പുതുപ്പരിയാരത്ത് മകന്‍ അച്ഛനമ്മമാരെ കൊലപ്പെടുത്തിയത് അതിക്രൂരമായി; വെട്ടിക്കൊന്ന ശേഷം ശരീരത്തില്‍ വിഷം കുത്തിവെച്ചു, മുറിവുകളില്‍ കീടനാശിനി ഒഴിച്ചു; പ്രതി കടുത്ത ലഹരിക്കടിമ
Crime
പുതുപ്പരിയാരത്ത് മകന്‍ അച്ഛനമ്മമാരെ കൊലപ്പെടുത്തിയത് അതിക്രൂരമായി; വെട്ടിക്കൊന്ന ശേഷം ശരീരത്തില്‍ വിഷം കുത്തിവെച്ചു, മുറിവുകളില്‍ കീടനാശിനി ഒഴിച്ചു; പ്രതി കടുത്ത ലഹരിക്കടിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 12:16 pm

പാലക്കാട്: പുതുപ്പരിയാരത്ത് അച്ഛനേയും അമ്മയേയും അതിക്രൂരമായി കൊലപ്പെടുത്തിയത് മകന്‍ സനല്‍ തന്നെയെന്ന് പൊലീസ്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനമ്മമാരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് സനല്‍ പൊലീസിന് വിശദീകരിച്ചു നല്‍കി.

അച്ഛനമ്മമാരെ കൊന്ന ശേഷം കൈയ്യില്‍ കരുതിയിരുന്ന വിഷകുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവെച്ചെന്നും പൊലീസ് പറഞ്ഞു.

അമ്മയുടെ ദേഹത്ത് വിഷം കുത്തി വെക്കാന്‍ ശ്രമിക്കുന്നതിനിടെ രക്തത്തില്‍ കാലുതെന്നി വീണ് സിറിഞ്ച് ഒടിഞ്ഞെന്നും ഇതോടെ ഇരുവരുടേയും മുറിവുകളില്‍ കീടനാശിനിയും വിഷവും ഒഴിച്ചെന്നും സനല്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.

അമ്മ ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ ഏറ്റിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. നടുവിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സനല്‍ അദ്ദേഹത്തേയും വെട്ടുകയായിരുന്നു.

ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളേറ്റിട്ടുണ്ട്. ഇരുവരും മരിച്ച് കിടക്കുന്നതിനടുത്തിരുന്ന് സനല്‍ ആപ്പിള്‍ കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കൊലപാതത്തിന് ശേഷം അച്ഛന്റെ മുറിയിലെ ശുചിമുറിയില്‍ നിന്ന് രക്തക്കറ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടതെന്നും സനല്‍ പൊലീസിനോട് സമ്മതിച്ചു.

മുംബൈയില്‍ ജോലി ചെയ്യുകയായിരുന്ന സനലിന് കൊവിഡ് പ്രതിസന്ധിയെത്തുടരന്ന് ജോലി നഷ്ടമായിരുന്നു. ഇതേത്തുടര്‍ന്ന് ഏറെക്കാലമായി അച്ഛനമ്മമാര്‍ക്കൊപ്പമായിരുന്നു സനല്‍ കഴിഞ്ഞിരുന്നത്. കടുത്ത ലഹരിവസ്തുക്കള്‍ക്ക് അടിമയായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു.

കൊല നടന്ന ദിവസം രാത്രി 9 മണി വരെ സനല്‍ വീട്ടിലുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.

അമ്മയെ വെട്ടിയ വടിവാളില്‍ അവരുടെ മുടിയും തെളിവെടുപ്പിനിടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെട്ടാനുപയോഗിച്ച മറ്റൊരു അരിവാളും കണ്ടെത്തി. വീടിന് പിന്നിലെ വര്‍ക്ക് ഏരിയയിലെ പുസ്തകങ്ങള്‍ക്കിടയിലാണ് ആയുധം ഇട്ടത്. ഇത് പൊലീസ് എടുത്തുകാട്ടിയപ്പോള്‍ അതില്‍ അമ്മയുടെ മുടി കണ്ടപ്പോഴും പ്രതിക്ക് ഭാവഭേദമൊന്നുമുണ്ടായില്ല.

വിഷക്കുപ്പി കുളിമുറിയുടെ സണ്‍ഷേഡില്‍ നിന്നാണ് കണ്ടെത്തിയത്. ആയുധത്തില്‍ നിന്നു കണ്ടെത്തിയ മുടിയും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കയക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പുതുപ്പരിയാരം ഓട്ടൂര്‍ക്കാവില്‍ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. തൊട്ടടുത്തുള്ള ഉമ്മിനി എന്നയിടത്ത് പുലി ഇറങ്ങിയിട്ടുള്ളതിനാല്‍ നാട്ടുകാര്‍ ആരും പുറത്തിറങ്ങിയിരുന്നില്ല. സ്ഥലത്ത് നിന്ന് ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. രാവിലെ ഇരുവരെയും എറണാകുളത്തുള്ള മകള്‍ സൗമിനി പല തവണ ഫോണില്‍ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് ഇവര്‍ അയല്‍വാസികളെ വിളിച്ചത്. തുടര്‍ന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്.

Pic Credit: Samakalika Malayalam

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Son kills parents in Puthupparyaram Brutally sprayed pesticides on wounds; Defendant severely intoxicated