Administrator
Administrator
സോളിഡാരിറ്റിക്കാരുടെ രാജഭക്തി
Administrator
Friday 7th October 2011 5:55pm


ചാട്ടുളി/ മറിയം

സോളിഡാരിറ്റി എന്നാല്‍ ഐക്യദാര്‍ഢ്യം എന്നാണര്‍ഥം. നീതിക്കും നന്മക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യം. അനീതിക്കും അക്രമത്തിനും എതിരായ ഐക്യദാര്‍ഢ്യം.ചുറ്റുപാടിലേക്ക് കണ്ണോടിച്ചാല്‍ അനീതിയുടെ അട്ടഹാസങ്ങളാണെങ്ങും. ഇരുട്ടിന്റെ ശക്തികളുടെ വിളയാട്ടമാണെവിടെയും. രാജ്യം പൊരുതിനേടിയ സ്വാതന്ത്ര്യവും ജനാധിപത്യവും പച്ചയായി വെട്ടിനുറുക്കി അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നിവേദ്യമര്‍പ്പിക്കുന്ന കറുത്ത സായ്പന്മാരെക്കണ്ട് രാജ്യം വിറങ്ങലിച്ചു നില്‍ക്കുകയാണ്.

ഇനി കാത്തുനില്‍പ്പ് സാധ്യമേയല്ല. നന്മയിലും നീതിയിലും വിശ്വാസമുള്ള മുഴുവന്‍ മനുഷ്യരും സമരസന്നദ്ധരായി എഴുന്നേറ്റ് നില്‍ക്കാന്‍ സമയമായിരിക്കുന്നു. പ്രതിരോധത്തിന്റെ കരുത്തുറ്റ കന്മതിലായി നാം കൈകോര്‍ത്ത് നില്‍ക്കുകയാണ് ഏകവഴി. തിന്മയുടെ വേതാളങ്ങള്‍ക്കെതിരെ നന്മയുടെ പക്ഷത്ത് നിന്നുള്ള ഐക്യദാര്‍ഢ്യം നാം രൂപപ്പെടുത്തിയേ തീരൂ.

യുവാക്കളാണ് നമ്മുടെ നാടിന്റെ കാമ്പും കാതലും. യുവത്വത്തിലാണ് നമ്മുടെ പ്രതീക്ഷ. യൗവനത്തിന്റെ വിപ്ലവശക്തിയെ നാടിന്റെ നന്മക്കുവേണ്ടി വഴിതിരിച്ച് വിടുകയാണ് സോളിഡാരിറ്റിയുടെ ലക്ഷ്യം. ഓരോ യുവാവും മാറ്റത്തിന്റെ ചാലക ശക്തിയാവണം. നിശ്ചയദാര്‍ഢ്യത്തിന്റെ കാരിരുമ്പാകണം. പ്രതിരോധത്തിന്റെ ശക്തി ദുര്‍ഗമാകണം. മനുഷ്യത്വത്തിന്റെ നിറകുടവും നന്മയുടെ വെള്ളിവെളിച്ചവുമാകണം. ഈ ലക്ഷ്യം മുന്നില്‍കണ്ട് സോളിഡാരിറ്റി യുവാക്കള്‍ക്ക് ആദര്‍ശബോധത്തിന്റെ കരുത്ത് പകരുന്നു. സദാചാര നിഷ്ഠയും മൂല്യബോധവും പഠിപ്പിക്കുന്നു. അങ്ങിനെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി അവരെ ഒന്നിച്ചുചേര്‍ക്കുന്നു. സോളിഡാരിറ്റി യുവത്വത്തിന്റെ സുഹൃത്തും ജീവിതത്തിന്റെ വഴികാട്ടിയുമായി നമുക്കനുഭവപ്പെടുന്നത് അതുകൊണ്ടാണ്.

സോളിഡാരിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സോളിഡാരിറ്റിയെ അറിയുക എന്ന കുറിപ്പില്‍ നിന്ന്….

