എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ കുരുക്കിലാക്കി സോളാര്‍ പാനല്‍ കേസ് കത്തുന്നു,രാജിവെക്കണമെന്ന് പ്രതിപക്ഷം
എഡിറ്റര്‍
Friday 14th June 2013 7:12pm

oooomen-chandy..

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കൂടുതല്‍ തെളിവുകള്‍.

സോളാര്‍ തട്ടിപ്പു കേസിലെ രണ്ടാം പ്രതിയായ സരിതാ എസ്  നായര്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരേയും വിളിച്ച കാര്യവും പുറത്തായി. ആര്യാടന്‍ മുഹമ്മദ്, കെ.സി ജോസഫ്, എം.കെ മുനീര്‍ എന്നിവരെയാണ് സരിത ഫോണില്‍ ബന്ധപ്പെട്ടത്.

Ads By Google

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട മൂന്നാമത്തെ സഹായിയായ ജിക്കു ജേക്കബും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്നു.

നേരത്തെ സരിതയുമായുള്ള ബന്ധത്തെ കുറിച്ച് വിവരം ലഭിച്ച സാഹചര്യത്തില്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളായ ടെന്നി ജോപ്പന്‍, സലീം എന്നിവരെ പുറത്താക്കിയിരുന്നു. ഇതിന്‌ പിന്നാലെയാണ് മൂന്നാമത്തെ സ്റ്റാഫംഗത്തിനെതിരെയും ആരോപണമുയര്‍ന്നിരിക്കുന്നത്.

സോളാര്‍ തട്ടിപ്പുകേസില്‍ രണ്ടാം പ്രതി സരിതാ നായരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പെരുമ്പാവൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യം ലഭിച്ചാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

അതിനിടെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയില്‍ പെരുമ്പാവൂര്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ സരിതയ്ക്ക് മൊബൈലില്‍ ഫോണ്‍ വിളിക്കാന്‍ പോലീസ് ഒത്താശ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എറണാകുളം റൂറല്‍ പോലീസാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന്‍ സരിതയ്ക്ക് മൊബൈല്‍ കൈമാറുന്നതിന്റെയും സരിത ഫോണില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു.

ഇക്കാര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും നിയമസഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ഉമ്മന്‍ചാണ്ടി  യോഗ്യനല്ലെന്നും,രാജിവെക്കണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

രാവിലെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യം എ.ഡി.ജി.പി അന്വേഷിച്ചാല്‍ പോരെന്നും കോടിയേരി പറഞ്ഞു. അന്തസ് നഷ്ടപ്പെട്ട മുഖ്യമന്ത്രി തല്‍സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു

Advertisement