'ജബ്ബാറെ എണീച്ചടാ' എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ മയ്യിത്ത് എണീച്ചു നിന്നെന്ന് മൗലവിയുടെ പ്രസംഗം; എന്തൊരു ബിടലാണെന്ന് സോഷ്യല്‍ മീഡിയ
Social Tracker
'ജബ്ബാറെ എണീച്ചടാ' എന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ മയ്യിത്ത് എണീച്ചു നിന്നെന്ന് മൗലവിയുടെ പ്രസംഗം; എന്തൊരു ബിടലാണെന്ന് സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Monday, 11th February 2019, 3:16 pm

കോഴിക്കോട്: മരിച്ചു കിടന്നയാളെ പാണക്കാട് സയ്യിദ് ഉമ്മറലി ഷിഹാബ് തങ്ങള്‍ ജീവിപ്പിച്ചെന്ന മൗലവിയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. പട്ടര്‍ കടവ് ജബ്ബാര്‍ ഫൈസി എന്ന ഒരാള്‍ കാസറഗോഡ് വെച്ച് മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക് കൊണ്ട് പോയപ്പോള്‍ അവിടെ നിന്ന് ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ പുനരജ്ജീവിപ്പിച്ചെന്നുമാണ് ഒരു പ്രഭാഷണത്തില്‍ വയലില്‍ മുഹമ്മദ് മോന്‍ ഹാജിയാര്‍ എന്ന മൗലവി പറഞ്ഞത്

“ഉമറലി തങ്ങളോട് തന്റെ മോന്‍ മരിച്ചുവെന്ന് ജബ്ബാറിന്റെ വാപ്പ പറഞ്ഞു. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ട ശേഷം ജബ്ബാറിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് പോയ അദ്ദേഹം രണ്ട് ഇലകളുമായാണ് തിരിച്ചുവന്നത്. അകത്തു നിന്നും രണ്ട് ഇലകള്‍ കൊണ്ടുവന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് പിഴിഞ്ഞ് മൃതദേഹത്തിന്റെ രണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം ഇറ്റിച്ചു. എന്നിട്ട് ജബ്ബാറെ, ജബ്ബാറെ എണീച്ചടാ..സുബ്ഹാന ജല്ല ജലാലു. ആംബുലന്‍സില്‍ നിന്നും കഫന്‍പുട പൊട്ടിച്ചിട്ട് ജബ്ബാര്‍ എണീച്ചു നിന്നു” എന്നാണ് പ്രസംഗം.

Read Also : ആ ശബ്ദരേഖ തന്റേതു തന്നെ; കുടുങ്ങുമെന്നായപ്പോള്‍ തുറന്നു സമ്മതിച്ച് യെദ്യൂരപ്പ: രാജി വെക്കുന്നില്ലേയെന്ന് ശിവകുമാര്‍

ജബ്ബാര്‍ ഫൈസിക്ക് വേണ്ടി എടുത്ത ഖബര്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നും തങ്ങളൊക്കെ ഇപ്പോള്‍ അയാളെ വിളിക്കുന്നത് മയ്യത്ത് ഫൈസിയെന്നാണെന്നും പ്രസംഗത്തില്‍ ഇയാള്‍ പറയുന്നുണ്ട്.

ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ശാസ്ത്രം തോറ്റു. പാണക്കാട് ജയിച്ചു, എജ്ജാതി ബിടലാണ് മൊയ്ലാരെ ഇങ്ങള്..എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

2018 ഡിസംബര്‍ 31 മുതല്‍ 2019 ജനുവരി 5 വരെ നടന്ന മതപ്രഭാഷണ പരമ്പരയിലെ ജനുവരി ഒന്നാം തിയതിയിലെ പ്രസംഗത്തിലായിരുന്നു പ്രസ്തുത പരാമര്‍ശം