എഡിറ്റര്‍
എഡിറ്റര്‍
സോളാറില്‍ കയ്യാങ്കളി :നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു, നാളെയും സഭ ഇല്ല
എഡിറ്റര്‍
Thursday 20th June 2013 12:03am

assembly

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ പിന്നോട്ടില്ലാതെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം നടന്നു. ഇതേ തുടര്‍ന്ന് ഇന്ന് സഭാ നടപടികള്‍ രണ്ട് തവണ തടസ്സപ്പെട്ടിരുന്നു.

സോളാര്‍ വിവാദത്തെ തുടര്‍ന്ന് നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന്റെ വക്കീല്‍ ഹസ്‌ക്കര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയം.

Ads By Google

ഇതേ വിഷയത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിപക്ഷം അടിയന്തര പ്രമേയം സമര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞതാണെന്നും സ്പീക്കര്‍ പറഞ്ഞു.

എങ്കിലും ഇതേവിഷയത്തില്‍ ഇന്ന് അവസാന അടിയന്തര പ്രമേയമായിരിക്കണമെന്ന് പറഞ്ഞാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് മറുപടി പറയാനായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റു.

ഈ വിഷയത്തില്‍ മറുപടി പറയുന്നതിന് മുന്‍പ് ഇന്നലെ തനിയ്ക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് പറയണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു തുടങ്ങി. എന്നാല്‍ തിരുവഞ്ചൂര്‍ പറഞ്ഞു തുടങ്ങുന്നതിന് മുന്‍പ് തന്നെ പ്രതിപക്ഷത്തെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്ക് പാഞ്ഞടുക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതിക്ഷ ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ട് എല്ലാവരോടും സീറ്റില്‍ പോയി ഇരിക്കാന്‍ ആവശ്യപ്പെടുകയും തിരുവഞ്ചൂരിനോട് വീണ്ടും മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ തിരുവഞ്ചൂര്‍ വീണ്ടും തന്റെ കരണക്കുറ്റിക്കടിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന എടുത്തു പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം അണ്‍ പാര്‍ലമെന്ററി ആയതുകൊണ്ട് വീണ്ടും ആവര്‍ത്തിക്കുന്നില്ലെന്നും എങ്കിലും നാളെ മറ്റൊരാള്‍ തന്റെ കരണക്കുറ്റിക്ക് അടിക്കുമെന്ന് പറയുന്ന സാഹചര്യം ഉണ്ടാവരുതെന്നും പറഞ്ഞു.

എങ്കിലും ഇത്തരത്തിലുള്ള പ്രസ്താവന ഓരോരുത്തരുടേയും സംസ്‌ക്കാരമാണ് കാണിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തേക്ക് പാഞ്ഞടുക്കുകയും മന്ത്രിമാരുടെ ട്രഷറി ബെഞ്ചിന് അടുത്ത് എത്തുകയും ചെയ്തു.

ഇതോടെ ബഹളം കയ്യാങ്കളിയുടെ വക്കോളമെത്തി. ഇരുപക്ഷവും പരസ്പരം വെല്ലുവിളിച്ചു കൊണ്ട് പരസ്പരം പാഞ്ഞടുത്തു. ഇരുകൂട്ടരും മുഖാമുഖം നിന്ന് പോര്‍വിളിച്ചു.

ഇതോടെ സ്പീക്കര്‍ ചെയറില്‍നിന്ന് ഇറങ്ങിപ്പോവുകയും സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഇതിനിടെ സഭാസ്തംഭനം ഒഴിവാക്കാനായി സ്പീക്കര്‍ പ്രതിപക്ഷ കക്ഷിനേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേസമയം തന്റെ കരണക്കുറ്റി പ്രയോഗം പിന്‍വലിക്കാമെന്ന് വിഎസ് അച്യുതാനന്ദന്‍ സ്പീക്കറെ അറിയിച്ചു.

തുടര്‍ന്ന് വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ അടിയന്തര പ്രമേയ നോട്ടീസിന്‍മേല്‍ മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി സോളാര്‍ തട്ടിപ്പില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സഭയെ അറിയിച്ചു.

സോളാറില്‍ പതിനായിരം കോടി തട്ടിപ്പ് നടന്നിട്ടില്ല. ബിജുവിന്റെ അഭിഭാഷകന്‍ ഹസ്‌കര്‍ സി.പി.ഐ.എം അനുഭാവിയാണ്. സോളാര്‍ തട്ടിപ്പില്‍ ഇയാളും കൂട്ടുപ്രതിയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്നാല്‍ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സോളാറില്‍ പതിനായിരം കോടി തട്ടിപ്പ് ഉണ്ടായെന്ന് ആരോപണം പ്രതിപക്ഷമല്ല ഉന്നയിച്ചത് ഭരണപക്ഷത്ത് നിന്നാണ് അത്തരമൊരു ആരോപണം ഉണ്ടായതെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. പി ശ്രീരാമകൃഷ്ണനാണ് നേരത്തെ പ്രതിപക്ഷത്തിന് വേണ്ടി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മന്ത്രിമാരുടെ മറുപടിപ്രസംഗത്തിന് ശേഷം സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്രതിപക്ഷം ബഹളം വെച്ചു.

പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ശ്രദ്ധ ക്ഷണിക്കലും സബ് മിഷനും റദ്ദാക്കി. നാളത്തെ സഭാ സമ്മേളനവും മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റദ്ദാക്കി.

ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ ഇന്നും സഭയിലെത്തിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സോളാര്‍ വിഷയത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെടുന്നത്.

Advertisement