്കെതിരെ ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം. ഫാഫ് ഡു പ്ലെസിസിയുടെ തകര്‍പ്പന്‍ സെഞ്ചുറി പ്രകടനത്തിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റ് വിജയമാണ് ആഥിതേയര്‍ സ്വന്തമാക്കിയത്.

ഡുപ്ലസിസി 114 പന്തില്‍ നിന്നും 112 ഉം ക്വിന്റണ്‍ ഡി കോക്ക് 72 പന്തില്‍ നിന്ന് 81 റണ്‍സും നേടി. 232 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്ക 38 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

3 വിക്കറ്റുകള്‍ വീതം നേടിയ ലുംഗി എങ്കിടിയും ഇമ്രാന്‍ താഹിറും ചേര്‍ന്നായിരുന്നു ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയുടെ നടുവൊടിച്ചത്.

കുശാല്‍ മെന്‍ഡിസ് (60), ഒഷാഡ ഫെര്‍ണാണ്ടോ (49), ധനഞ്ജയ ഡിസില്‍വ (39), കുശാല്‍ പെരേര (33) എന്നിവരായിരുന്നു ലങ്കയുടെ പ്രധാന സ്‌കോറര്‍മാര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിയ്ക്ക് വേണ്ടി ഡുപ്ലെസിസ് 112 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. വിജയത്തോടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തെത്തി.