കോഴിക്കോട് സാമൂതിരി

ഏകദേശം 750 വര്‍ഷക്കാലം കേരളത്തിലെ കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേര്‍ ആണ് സാമൂതിരി. പോര്‍ത്തുഗീസുകാര്‍ വാസ്‌കോ ഡി ഗാമ യുടെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നത് മാനവിക്രമന്‍ സാമൂതിരിയുടെ കാലത്താണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാര്‍.

സാമൂതിരിമാര്‍ ഉപജാപങ്ങളിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ഭരണം കൈക്കലാക്കിയതെന്ന് ചില ചരിത്രകാരന്മാര്‍ ആരോപിക്കുന്നു. എഴുനൂറില്‍പരം വര്‍ഷങ്ങള്‍ സാമൂതിരിമാര്‍ ഭരിച്ചെങ്കിലും യുദ്ധങ്ങളും പോരുകളും മാത്രം നടന്നിരുന്ന ഇവരുടെ ഭരണകാലം യാതൊരു വിധ പുരോഗമനവുമില്ലാതെ മലബാര്‍ അധ:പതിച്ചതായാണ് ചരിത്രകാരനായ കെ. ബാലകൃഷ്ണക്കുറുപ്പ് രേഖപ്പെടുത്തുന്നത്.

മുസ്‌ലീങ്ങളുടെയും മൂറുകളുടെയും സഹായത്തോടെ നാടു ഭരിച്ചിരുന്ന അവര്‍ക്ക് മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തുക എന്നല്ലാതെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നില്ല. ചേരന്മാരെപ്പോലെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയോ നാടു നന്നാക്കുകയോ ഗതാഗത സംവിധാനം മെച്ചെപ്പെടുത്തുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. സ്വാതന്ത്ര്യം ലഭിച്ച ശേഷവും രാജകുടുംബത്തെ സാമൂതിരിയെന്ന പേരില്‍ വിളിച്ചുതുടങ്ങി. ഇപ്പോഴത്തെ കാരണവര്‍ പി.കെ.എസ് രാജ.

മലബാര്‍ അവഗണന

കേരളം ഭരിക്കുന്നവര്‍ കാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്നും തങ്ങള്‍ വികസന-വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വിഷയങ്ങളില്‍ ഏറെ പിറകിലാണെന്നും മലബാറുകാരുടെ ഏറെക്കാലമായുള്ള പരാതിയാണ്. ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കിട്ടാന്‍ മലബാറില്‍ അണികളുള്ള പാര്‍ട്ടികള്‍ ഏറെക്കാലമായി പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തി വരാറുമുണ്ട്. മുസ്‌ലിം ലീഗും പി.ഡി.പിയും ചെറുകിട രാഷ്ട്രീയ സമുദായ സംഘടനകളുമെല്ലാം ഏറെക്കാലമായി ഇത് പറഞ്ഞുകൊണ്ടിരിക്കയാണ്.

ചില മുസ് ലിം സംഘടനകളെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിച്ചോദിച്ചാലും മലബാര്‍ അവഗണനയെന്ന് പറയുന്ന സ്ഥിതിയാണ്. കോഴിക്കോട് ആസ്ഥാനമായുള്ള ചില പത്രങ്ങള്‍ സംസ്ഥാന പേജില്‍ വരെ മലബാര്‍ അവഗണനയെക്കുറിച്ച് വാര്‍ത്ത കൊടുത്തിരുന്നു. ചിലപ്പോള്‍ എഡിറ്റോറിയല്‍ വരെ എഴുതിക്കളഞ്ഞു. മറ്റ് ചില ദേശീയ പത്രങ്ങള്‍ മലബാര്‍ എഡിഷനില്‍ മലബാര്‍ വേദനയെക്കുറിച്ച് പറയുകയും തെക്കന്‍ എഡിഷനില്‍ മലബാറിന് അനര്‍ഹമായി ആനുകൂല്യം ലഭിക്കുന്നതിനെക്കുറിച്ചും പറഞ്ഞു.

