എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കമ്മീഷന്‍ നാളെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
എഡിറ്റര്‍
Monday 25th September 2017 5:33pm


തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സോളാര്‍ അഴിമതിക്കേസ് റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജന്‍ നാളെ വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനു മുമ്പാകെയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

ഈ മാസം 27 ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുന്നത്. 2013 ഒക്ടോബര്‍ 26 നു നിലവില്‍ വന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് നേരത്തെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. ആദ്യം ആറു മാസത്തേക്കു നിയമിച്ച കമ്മിഷന് പിന്നീട് പലപ്പോഴായി കാലാവധി നീട്ടി നല്‍കുകയായിരുന്നു.


Also Read:  12 ഡി.ജി.പിമാര്‍ എന്തിന്?; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി


സോളര്‍ വിവാദത്തെ തുടര്‍ന്നു എല്‍.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരത്തിനു പിന്നാലെ 2013 ഓഗസ്റ്റ് 16നാണ് മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. തുടര്‍ന്നു സെപ്റ്റംബര്‍ രണ്ടിനു ചേര്‍ന്ന മന്ത്രിസഭ മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ഒക്ടോബര്‍ 10നു പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒക്ടോബര്‍ 23നു റിട്ട. ജസ്റ്റിസ് ജി.ശിവരാജനെ അധ്യക്ഷനാക്കി കമ്മിഷന്‍ നിലവില്‍ വരുന്നത്.

സംസ്ഥാനത്ത് സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടീം സോളാര്‍ എന്ന കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പാണ് കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയത്. അംഗീകാരമില്ലാത്ത കമ്പനിയുടെ പേരില്‍ ഉന്നതരുടെ പേരുപയോഗപ്പെടുത്തി പലരില്‍ നിന്നായി പണം തട്ടിയെന്നാണ് കേസ്.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയും ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവര്‍ സോളാര്‍ കമ്പനിയുടെ ഉടമയായ സരിത എസ് നായരുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന്റെ രേഖകളും പുറത്തുവന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കേസില്‍ മണിക്കൂറുകളോളം അന്വേഷണ കമ്മീഷന്‍ വിസ്തരിച്ചിരുന്നു.


Dont miss: ഇവരാണ് മികച്ച ‘ഡെത്ത് ഓവര്‍’ ബൗളര്‍മാര്‍; ഇന്ത്യന്‍ ഹീറോമാരെ വെളിപ്പെടുത്തി സ്മിത്ത്


ഉമ്മന്‍ചാണ്ടിക്ക് പുറമേ മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി എം.പി, മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ്, ബെന്നി ബെഹനാന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി. പി തങ്കച്ചന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പൊലീസ് മേധാവിയായിരുന്ന കെ.എസ് ബാലസുബ്രഹ്മണ്യം, മുന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, കെ. പത്മകുമാര്‍ എന്നിവരെയും കമ്മിഷന്‍ വിസ്തരിച്ചിരുന്നു.

അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ തുടങ്ങിയവര്‍ കമ്മിഷന് മുന്നിലെത്തി തെളിവ് നല്‍കുകയും ചെയ്തിരുന്നു.

Advertisement