എഡിറ്റര്‍
എഡിറ്റര്‍
ഷാജര്‍ഖാനുള്‍പ്പടെ നാലു പൊതുപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടില്ല
എഡിറ്റര്‍
Monday 10th April 2017 4:42pm

തിരുവനന്തപുരം: ഡി.ജി.പിയുടെ ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം സമരത്തനെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പൊതു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഷാജിര്‍ഖാനടക്കമുള്ള നാലുപേരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

ഇന്നു വൈകിട്ട് എട്ടു മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടിയില്ലെങ്കിലും ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജയിലില്‍ വച്ച് ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വേണമെങ്കില്‍ ചോദ്യം ചെയ്യാനായി കൂടുതല്‍ സമയം അനുവദിക്കാമെന്നും കോടതി പറഞ്ഞു.

അതേസമയം, ജിഷ്ണു കേസില്‍ അറസ്റ്റിലായ മൂന്നാം കുറ്റാരോപിതന്‍ പാമ്പാടി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന് ഇടക്കാല ജാമ്യം ലഭിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിയപ്പോള്‍ ശക്തിവേലിനെ അറസ്റ്റ് ചെയ്ത നടപടി ശരിയായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രണ്ട് ആള്‍ ജാമ്യത്തോടൊപ്പം 50,000 രൂപയും ശക്തിവേല്‍ കോടതിയില്‍ കെട്ടി വെയ്ക്കണം.

ഉപാധികളോടെയാണ് കോടതി ശക്തിവേലിന് ജാമ്യം നല്‍കിയത്. ശക്തിവേല്‍ കോളേജില്‍ പ്രവേശിക്കുകയോ കോളേജിന്റെ കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യാന്‍ പാടില്ല.


Also Read: പടച്ചോനേ!!..;വാര്‍ത്ത വായനയ്ക്കിടെ ദിവാസ്വപ്‌നം കണ്ടിരുന്ന അവതാരക; അമളി പറ്റിയെന്നു മനസ്സിലായതോടെ മുഖത്ത് വിരിഞ്ഞ ഭാവം കണ്ട് ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയ, വീഡിയോ


പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കുറ്റാരോപിതരായ മുഴുവന്‍ പേരേയും പെട്ടെന്ന് പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് കുറ്റാരോപിതരെ പിടികൂടാനായി വെള്ളം കുടിക്കുകയാണ് പൊലീസ്. ഇവരെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.

കുറ്റാരോപിതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ കുടുംബമാകെ അഞ്ച് ദിവസമായി നടത്തി വന്ന നിരാഹാരസമരം ഇന്നലെയാണ് അവസാനിപ്പിച്ചത്. ഇന്നലെ തന്നെയാണ് ശക്തിവേലിനെ പൊലീസ് കോയമ്പത്തൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

Advertisement