കാര്യങ്ങള്‍ ഇങ്ങിനെ പോകുമ്പോഴാണ് ജമാഅത്തെ ഇസ് ലാമിയുടെ യുവജന വിപ്ലവ പ്രസ്ഥാനമായ സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തനപ്രക്ഷോഭത്തിനൊരുങ്ങിയത്.

നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ചരിത്രം

1932 ല്‍ പട്ടാഭിഷേകം ചെയ്യപ്പെട്ട ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലയളവില്‍ അതുവരെയുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പരിഷ്‌കരിച്ചു. അന്നു വരെയുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം അസംബ്ലി, ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.

70 ശതമാനത്തോളം വരുന്ന ഈഴവ, ക്രൈസ്തവ, മുസ്‌ലിം ജനസമൂഹത്തിനു പുതിയ പരിഷ്‌കാരത്തില്‍ ഒരു ഗുണവുമില്ലെന്നാരോപിച്ചാണ് നിവര്‍ത്തനപ്രക്ഷോഭം തുടങ്ങിയത്. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ അനുവദിക്കുകയെന്നതായിരുന്നു ആവശ്യമെങ്കിലും പ്രക്ഷോഭം സര്‍ക്കാര്‍ കേട്ടതായി പോലും നടിച്ചില്ല. എങ്കിലും ഒടുവില്‍ പൊതുസേവനമേഖലയില്‍ ഒരു പരിധിവരെ സാമുദായിക സംവരണമനുവദിക്കാന്‍ തയാറാകേണ്ടി വന്നു.

സോളിഡാരിറ്റിയുടെ രാജഭക്തി

തിരുവിതാംകൂറില്‍ തങ്ങള്‍ക്കനുഭവിക്കേണ്ടി വന്ന അവഗണനക്കെതിരെ അധികാരികളുടെ കണ്ണുതുറപ്പിക്കാനായിരുന്നു ഈഴവരും മുസ് ലിംകളും കൃസ്ത്യാനികളും ചേര്‍ന്ന് നിവര്‍ത്തനപ്രക്ഷോഭം നടത്തിയത്. സ്വാഭാവികമായി അധികാര-സാമ്പത്തിക മേല്‍ത്തട്ടിലുണ്ടായിരുന്ന സവര്‍ണ്ണ വിഭാഗത്തിനെതിരായിരുന്നു അന്ന് സമരം. പുതിയ കാലത്ത് സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിനൊരുങ്ങുമ്പോള്‍ സമരവിളംബര സമ്മേളനത്തിന്റെ മുഖ്യാഥിതി ‘സാമൂതിരി മഹാമഹിമ ശ്രീ പി.കെ.എസ് രാജ’ യാണ്.

ശനിയാഴ്ച(8-10-11)കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന ജില്ലാ പ്രഖ്യാപന റാലിയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ ലിസ്റ്റില്‍ ഒന്നാമതായി വലിയ അക്ഷരത്തിലാണ് മേല്‍പ്പറഞ്ഞ രാജാവിനെ ഉല്ലേഖനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് പ്രിവി പഴ്‌സ് എന്ന വാര്‍ഷിക വിഹിത സമ്പ്രദായം അവസാനിപ്പിച്ചതിനൊപ്പം ഭരണഘടനാ ഭേദഗതിയിലൂടെ രാജാധികാരവുമായി ബന്ധപ്പെട്ട എല്ലാ പ്രതീകങ്ങളും അവസാനിപ്പിച്ചിട്ടുണ്ട്. രാജാവ്, റാണി, മഹാരാജാവ് എന്ന് തുടങ്ങിയ പദവികള്‍ ഇതോടെ ഇല്ലാതായി. കെ.പി.സി.സി പ്രസിഡന്റ് ശ്രീമാന്‍ രമേശ് ചെന്നിത്തലയെപ്പോലെ സോളിഡാരിറ്റിക്കാരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

