ട്വിറ്ററില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സ്; പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍
national news
ട്വിറ്ററില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സ്; പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 12th February 2019, 11:20 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോഷ്യല്‍ മീഡിയയിലെ പുതിയ സൂപ്പര്‍ സ്റ്റാറെന്ന് ശശി തരൂര്‍ എം.പി. . “”ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറുകള്‍ക്കകം 2 ലക്ഷം ഫോളോവേഴ്‌സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്ക ഗാന്ധിക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായെന്ന് ശശി തരൂര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ രജിനീകാന്തിന് എതിരാളിയാണ് പ്രിയങ്കയെന്നും പുതിയൊരു സൂപ്പര്‍ സ്റ്റാര്‍ ജനിച്ചിരിക്കുന്നെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച പ്രിയങ്ക ഗാന്ധിക്ക് വന്‍ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. അക്കൗണ്ട് തുറന്നു പത്ത് മണിക്കൂറിനുള്ളില്‍ പിന്തുടര്‍ച്ചക്കാരുടെ എണ്ണം ഒന്നരലക്ഷമായിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പ്രിയങ്കയ്ക്ക് ഔദ്യോഗിക വെരിഫിക്കേഷനും (നീല ടിക്ക്) ലഭിച്ചിട്ടുണ്ട്.


കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ വഴി ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായി അറിയിച്ചതോടെയാണ് പ്രിയങ്ക തരംഗമായത്.

ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്ന ഏറ്റവും പുതിയ നേതാവാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ മാസം ബി.എസ്.പി നേതാവ് മായാവതിയും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത് വാര്‍ത്തയായിരുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടന്നിരുന്നു. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു.

 

അതേസമയം, ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രിയങ്ക ഇതുവരെ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. തന്റെ സഹോദരനും കോണ്‍ഗ്രസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രണ്‍ദീപ് സിങ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍, അശോക് ഗെഹ്ലോട്ട്, സച്ചിന്‍, പൈലറ്റ് എന്നിവരെയും കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടും മാത്രമാണ് പ്രിയങ്ക ഫോളോ ചെയ്യുന്നത്.