സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും; ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍
Cricket
സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും; ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th January 2021, 2:55 pm

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നാളെ ആശുപത്രി വിടും. അദ്ദേഹത്തെ എല്ലാ ദിവസവും വീട്ടില്‍ നിരീക്ഷിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ട് മൂന്ന് ആഴ്ചകള്‍ക്കുശേഷം വീണ്ടും മെഡിക്കല്‍ ചെക്കപ്പ് നടത്തുമെന്നും വുഡ്‌ലാന്റ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. രൂപാലി ബസു പറഞ്ഞു.

കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി ഷെട്ടിയും ഒമ്പത് ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘവും ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാംഗുലിയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഭാര്യ ഡോണയും അദ്ദേഹവുമായി സംസാരിച്ചിരുന്നു.

ജനുവരി രണ്ടിന് രാവിലെ 11 മണിയോടെ ഹോം ജിംനേഷ്യത്തില്‍ ശാരീരിക വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിയ്ക്ക് നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. ജനുവരി 2 ന് അദ്ദേഹത്തിന് കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