19ാമത്തെ വയസിലെ ആദ്യത്തെ വര്‍ക്ക് ബ്രഹ്മാണ്ഡ ചിത്രം; ഉജ്വല്‍ കുല്‍ക്കര്‍ണിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
Film News
19ാമത്തെ വയസിലെ ആദ്യത്തെ വര്‍ക്ക് ബ്രഹ്മാണ്ഡ ചിത്രം; ഉജ്വല്‍ കുല്‍ക്കര്‍ണിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th April 2022, 1:42 pm

കെ.ജി.എഫ് ചാപ്റ്റര്‍ 2 നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പേരുകളിലൊന്ന് ഉജ്വല്‍ കുല്‍ക്കര്‍ണിയുടേതാണ്. പ്രേക്ഷകരെ ആവേശം കൊള്ളിച്ച കെ.ജി.എഫിലെ രംഗങ്ങള്‍ എഡിറ്റ് ചെയ്തത് 19കാരനായ ഉജ്വല്‍ കുല്‍ക്കര്‍ണിയാണ്.

2018 ല്‍ കെ.ജി.എഫ് ചാപ്റ്റര്‍ വണ്‍ വന്‍വിജയമാപ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചവരില്‍ എഡിറ്ററായ ശ്രീകാന്ത് ഗൗഡയുമുണ്ടായിരുന്നു. രണ്ടാം ഭാഗത്തില്‍ പ്രായം കുറഞ്ഞ ഉജ്വല്‍ കുല്‍ക്കര്‍ണിയെ പ്രശാന്ത് നീല്‍ കൂട്ടുപിടിച്ചപ്പോള്‍ ചിലര്‍ക്ക് ആശങ്കയുണ്ടായിരുന്നു.

ഉജ്വലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു കെ.ജി.എഫ് ചാപ്റ്റര്‍ 2. കെ.ജി.എഫ് ആദ്യഭാഗത്തിന്റെ എഡിറ്റഡ് വീഡിയോ ഉജ്വല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉജ്വലിന്റെ വീഡിയോ കാണാനിടയായ പ്രശാന്ത് നീലിന്റെ ഭാര്യ ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

വീഡിയോ ഇഷ്ടപ്പെട്ട പ്രശാന്ത് കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ ടീമിലേക്ക് ഉജ്വലിനെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ഉജ്വല്‍ സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചത്.

എന്തായാലും ഇത്രയും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ എഡിറ്റിംഗ് മുമ്പ് ഒരു ചിത്രത്തിലും വര്‍ക്ക് ചെയ്യാത്ത ഒരു 19 കാരനെ ഏല്‍പ്പിച്ചതില്‍ പ്രശാന്ത് നീലിന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

Ujwal Kulkarni; 19-year-old editor of 'K.G.F, Chapter 2' Biography, Age, Photos, and Family: BizGlob

തിയേറ്ററില്‍ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് കെ.ജി.എഫിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സാണ് ചിത്രം നല്‍കുന്നതെന്നു കണ്ടവര്‍ ഒന്നടങ്കം പറയുന്നു. ആദ്യ ഭാഗത്തിലേത് പോലെ തന്നെ ബി.ജി.എമ്മും പാട്ടുകളും സിനിമയുടെ ആസ്വാദനത്തെ മികച്ചതാക്കി.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlight: social media praises ujwal kulkarni the editor of kgf chapter 2