എഡിറ്റര്‍
എഡിറ്റര്‍
മിസ്റ്റര്‍ പിണറായി, അന്ന് ഉമ്മന്‍ചാണ്ടിയോട് നിങ്ങള്‍ പറഞ്ഞത്, ഇപ്പോള്‍ നിങ്ങള്‍ക്കും ബാധകമാണ്’ മാണിയുടെ രാജി ആവശ്യപ്പെട്ട പിണറായിയുടെ പോസ്റ്റ് ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Wednesday 15th November 2017 9:55am

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും രാജിവെക്കാതിരുന്ന കെ.എം മാണിയേയും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ പഴയകാല പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ.

‘ബാര്‍കോഴയുടെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ കെ.എം മാണി രാജിവെക്കണം എന്നും അല്ലെങ്കില്‍ നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണെന്നും മാണി നാണം കെട്ട് പുറത്തേക്ക് പോകേണ്ടി വരുന്ന ഈ അവസ്ഥ ഉണ്ടാക്കിവെച്ചത് ഉമ്മന്‍ചാണ്ടിയാണെന്നുമുള്ള പിണറായിയുടെ പഴയ പോസ്റ്റ് എടുത്താണ് സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ട് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ നിന്നും രൂക്ഷവിമര്‍ശനമുണ്ടായിട്ടും രാജി ആവശ്യപ്പെടാത്ത പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.

മാണിയെന്നിടത്ത് ചാണ്ടിയെന്നും ഉമ്മന്‍ ചാണ്ടിയെന്നിടത്ത് പിണറായിയെന്നും ചേര്‍ത്ത് പോസ്റ്റ് തിരുത്തിയുമാണ് ചിലര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്.

ഹൈക്കോടതിയുടെ നിശിത വിമര്‍ശനത്തിനിരയാകേണ്ടി വന്ന മാണി ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ പ്രതീകമാണെന്ന് പോസ്റ്റില്‍ പറഞ്ഞ പിണറായി സ്വന്തം കാര്യം വന്നപ്പോള്‍ പറഞ്ഞത് മറക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ എടുക്കുന്ന നിലപാടിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്രയും വലിയ പരാരമര്‍ശം കോടതിയില്‍ നിന്നും ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി രാജിആവശ്യപ്പെടാത്തതെന്ന ചോദ്യം പ്രതിപക്ഷവും ഉയര്‍ത്തിയിരുന്നു.

രാജിയുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനൊന്നും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി തക്കസമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് മാത്രമായിരുന്നു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.


Dont Miss ഹാര്‍ദിക്കിന്റെത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഡി.എന്‍.എയെന്ന് കോണ്‍ഗ്രസ്; പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ഷനവുമായി ബി.ജെ. പി 


എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനൊപ്പം ഇന്നു രാവിലെ തോമസ് ചാണ്ടി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയിരുന്നു.

യോഗശേഷം തോമസ് ചാണ്ടി മാധ്യമങ്ങളോട് വിധിന്യായം വരുന്നതുവരെ കാത്തിരിക്കുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണുണ്ടായത്. ‘വിധിന്യായം വരട്ടേ, അതിനുശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കും’ എന്നായിരുന്നു തോമസ് ചാണ്ടിയുടെ പരാമര്‍ശം.

തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ പരാമര്‍ശമുണ്ടായതിനു പിന്നാലെ ഇന്നലെ രാത്രി എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ കോടതി വിധി വരട്ടെ, രാജിക്കാര്യം അപ്പോള്‍ ആലോചിക്കാമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടിയുടേത്. എന്നാല്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നിന്നും മന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായതിനു പിന്നാലെ വിധിപ്പകര്‍പ്പു കിട്ടട്ടേ, വിധിപ്പകര്‍പ്പില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ രാജിവെക്കാമെന്ന നിലപാടിലേക്ക് തോമസ് ചാണ്ടി മാറിയിരുന്നു.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയ്ക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം. സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി മന്ത്രിക്കു ഹര്‍ജി നല്‍കാനാവില്ലെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്.

Advertisement