വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍; നടപടി മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ
Kerala News
വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍; നടപടി മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2023, 4:45 pm

കോട്ടയം: കോട്ടയം മീനടത്ത് വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ (48) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം കൊച്ചുമോന്‍ വീണ്ടും മാതാവിനെ മര്‍ദ്ദിക്കുന്ന സമയത്ത് ഇയാളുടെ ഭാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാര്‍ഡ് മെമ്പര്‍ക്കും മറ്റുള്ളവര്‍ക്കും അയക്കുകയായിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

മദ്യത്തിന് അടിമയായ കൊച്ചുമോന്‍ സ്ഥിരമായി വീട്ടില്‍ വെച്ച് മാതാവിനെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

മര്‍ദനം തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. എന്നാല്‍, നാട്ടുകാരുടെ ഇടപെടലുണ്ടായിട്ടും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു.

അറസ്റ്റിലായ കൊച്ചുമോന്‍ വയോധികയായ മാതാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Content Highlight: Son Arrested for attacking Mother in Kottayam