എഡിറ്റര്‍
എഡിറ്റര്‍
‘ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്ത് മാറി നിന്നവര്‍ക്ക് ചരിത്രത്തിന്റെ പങ്ക് പറ്റാന്‍ അര്‍ഹതയില്ല’; യെച്ചൂരിയ്ക്ക് പിന്നാലെ പാര്‍ലമെന്റില്‍ ബി.ജെ.പിയെ ചരിത്രം പഠിപ്പിച്ച് സോണിയയും, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 9th August 2017 10:06pm

ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണ്ണായകമായ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷിക ദിനം ബി.ജെ.പിയ്ക്ക് പാര്‍ലമെന്റില്‍ തല താഴ്ത്തിയായിരുന്നു ഇരിക്കേണ്ടി വന്നത്. സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബി.ജെ.പിയ്‌ക്കെതിരെ രംഗത്തെത്തി.

ബി.ജെ.പിയെ പേരെടുത്ത് പറയാതെയായിരുന്നു സോണിയയുടെ വിമര്‍ശനം. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു സോണിയയുടെ പ്രസംഗം. ക്വിറ്റ് ഇന്ത്യ സമരത്തെ ചിലര്‍ എതിര്‍ത്തിരുന്നുവെന്നായിരുന്നു സോണിയ പറഞ്ഞത്. ബി.ജെ.പിയ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഉന്നം വ്യക്തമായിരുന്നു.

1942 ല്‍ ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റുമായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച ഗാന്ധിജിയെ ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതാവും ആചാര്യനുമായ വി.ഡി സവര്‍ക്കര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെയാണ് സോണിയ പരോക്ഷമായി വിമര്‍ശിച്ചത്.

ക്വിറ്റ് ഇന്ത്യ സമരത്തെ വിമര്‍ശിച്ച സംഘടനകള്‍ക്ക് സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കില്ലെന്നും സോണിയ പറഞ്ഞു. ഐതിഹാസ പോരാട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ച് എടുത്ത് പറയാനും സോണിയ മറന്നില്ല.

നെഹ്‌റു ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയിലില്‍ വച്ച് തന്നെ മരണപ്പെട്ടിട്ടുണ്ടെന്നും സോണിയ പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും തങ്ങളുടെ ആചാര്യനും വഴികാട്ടിയായും കണക്കാക്കുന്ന നേതാവാണ് സവര്‍ക്കര്‍. ക്വിറ്റ് ഇന്ത്യ സമരത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ബഹിഷ്‌കരിക്കുകയും ചെയ്തയാളാണ് സവര്‍ക്കറെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യം പറയുന്നുണ്ട്.


Also Read:  ‘സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചത് കാണാം; ചരിത്രം ഞങ്ങളുടേത് കൂടിയാണ് സര്‍… ‘; സീതാറാം യെച്ചൂരി, വീഡിയോ


നേരത്തെ, രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി രംഗത്തെത്തിയിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും വഹിച്ച പങ്കിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. നാന പാട്ടീലിനേയും ലക്ഷ്മി ഭായ്‌യേയും എ.കെ.ജിയേയുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു. ഇന്ത്യയുടെ ചരിത്രം തങ്ങളുടേത് കൂടിയാണെന്നു പറഞ്ഞ യെച്ചൂരി 1921 ല്‍ കമ്മ്യൂണിസ്റ്റുകാരായ മൗലാന ഹസ്‌റത് മൊഹാനിയും സ്വാമി കുമരാനന്ദയുമാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തതെന്നും ഓര്‍മ്മിപ്പിച്ചു.

രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യമൂല്യവും കാത്ത് സൂക്ഷിക്കാന്‍ കഴിയണമെന്ന് പറഞ്ഞ യെച്ചൂരി എന്തുകൊണ്ട് മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയത തടയാന്‍ ഒന്നും ചെയ്തില്ലെന്ന് ചോദിച്ചു. രാജ്യത്തെ രണ്ടു തട്ടിലാക്കിയ സാമ്പത്തികനയത്തോടാണ് ക്വിറ്റ് ഇന്ത്യ പറയേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ക്വിറ്റ് ഇന്ത്യസമരത്തെ ചിലര്‍ എതിര്‍ത്തിരുന്നുവെന്നായിരുന്നു പേരെടുത്ത് പറയാതെ സോണിയയുടെ വിമര്‍ശനം. 1942 ല്‍ സവര്‍ക്കര്‍ ക്വിറ്റ് ഇന്ത്യക്കെതിരെ രംഗത്തെത്തിയതായിരുന്നു സോണിയ ഓര്‍മ്മിപ്പിച്ചത്.

Advertisement