അടുത്തിടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് രാജാധികാരവും ജനാധിപത്യവും വീണ്ടും ചര്‍ച്ചയായത്. കേരളം രാജഭരണത്തിന് കീഴിലല്ലെന്നും ജനാധിപത്യം വന്ന് 60 വര്‍ഷം കഴിഞ്ഞുവെന്നും നാം എത്രയൊക്കെ പറഞ്ഞാലും തിരുവനന്തപുരത്തുകാര്‍ക്ക് മനസ്സിലാകില്ല. തിരുവിതാംകൂര്‍ രാജാവിനെക്കാണുമ്പോള്‍ ഏത് വിപ്ലവകാരിയും സ്രാംഷ്ടാംഗം വീണ് പോകുന്ന അവസ്ഥയാണ്. എന്നാല്‍ രാജാധികാരത്തിന്റെ ദുസ്വഭാവം ശരിക്കനുഭലിച്ച് മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞു. സോളിഡാരിറ്റിയുടെ പ്രസ്ഥാനിക പത്രമായ മാധ്യമം ഇക്കാര്യത്തില്‍ വി.എസിന്റെ നിലപാടിനൊപ്പമായിരുന്നു. എന്നാല്‍ യുവജനതക്ക് വഴികാട്ടിയും സാമൂഹിക വിപ്ലവത്തിന്റെ ചാലക ശക്തിയുമെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോളിഡാരിറ്റിക്ക് സ്വന്തം നിലപാടില്‍ വെള്ളം ചേരുന്നത് തിരിച്ചറിയാനാകാതെ പോയതാണ് ഏറെ സങ്കടകരംം.

ജനാധിപത്യ കാലത്ത് പഴയ ഫ്യൂഡല്‍ രാജാധികാരത്തിന്റെ ചിഹ്നങ്ങള്‍ വലിച്ചെറിയണമെന്ന് ജനങ്ങളോട് പറയേണ്ട ‘വിപ്ലവ’ സംഘടനയാണ് നിവര്‍ത്തനപ്രക്ഷേഭത്തിന്റെ ഒന്നാംവരിയില്‍ സമൂതിരി രാജാവിന്റെ കാല്‍ക്കല്‍ വീണ് ന്മസ്‌കരിക്കുന്നത്. സായിപ്പിന് മുന്നിലെത്തുമ്പോള്‍ കാവാത്ത് മറക്കുമെന്ന് പറഞ്ഞപോലെയായിപ്പോയി ഇത്. കോഴിക്കോട്ടുകാര്‍ സാമൂതിരിയെ രാജഭക്തിയോടെ തന്നെ വിളിക്കുന്നത് സാമൂതിരി പി.കെ.എസ് രാജ എന്നാണ്. എന്നാല്‍ സോളിഡാരിറ്റിക്കാന്‍ ഒരു പടികൂടി കടന്ന് പേരിന് മുന്നില്‍ ‘മഹാമഹിമ’യെന്ന് കൂടി ചേര്‍ത്ത് തങ്ങളുടെ മഹത്തായ രാജഭക്തി തെളിയിച്ചിരിക്കുന്നു. രാജാവിനേക്കാള്‍ വലിയ രാജഭക്തി തന്നെ.

