അറസ്റ്റുകളെ കോണ്‍ഗ്രസ് അപലപിക്കേണ്ട, അടിത്തറയുറപ്പിച്ചത് നിങ്ങള്‍ തന്നെയാണ്: സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
national news
അറസ്റ്റുകളെ കോണ്‍ഗ്രസ് അപലപിക്കേണ്ട, അടിത്തറയുറപ്പിച്ചത് നിങ്ങള്‍ തന്നെയാണ്: സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Wednesday, 29th August 2018, 7:08 pm

ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചകള്‍ സജീവമാണ്. രാജ്യത്തെ ചിന്തകരുടെയും എഴുത്തുകാരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയുമൊപ്പം ഇടതുപക്ഷപ്പാര്‍ട്ടികളും കോണ്‍ഗ്രസുമടക്കമാണ് അറസ്റ്റുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്.

എന്നാല്‍, ഈ വിഷയത്തില്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിന് യാതൊരു അവകാശവുമില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ കുറിപ്പിനടക്കം സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഇന്ത്യയില്‍ ഒരൊറ്റ എന്‍.ജി.ഓയ്ക്കു മാത്രമേ സ്ഥാനമുള്ളൂ, അത് ആര്‍.എസ്.എസ് ആണ് എന്നായിരുന്നു അറസ്റ്റുകള്‍ക്കു ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. തീവ്ര വലത്-ഇടത് വീക്ഷണങ്ങളുള്ളവരുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും, എന്നാല്‍ ആ വീക്ഷണം നിലനിര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ടെന്നതാണ് സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും പ്രതികരിച്ചു. മോദിയുടെ “പുതിയ ഇന്ത്യ”യെന്നാല്‍ ഏകാധിപത്യമാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജും കുറിച്ചിരുന്നു.

 

Also Read: അറസ്റ്റിലായ മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടയ്ക്കരുതെന്ന് സുപ്രീംകോടതി

 

ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, മാധ്യമപ്രവര്‍ത്തകരായ രാഹുല്‍ പണ്ഡിത, ശേഖര്‍ ഗുപ്ത, യശ്വന്ത് ദേശ്മുഖ് എന്നിവരടക്കമുള്ളവരാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ആദിവാസി മേഖലയില്‍ നിന്നുള്ള ധാരാളം സാമൂഹിക പ്രവര്‍ത്തകരാണ് അറസ്റ്റിലായിരുന്നതെന്ന് മറുപടിക്കുറിപ്പില്‍ രാമചന്ദ്ര ഗുഹ പറയുന്നു.

ആക്ടിവിസ്റ്റുകളോടുള്ള നയത്തില്‍ യു.പി.എ സര്‍ക്കാരും എന്‍.ഡി.എ സര്‍ക്കാരും സമാനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് രാഹുല്‍ പണ്ഡിത പറയുന്നു. അരുണ്‍ ഫെറാറിയയും വെര്‍ണന്‍ ഗോണ്‍സാല്‍വസും 2007ലും അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് രണ്ടാമത്തെയല്ല, മറിച്ച് മൂന്നാമത്തെ അടിയന്തിരാവസ്ഥക്കാലമാണെന്നും പണ്ഡിത ട്വിറ്ററില്‍ കുറിച്ചു.

 

Also Read: ഇതാണ് ജനാധിപത്യത്തിന്റെ രീതി, നക്‌സലൈറ്റുകള്‍ക്ക് അതു മനസ്സിലാകില്ല: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

 

ഇത്തരം അറസ്റ്റുകള്‍ നടക്കാന്‍ വേണ്ടുന്ന അടിത്തറ ശക്തമായി ഉറപ്പിച്ചത് ചിദംബരം തന്നെയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കു സഹായകമായ നിയമങ്ങളെല്ലാം പാസ്സാക്കിയത് യു.പി.എ സര്‍ക്കാരാണെന്നും, കബീര്‍ കാലാ മഞ്ചിനെ നക്‌സലൈറ്റുകളാക്കി മുദ്രകുത്തിയ ചരിത്രം മറക്കാനാകില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കുറിപ്പുകള്‍ക്ക് മറുപടിയായി കുറിക്കപ്പെടുന്നുണ്ട്.

ഭീമ കോര്‍ഗാവ് അക്രമത്തിനു കാരണക്കാരായവര്‍ എന്ന ആരോപണം ചുമത്തിയാണ് മുംബൈ, റാഞ്ചി, ഹൈദരാബാദ്, ഫരീദാബാദ്, ദല്‍ഹി, താനെ എന്നിവിടങ്ങളിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നലെ ഒരേസമയം റെയ്ഡ് നടന്നത്. റെയ്ഡിനു ശേഷം അഞ്ചു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.