സോണിയ വന്നു, കോണ്‍ഗ്രസില്‍ തലമുറമാറ്റം പിന്നോട്ട്; രാഹുല്‍ നിയമിച്ച യുവനേതാക്കള്‍ മാറുന്നു, പകരം സോണിയയുടെ 'പടക്കുതിരകള്‍'
national news
സോണിയ വന്നു, കോണ്‍ഗ്രസില്‍ തലമുറമാറ്റം പിന്നോട്ട്; രാഹുല്‍ നിയമിച്ച യുവനേതാക്കള്‍ മാറുന്നു, പകരം സോണിയയുടെ 'പടക്കുതിരകള്‍'
ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 4:47 pm

ന്യൂദല്‍ഹി: ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി സ്ഥാനമേറ്റതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നിയന്ത്രണം വീണ്ടും ‘പഴയ പടക്കുതിര’കളിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി അധ്യക്ഷനായിരുന്ന കാലത്ത് നേതൃതലത്തില്‍ എത്തിയ പുതിയ നേതാക്കള്‍ക്കു പകരമാണു മുതിര്‍ന്ന നേതാക്കള്‍ വീണ്ടുമെത്തുന്നത്.

അതിലാദ്യ നിയമനം ഹരിയാനയിലേതാണ്. പി.സി.സി അധ്യക്ഷസ്ഥാനത്ത് അശോക് തന്‍വറിനു പകരം കുമാരി സെല്‍ജയെ നിയമിച്ചത് അനുഭവ പരിജ്ഞാനമുള്ള നേതാക്കളെ കൂടുതല്‍ വിശ്വാസത്തിലെടുക്കുന്നു എന്നു വ്യക്തമാക്കുന്നതാണ്.

അതിനുശേഷം മുംബൈ കോണ്‍ഗ്രസിന്റെ തലപ്പത്ത് മിലിന്ദ് ദേവ്‌റയ്ക്കു പകരം ഏകനാഥ് ഗെയ്ക്ക്‌വാദിനെയാണു നിയമിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത ത്രിപുരയില്‍ നിന്നാണ്. സംസ്ഥാനത്തിന്റെ ചാര്‍ജുള്ള എ.ഐ.സി.സി നേതാവ് ലുയിസിനോ ഫലേറോയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് യുവനേതാവ് പ്രദ്യോത് ദേബ്ബര്‍മന്‍ പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

പ്രദ്യോത് രാഹുലിന്റെ അടുത്തയാളായാണു കരുതിയിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം തുറന്നുപറഞ്ഞ പ്രദ്യോതിനെ അനുനയിപ്പിച്ചായിരുന്നു രാഹുല്‍ പി.സി.സി അധ്യക്ഷസ്ഥാനത്തു തുടരാന്‍ പ്രേരിപ്പിച്ചത്.

അതിനിടെ ജാര്‍ഖണ്ഡില്‍ രാഹുല്‍ നിയമിച്ച അജോയ് കുമാറിനെ മാറ്റിയാണു മുതിര്‍ന്ന നേതാവ് രാമേശ്വര്‍ ഒറോണിനെ സോണിയ നിയമിച്ചത്.

രാഹുല്‍ അധ്യക്ഷനായിരുന്ന കാലയളവില്‍ പല സംസ്ഥാനങ്ങളിലും എ.ഐ.സി.സി ചാര്‍ജുള്ള നേതാക്കളായി നിയമിച്ചതു യുവാക്കളെയായിരുന്നു. വരുംദിവസങ്ങളില്‍ ഇവര്‍ക്കും മാറ്റമുണ്ടായേക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പഴയ തലമുറയിലെ നേതാക്കളുടെ ജനകീയതയ്ക്കാണ് ഇതുവഴി സോണിയ ഊന്നല്‍ നല്‍കുന്നത്. അതേസമയം സംഘടനാ രംഗത്തുനിന്ന് ഒഴിവാക്കുന്ന നേതാക്കളെ പാര്‍ലമെന്ററി തലത്തില്‍ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം കേരളത്തില്‍ കെ.വി തോമസ് അടക്കമുള്ള നേതാക്കള്‍ക്ക് പ്രാധാന്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു.

ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനത്തിനെതിരെ മുന്‍ എം.പിയായ കെ.വി തോമസ് നേരിട്ടു രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ യു.ഡി.എഫ് കണ്‍വീനറാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു.