മഹാനടിക്ക് ശേഷം ഞെട്ടിച്ച് സാനി കായിദത്തിലെ പൊന്നി; കീര്‍ത്തിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
Film News
മഹാനടിക്ക് ശേഷം ഞെട്ടിച്ച് സാനി കായിദത്തിലെ പൊന്നി; കീര്‍ത്തിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th May 2022, 8:58 am

കീര്‍ത്തി സുരേഷും സംവിധായകന്‍ സെല്‍വരാഘവനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സാനി കായിദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മെയ് ആറിനാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.

പ്രതികാര കഥ പറയുന്ന ചിത്രത്തില്‍ പൊന്നിയായി ഞെട്ടിക്കുന്ന പ്രകടനം നടത്തിയ കീര്‍ത്തിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. 2018 ല്‍ പുറത്തിറങ്ങിയ മഹാനടിക്ക് ശേഷമോ അതിനെക്കാള്‍ മികച്ചതോ ആയ പ്രകടനമാണ് കീര്‍ത്തി സാനി കായിദത്തില്‍ നടത്തിയിരിക്കുന്നത്.

ഒരു സാധാരണ പ്രതികാര കഥ പറഞ്ഞുപോകുന്ന ചിത്രത്തിന്റെ മേക്കിംഗ് ഗംഭീരമായെന്ന് പ്രേക്ഷകര്‍ പറയുന്നു. റോക്കി എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ അരുണ്‍ മാതേശ്വരന്റെ രണ്ടാമത്തെ ചിത്രമാണ് സാനി കായിദം.

1980 കളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തന്റെ കുടുംബത്തെ ഇല്ലാതാക്കി തന്നെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുന്നവരോട് പൊന്നി എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അവളുടെ അര്‍ധ സഹോദരനായ സംഗയ്യയെ കൂട്ടുപിടിച്ചു നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് സാനി കായിദം.

തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിലെ ജാതിരാഷ്ട്രീയവും വര്‍ണ്ണവെറിയുമെല്ലാം ചിത്രത്തില്‍ പ്രതിപാതിക്കുന്നുണ്ട്.

May be an image of 2 people and text

വയലന്‍സ് രംഗങ്ങളുടെ ആധിക്യമുള്ള ചിത്രം പ്രായപൂര്‍ത്തിയായവര്‍ കണ്ടാല്‍ മതിയെന്ന് അണയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ജീവനോടെ ശരീരങ്ങള്‍ കത്തിക്കുക, വണ്ടി കയറ്റി കൊല്ലുക, മുഖം ചില്ലുകുപ്പികള്‍ കൊണ്ട് തകര്‍ക്കുക, ജനനേന്ദ്രിയങ്ങള്‍ ആസിഡ് ഉപയോഗിച്ച് കത്തിക്കുക തുടങ്ങിയ ഹിംസയുടെ പല രൂപങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

തമിഴ് സിനിമകളുടെ സ്ഥിരം ചേരുവകളായ പാട്ടോ കോമഡിയോ റൊമാന്‍സോ ഒന്നുമില്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അരുണ്‍ മാതേശ്വരനാവുന്നുണ്ട്.

Content Highlight: Social media is praising Keerthi for her shocking performance as Ponni in saani kaayidham