'എന്നാലും ചെറിയൊരു വിഷമമില്ലേ'; മുന്‍ ബന്ധത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ച് എം.ജി. ശ്രീകുമാര്‍, പക്വതയോടെയുള്ള മറുപടിയുമായി അഭയ ഹിരണ്‍മയി; വിമര്‍ശനം
Entertainment news
'എന്നാലും ചെറിയൊരു വിഷമമില്ലേ'; മുന്‍ ബന്ധത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ച് എം.ജി. ശ്രീകുമാര്‍, പക്വതയോടെയുള്ള മറുപടിയുമായി അഭയ ഹിരണ്‍മയി; വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 12:53 pm

മലയാളം-തെലുങ്ക് ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കുന്ന ഏറെ ആരാധകരുള്ള പിന്നണി ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ലിവിങ്ങ് ടുഗതര്‍ റിലേഷനിലായിരുന്നു അഭയ. അടുത്താണ് ഇരുവരും വേര്‍ പിരിഞ്ഞ വാര്‍ത്തകള്‍ പുറത്തു വന്നത്. അതിന് ശേഷം അഭയ തന്റെ സംഗീത ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം അമൃത ടി.വിയില്‍ ഗായകന്‍ എം.ജി ശ്രീകുമാര്‍ അവതരിപ്പിച്ച പരിപാടിയില്‍ അഭയ എത്തിയിരുന്നു. പരിപാടിയില്‍ എം.ജി ശ്രീകുമാര്‍ അഭയയോട് ചോദിച്ച ചോദ്യങ്ങളെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

നിരവധി ആളുകളാണ് അഭയയുമൊത്തുള്ള ശ്രീകുമാറിന്റെ വീഡിയോ പങ്കുവെച്ച് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. റിലേഷനില്‍ നിന്നും മുന്നോട്ട് വന്ന ഒരു വ്യക്തിയോട് ആ റിലേഷന്‍ മിസ് ചെയ്യുന്നുണ്ടോ എന്നാണ് ശ്രീകുമാര്‍ ചോദിക്കുന്നതെന്നും പലരും വീഡിയോ പങ്കുവെച്ച് കുറിച്ചു.

ആ സമയം നിങ്ങള്‍ക്ക് വളരെ നല്ലതാണെന്ന് തോന്നുന്നുണ്ടോ? എന്നായിരുന്നു അഭയയോട് എം.ജി.ശ്രീകുമാര്‍ ആദ്യം ചോദിച്ചത്.

യെസ്, യെസ് ഭയങ്കര രസമുള്ള ഒരുപാട് പടങ്ങള്‍ സ്‌കോര്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഒരുപാട് മ്യൂസീഷ്യന്‍സിനെ പരിചയപ്പെട്ടിട്ടുണ്ട് എന്നായിരുന്നു അഭയയുടെ മറുപടി. പിന്നീട് ആ ലൈഫ് മിസ് ചെയ്യുന്നുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.

”മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ തിരിഞ്ഞ് നോക്കുന്നതില്‍ ഉപരി മുന്നോട്ട് പോവുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത. എനിക്ക് ഫോക്കസ് ചെയ്യാന്‍ മ്യൂസിക്ക് കരിയര്‍ ഉണ്ട്. വിഷമം ഇല്ല സാര്‍ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ നന്നായിട്ടാണ് ജീവിച്ചത്. ഹാപ്പി ആയിരുന്നു. ഞാന്‍ ഒരു രാജ്ഞിയെ പോലെയായിരുന്നു ജീവിച്ചത്.

 

ഇപ്പോള്‍ മുന്നിലേക്ക് പോകുന്നത് വളരെ രസകരമായിട്ടാണ്. മോഡലിങ്ങ് ചെയ്യുന്നുണ്ട്. കൂടെ മ്യൂസിക്കല്‍ കരിയര്‍ ബില്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരുപാട് സുഹൃത്തുക്കളും നല്ല ഫാമിലിയും എനിക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് സാരമില്ല,” അഭയ പറഞ്ഞു.

മനസില്‍ ചെറിയ വിഷമം ഇല്ലേയെന്ന് ശ്രീകുമാര്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

എന്നാല്‍ ചോദ്യത്തോടുള്ള അഭയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ”ലൈഫില്‍ ഒരാളെ മിസ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. മിസ് ചെയ്യുന്നില്ലെന്ന് പറഞ്ഞുകൊണ്ട് വികാരമില്ലാതെ പോകാന്‍ കഴിയില്ല. അതൊക്കെയുണ്ട് എന്നാല്‍ അതിലുമുപരി എന്റെ വികാരമെന്ന് പറയുന്നത് എന്റെ കരിയറാണ്,” അഭയ മറുപടി പറഞ്ഞു.

 

പക്വതയോടയെുള്ള മറുപടി എന്ന ക്യാപ്ഷനോടെ അഭയയുടെ വീഡിയോ പങ്കുവെച്ച പലരും എം.ജി. ശ്രീകുമാറിനെ വിമര്‍ശിക്കുന്നുണ്ട്. ഊള ചോദ്യങ്ങള്‍ക്കുള്ള പക്വമായ മറുപടി എന്ന് കുറിച്ചവരുമുണ്ട്.

അവസാനിച്ച ബന്ധത്തെ ഭംഗിയോടെ അവര്‍ ഓര്‍ത്തുവെന്നും അപ്പുറത്ത് നിന്നുമുള്ള കുത്തി കുത്തിയുള്ള ചോദ്യങ്ങളോട് പക്വതയോടെയാണ് അവര്‍ മറുപടി പറഞ്ഞതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

content highlight: social media discussion about singer m.g. sreekumar asking immature questions to playback singer abhaya hiranmayi