Administrator
Administrator
സൗമ്യവധം: കേസ് അട്ടിമറിക്കപ്പെടുമോ?
Administrator
Saturday 28th May 2011 8:28pm

വിചാരണ ജൂണ്‍ ആറിന് തുടങ്ങും

soumya-murder

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

2011 ജനുവരി 31 രാത്രി, ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്, ആളൊഴിഞ്ഞ ആ കമ്പാര്‍ട്ടമെന്റിലെ വാതില്‍ക്കമ്പിയില്‍ പിടിച്ച് ഒരു പെണ്‍കുട്ടി ജീവന് വേണ്ടി നിലവിളിച്ചു, ആ നിലവിളി പലരും കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അവര്‍ കാതുകള്‍ അടച്ച് പിടിച്ചു.

അതെ, സൗമ്യയുടെ മരണത്തിന്റെ വിങ്ങലില്‍ നിന്ന് നാം ഇതുവരെ മോചിതരായിട്ടില്ല. ഇത് ഒരു സൗമ്യയുടെ മാത്രം കഥയല്ല. നമുക്ക് ചുറ്റും നിരവധി സൗമ്യമാര്‍ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ ക്രൂരമായി ചതച്ചരക്കപ്പെടുന്നുണ്ട്. എത്രയോ സൗമ്യമാര്‍ ഇങ്ങിനെ ജീവന് വേണ്ടി നിലവിളിക്കുന്നുണ്ട്.

സൗമ്യയെ കൊലപ്പെടുത്തിയത് ആരാണ്?. ഗോവിന്ദച്ചാമിയെന്ന ഒരു കൈ മാത്രമുള്ള യാചകന്‍ ആണ് ആ ക്രൂര കൃത്യം ചെയ്തതെന്നാണ് നാം അറിഞ്ഞത്. നാലംകിട ക്രിമിനലിന്റെ മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരതയായി നാം ആ കൊലപാതകത്തെ വിശേഷിപ്പിച്ചു. പക്ഷെ ഈ ‘യാചകന്’ വേണ്ടി ഇപ്പോള്‍ കോടതിയില്‍ ഹാജരാകുന്നത് ഇന്ത്യയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകരാണെന്നത് ഞെട്ടിക്കുന്നതാണ്. അതെക്കുറിച്ച് താഴെ….

ഗോവിന്ദച്ചാമിയുടെ വിശ്വരൂപം

charly-thomasഗോവിന്ദച്ചാമിയെന്ന ഒറ്റക്കയ്യന്‍ ക്രിമിനലിന്റെ വലുപ്പം ആദ്യ തിരിച്ചറിഞ്ഞത് ഗോവിന്ദച്ചാമിയെ ജാമ്യത്തിലിറക്കാനെത്തിയ അഭിഭാഷക സംഘത്തിലൂടെയായിരുന്നു. പൂനെ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബലാത്സംഗ,കൊലപാതകക്കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായി പ്രാഗത്ഭ്യം തെളിയിച്ച തൃശൂര്‍ എരുമപ്പെട്ടി സ്വദേശി ആഡ്വ. ബി.എ ആളൂരായിരുന്നു ആ അഭിഭാഷകന്‍. വിമാനക്കൂലിയടക്കം 2-5 ലക്ഷം വരെയാണ് ആളൂരിന്റെ ഫീസ്. ഇദ്ദേഹത്തെ സഹായിക്കാന്‍ തൃശൂരിലെ അഭിഭാഷകരായ പി.എ ശിവരാജന്‍, ഷനോജ് ചന്ദ്രന്‍, എന്‍.ജെ നെറ്റോ എന്നിവരമുണ്ട്.

ഈ അഭിഭാഷകരുടെ സാന്നിധ്യമാണ് ഗോവിന്ദച്ചാമിയുടെ യഥാര്‍ഥ രൂപം പുറം ലോകത്തിന് ബോധ്യമാക്കിക്കൊടുത്തത്.(പോലീസിന് ഇക്കാര്യം നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നോയെന്ന് ഉറപ്പില്ല). ഗോവിന്ദച്ചാമിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കുകയോ പുതിയ അന്വേഷണത്തിന് ഉത്തരവിടുകയോ വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഒരു പ്രമുഖ അഭിഭാഷകന്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പുതിയ വിവരം.

എന്നാല്‍ പ്രതിഭാഗം ഹാജരാക്കിയ വന്‍ അഭിഭാഷക നിരയെ നേരിടുന്നതിന് പര്യാപ്തമായ ഒരുക്കങ്ങളൊന്നും പോലീസ് നടത്തിയിരുന്നില്ലെന്നതാണ് വാസ്തവം. ഒരുക്കങ്ങള്‍ നടത്തുന്നതിലുപരി അവരുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചകളുമുണ്ടായി.

പോലീസ് ജാഗ്രത കാണിച്ചില്ല

soumyaസൗമ്യവധം അന്വേഷിച്ച പോലീസ് സംഘം തുടക്കത്തില്‍ തന്നെ വീഴ്ച വരുത്തിയെന്നാണ് കേസ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതിയുടെ പേര് ചാര്‍ളിയെന്നാണ് ആദ്യം ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ തന്നെ പേര് ഗോവിന്ദച്ചാമിയെന്ന് മാറ്റിപ്പറഞ്ഞു. ആ പേരാണ് പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഈ പേര് മാറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.

