എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും പിണറായി
എഡിറ്റര്‍
Wednesday 11th October 2017 10:23am


തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ തീരുമാനം വിശദീകരിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.

സോളര്‍ തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവാദിയെന്നാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. ജനങ്ങളെ കബിളിപ്പിക്കുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫിസും സോളര്‍ തട്ടിപ്പുക്കേസില്‍ ഉത്തരവാദികളാണെന്നും പിണറായി പറഞ്ഞു.

അന്നത്തെ ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിക്കുകയായിരുന്നു തിരുവഞ്ചൂര്‍. അതേസമയം സോളാര്‍ കേസില്‍ ശരിയായ അന്വേഷണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കും. സരിത കത്തില്‍ പരാമര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

സോളര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണ് കമ്മിഷന്റെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. കുറ്റകരമായ ഗൂഢാലോചന, പ്രതികളെ സഹായിക്കല്‍ എന്നിവ പ്രകടമാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ശുപാര്‍ശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഉമ്മന്‍ ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനെയും സരിതയില്‍നിന്നു കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം മുഖേന പഴ്‌സനല്‍ സ്റ്റാഫും ടീം സോളറിനെയും സരിതാ എസ് നായരെയും സഹായിക്കുകയായിരുന്നു.

ഐജി: പത്മകുമാര്‍, ഡിവൈഎസ്പി: ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കും. പൊലീസ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ജി.ആര്‍. അജിത്തിനെതിരെയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പുതല നടപടിക്കും തീരുമാനമുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇവര്‍ക്കുമെതിരെയും കേസെടുക്കും.

Advertisement