നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കരയെന്നേ വിളിക്കുകയുള്ളൂ; മമ്മൂട്ടിയുടെ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
Film News
നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കരയെന്നേ വിളിക്കുകയുള്ളൂ; മമ്മൂട്ടിയുടെ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th February 2023, 6:03 pm

ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നേ വിളിക്കൂ എന്ന് മമ്മൂട്ടി പറഞ്ഞതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്.

മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞപ്പോള്‍ നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല കറുത്ത ശര്‍ക്കര എന്നേ വിളിക്കുകയുള്ളൂവെന്നാണ്
മമ്മൂട്ടി പറഞ്ഞത്. ശര്‍ക്കര എന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്. ആരേലും അങ്ങനെ ഒരാളെ പറ്റി പറയുമോ? ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാവുമെന്നും മമ്മൂട്ടി പറഞ്ഞു.

ഇതോടെ കറുപ്പ് നിറത്തെ മമ്മൂട്ടി ഇകഴ്ത്തി സംസാരിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന മലയാള സിനിമയിലെ തന്നെ ഏറ്റവും അപ്‌ഡേറ്റഡായ കലാകാരന്‍ എന്ന് മലയാള പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്ന മമ്മൂട്ടിയില്‍ നിന്നും ഇത്തരം വാചകങ്ങള്‍ കേള്‍ക്കുന്നത് സങ്കടകരമാണെന്നും ചിലര്‍ പറഞ്ഞു.

‘എന്നെ ചക്കര എന്ന് വിളിക്കേണ്ട, പഞ്ചാര എന്ന് വിളിച്ചാല്‍ മതി എന്ന് മമ്മൂക്ക പറഞ്ഞാല്‍ അതിലെ നിരുപദ്രവകതയും തമാശയും നമുക്ക് മനസിലാക്കാം. പക്ഷേ, ‘വെളുത്ത പഞ്ചസാരയും കറുത്ത ശര്‍ക്കരയും’ എന്ന സ്റ്റേറ്റ്‌മെന്റിലെ നിരുപദ്രവകരമായ തമാശ ആസ്വദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ആ തമാശ വന്നത്, അത്രയ്ക്ക് അപ്‌ഡേറ്റ്ഡ് ആണെന്ന് വിശ്വസിക്കപ്പെടുന്ന, വളരെ ആദരണീയനായ, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയായ മമ്മൂട്ടി എന്ന അഭിനേതാവില്‍ നിന്നും കൂടിയാവുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല, വളരെ വിഷമകരവും കൂടിയാകുന്നു.

മമ്മൂട്ടിയെന്ന ഒരു നടനില്‍ നിന്നും അത്തരമൊരു തമാശ വന്നത് ഒട്ടും ശുഭകരമല്ല എന്ന് തന്നെ പറയുന്നു. പക്ഷേ, അത് തമാശയല്ല എന്നത് അദ്ദേഹം തിരിച്ചറിയുമെന്നും അത് തിരുത്തുമെന്നും തന്നെ കരുതുന്നു. തെറ്റ് പറ്റാത്തവര്‍ മനുഷ്യരല്ല. തെറ്റുപറ്റി എന്ന് മനസിലാക്കി അത് തിരുത്തുന്നവര്‍ ശരിയുടെ പക്ഷത്തുമാണ്,’ എന്നാണ് സിനിഫൈല്‍ ഗ്രൂപ്പില്‍ റിയാസ് പുളിക്കല്‍ കുറിച്ചത്.

അതേസമയം മമ്മൂട്ടിയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇത് ഒരു തമാശയാണ് എന്ന് മനസിലാക്കാന്‍ പോലുമുള്ള വിവരം ആളുകള്‍ക്ക് ഇല്ലാതായെന്നാണ് മമ്മൂട്ടിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മലയാളിയുടെ വര്‍ണ വെറിയെ നല്ലൊന്നാന്തരമായി ഒന്ന് കളിയാക്കിവിടുന്ന ബ്ലാക്ക് ഹ്യൂമറാണ് മമ്മൂട്ടി പ്രയോഗിച്ചിരിക്കുന്നതെന്നാണ് മറ്റൊരു കമന്റ്.

Content Highlight: social media discussion on the political correctness statement of mammootty