മനപ്പൂര്‍വ്വമായാലും അല്ലെങ്കിലും കേസിനെ വേണ്ടത്ര ഗൗരവത്തോടെയല്ല പോലീസ് കണ്ടതെന്ന് വ്യക്തമാണ്. സൗമ്യ ആശുപത്രിയില്‍ മരിക്കുന്നതിന് മുമ്പ് അവര്‍ക്കൊപ്പം യാത്ര ചെയ്ത റജുല ഒരു യുവതി നല്‍കിയിരുന്ന നിര്‍ണ്ണായക മൊഴി പോലീസ് മുഖവിലക്കെടുത്തില്ല. കൊല്ലപ്പെടും മുമ്പ് സൗമ്യയെ ആരോ ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നാണ് സഹയാത്രിക നല്‍കിയ മൊഴി. ഈ അജ്ഞാതന്‍ ആരായിരുന്നുവെന്ന് പോലീസ് അന്വേഷിച്ചിട്ടില്ല. സൗമ്യ കൊല്ലപ്പെട്ട് നാലാം ദിവസം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയെങ്കിലും ആ വഴിക്ക് അന്വേഷണം നടന്നില്ല. പ്രതിയെക്കുറിച്ച് പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളും തെറ്റായിരുന്നു. ട്രെയിന്‍ കേന്ദ്രീകരിച്ച് മോഷണവും സ്ത്രീകളെ ശല്യം ചെയ്യലും പതിവാക്കിയയാളെന്നാണ് പോലീസ് പറഞ്ഞത്. പ്രതിയെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ട് വരാനും പോലീസ് തയ്യാറായില്ല. ജനങ്ങള്‍ ആക്രമിക്കുമെന്ന ഭയം കൊണ്ടാണ് അങ്ങിനെ ചെയ്യാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം. പക്ഷെ ദുരൂഹത ബാക്കിയാണ്.

പോലീസിന്റെ വീഴ്ചകള്‍ പ്രതിഭാഗം ആയുധമാക്കുന്നു

കേസിന്റെ സാക്ഷി വിസ്താരം തൃശൂര്‍ അതിവേഗ കോടതി നമ്പര്‍ ഒന്നില്‍ ജൂണ്‍ ആറിന് തുടങ്ങുകയാണ്. നേരത്തെ കുറ്റപത്രം വായിച്ചു കേട്ടയുടന്‍ ഗോവിന്ദച്ചാമി ആരോപണം നിഷേധിക്കുകയായിരുന്നു. കുറ്റപത്രത്തില്‍ അപാകതയുള്ളതിനാല്‍ അത് റദ്ദാക്കണമെന്നും വിചാരണ കൂടാതെ ഗോവിന്ദച്ചാമിയെ കുറ്റമുക്തനാക്കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. കുറ്റപത്രത്തിലെ വാദങ്ങള്‍ പരസ്പര വിരുദ്ധവും അവിശ്വസനീയവുമാണെന്നാണ് പ്രതിഭാഗം വാദം. ഇക്കാര്യം ഉന്നയിച്ചാണ് അവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

കുറ്റപത്രത്തില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ സമയത്ത് ഇക്കാര്യം ആവശ്യപ്പെടാമെന്നാണ് ജഡ്ജി രവീന്ദ്ര ബാബു പറഞ്ഞത്. വിചാരണ സമയത്ത് ആ ആവശ്യം ഉന്നയിക്കപ്പെടുക തന്നെ ചെയ്യും. കുറ്റപത്രം പരസ്പര വിരുദ്ധമാണെന്ന് പ്രതിഭാഗം വാദിക്കുമെന്ന് ഉറപ്പാണ്. അതിനുള്ള എല്ലാ വഴികളും പോലീസ് ചെയ്തുകൊടുത്തിട്ടുമുണ്ട്.

കഴിഞ്ഞ മൂന്നാം തീയതിയാണ് വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചാമിയുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് നീട്ടിയത്. റിമാന്റ് കാലാവധിക്കുള്ളില്‍ ഇയാളെ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ വിയ്യൂര്‍ സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കുകയോ റിമാന്റ് നീട്ടുകയോ ചെയ്തിട്ടില്ല. അതിനാല്‍, ചാമിയെ ജയിലില്‍ വെക്കുന്നത് നിയമവിരുദധമാണെന്നും ജയില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും കാണിച്ചാണ് 267ം വകുപ്പ് പ്രകാരം പ്രതിഭാഗം ഒരു ഹരജി നല്‍കിയത്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാതെ ജയിലില്‍ പാര്‍പ്പിച്ചത് 309ം വകുപ്പിന്റെ ലംഘനമാണെന്ന് കാണിച്ച് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്.

ചാമിക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന നടപടിയാണിത്. ഇത്തരം അനേകം പഴുതുകളാവും കോടതിയില്‍ സഹായകമാവുക. സൗമ്യക്ക് വന്ന ആ അജ്ഞാത ഫോണ്‍ കോളും പ്രതിഭാഗം ആയുധമാക്കുന്നുണ്ട്. ഇതെക്കുറിച്ച് അന്വേഷിക്കാതിരുന്ന പോലീസ് നടപടിയെ പ്രതിഭാഗം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.


വാര്‍ത്തയില്‍ ചില വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളുണ്ടായിരുന്നു. ആ ഭാഗം നിക്കം ചെയ്തിട്ടുണ്ട്.

– എഡിറ്റര്‍

 

Advertisement