നിര്‍ണായക നീക്കവുമായി സോണിയ; 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു
D' Election 2019
നിര്‍ണായക നീക്കവുമായി സോണിയ; 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 12:55 pm

ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം അടുക്കവേ നിര്‍ണായക നീക്കവുമായി യു.പി.എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി.

ഫലം പ്രഖ്യാപിക്കുന്ന മെയ് 23 ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സോണിയ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്ത് നല്‍കി.

കത്ത് ലഭിച്ചതായി ഡി.എം.കെ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തില്‍ എം.കെ സ്റ്റാലിന്‍ പങ്കെടുക്കുമെന്നും ഡി.എം.കെ അറിയിച്ചു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി സംസാരിക്കാന്‍ കമല്‍നാഥിനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും സോണിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വൈ.എസ്.കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, ടി.ആര്‍.എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവു എന്നിവരുമായും സംസാരിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേതാക്കന്‍മാരുമായെല്ലാം അനൗപചാരിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് വിവരം.

തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനപ്പെടുത്തി ബി.ജെ.പി ഇതര സര്‍ക്കാരുണ്ടാക്കാനുള്ള നിര്‍ണായക കരുനീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി ഒറ്റയ്ക്ക് 200സീറ്റിന് മുകളിലെത്തിയാല്‍ ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ സാധ്യതയുള്ള ബി.ജെ.ഡി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവരുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് ആരംഭിച്ചത്.

എം.കെ സ്റ്റാലിനിലൂടെ ടി.ആര്‍.എസിനെയും, വൈ.എസ.്ആര്‍ കോണ്‍ഗ്രസിനെയും ഒപ്പം നിര്‍ത്താമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും, ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഒപ്പം നിര്‍ത്താന്‍ സോണിയ ഗാന്ധി നേരിട്ട് രംഗത്തിറക്കുമെന്നാണ് കോണ്‍ഗ്രസിന്റേയും വിലയിരുത്തല്‍.

അതേസമയം, കോണ്‍ഗ്രസിന് 100 മിതല്‍ 110 സീറ്റ വരെയാണ് ലഭിക്കുന്നതെങ്കില്‍ പ്രാദേശിക കക്ഷികളുടെ നേൃത്വത്തിലുള്ള മൂന്നാംമുന്നണിയെ പുറത്തുനിന്ന് പിന്തുണക്കാനും കോണ്‍ഗ്രസ് തയ്യാറായേക്കും.

പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികള്‍ക്കുള്ള സന്ദേശമാണ് ഗുലാം നബി ആസാദിന്റെ ഈ പ്രസ്താവനയെ കണക്കാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കോണ്‍ഗ്രസ് നേരത്തെ ശ്രമിച്ചിരുന്നു.

എന്‍.ഡി.എയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം. ‘നമ്മള്‍ അവസാന ഘട്ട തെരഞ്ഞെടുപ്പിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതില്‍ നിന്നും എനിക്കു മനസിലായത് ബി.ജെ.പിയോ എന്‍.ഡി.എയോ അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ലയെന്നാണ്. നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍.ഡി.എ ഇതര സര്‍ക്കാറായിരിക്കും കേന്ദ്രത്തിലുണ്ടാവുക.’ – എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.