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പേരുകള്‍ക്കെല്ലാം മുകളിലായാണ് വലിയ അക്ഷരത്തില്‍ കട്ടികൂട്ടി ‘പി.കെ.എസി’ന്റെ പേര് എല്ലാ ഭക്ത്യാധരങ്ങളോടും കൂടി സോളിഡാരിറ്റിയുടെ നിവര്‍ത്തന പരസ്യത്തില്‍ എഴുതിയിരിക്കുന്നത്. ജനപ്രതിനിധികളുടെ പേരിന് മുകളില്‍ പി.കെ.എസിനെ പ്രതിഷ്ഠിക്കാന്‍ എന്ത് പ്രത്യേകതയാണ് സോളിഡാരിറ്റി അദ്ദേഹത്തില്‍ കണ്ടത്?. ടെലിഗ്രാഫ് വകുപ്പിലെ ഉദ്യാഗസ്ഥനായി ജോലി ചെയ്ത് 2003ല്‍ നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന് മലബാര്‍ നിവര്‍ത്തനപ്രക്ഷോഭത്തിലെ നേതൃസ്ഥാനമേറ്റെടുക്കാന്‍ തക്ക യോഗ്യതയെന്ത്?.

രാജാധികാരങ്ങളുടെ എല്ലാ അടയാളങ്ങളും അവസാനിച്ചുവെങ്കിലും പഴയ ഫ്യൂഡലിസത്തിന്റെ തികട്ടല്‍ അനുഭവിക്കുന്നവര്‍ പി.കെ.എസ് രാജയെ പൊതുയിടങ്ങളിലേക്ക് എഴുന്നള്ളിച്ച് കൊണ്ടുവരാറുണ്ട്. ജനാധിപത്യ കാലത്ത് എല്ലാ പൗരനെപ്പോലെ ഒരാള്‍ മാത്രമായിരിക്കെ എന്തിനാണ് പഴയ ഫ്യൂഡല്‍ ഓര്‍മ്മകളെ സോളിഡാരിറ്റി ഇങ്ങിനെ താലോലിക്കുന്നത്?.

മതേതരത്തം തെളിയിക്കാന്‍ ചിലര്‍ രാജാവിനെയും കോഴിക്കോട് വലിയ ഖാസിയെയും പൊതുചടങ്ങുകളിലേക്ക് ക്ഷണിക്കാറുണ്ട്. ഇരുവരും തമ്മിലുള്ള മത-സാംസ്‌കാരിക വിനിമയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് മതേതര സംഘാടകര്‍ പറയാറ്. രാജാധികാരത്തെ നിലനിര്‍ത്താനുള്ള പഴയ കൊടുക്കല്‍ വാങ്ങലുകളെ ഇങ്ങിനെ ജനാധിപത്യകാലത്ത് മതേതര ഓര്‍മ്മകള്‍ക്ക് തെളിവായിക്കൊണ്ടുവരുന്നത് തന്നെ കാപട്യമാണ്.

സോളിഡാരിറ്റിയുടെ ഇനി നടക്കാനുള്ള പ്രക്ഷോഭത്തിനിടയിലെവിടെങ്കിലും സാമൂതിരി ഉണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ പ്രഖ്യാപന സമ്മേളനത്തിന് ‘ബര്‍ക്കത്തിന്’ വേണ്ടിയായിരിക്കും അദ്ദേഹത്തെ വലിയ അക്ഷരത്തില്‍ പ്രതിഷ്ഠിച്ചതെന്ന് വേണം കരുതാന്‍. സോളിഡാരിറ്റിയെന്നാണാവോ പഴയ ഫ്യൂഡലിസത്തിന്റെ ബര്‍ക്കത്തെടുക്കാന്‍ തുടങ്ങിയത് ?.

ചെന്നിത്തല അറിയുമോ ഇന്ദിരാഗാന്ധിയെ

രാജഭക്തന്മാര്‍ക്ക് നല്ല നമസ്‌കാരം: വി.എസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

എങ്കില്‍ രാജാവ് മടങ്ങിവരട്ടെ!

ദേവപ്രശ്‌നം രാജാധികാരത്തിന്റെ തിരിച്ചുവരവോ?

കര്‍ഷകത്തൊളിലാളിക്ക് പെന്‍ഷന്‍ 300, രാജകുടുംബത്തിന് ലക്ഷങ്ങള്‍

Advertisement