'300 കോടി കൊണ്ട് രാധേ ശ്യാമില്‍ എന്ത് ഉണ്ടാക്കി, 35 കോടിയുടെ സീതാരാമം കണ്ട് പഠിക്ക്'; ട്രോളി സോഷ്യല്‍ മീഡിയ
Entertainment news
'300 കോടി കൊണ്ട് രാധേ ശ്യാമില്‍ എന്ത് ഉണ്ടാക്കി, 35 കോടിയുടെ സീതാരാമം കണ്ട് പഠിക്ക്'; ട്രോളി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 7:48 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഏറ്റവും പുതിയ തെലുങ്ക് ചിത്രം സീതാരാമം ലോകമെമ്പാടും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിന് മികച്ച പ്രതികരണം വരുന്നതിനൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒടുവില്‍ റിലീസ് ചെയ്ത പ്രഭാസ് ചിത്രം രാധേ ശ്യാമുമായുള്ള താരതമ്യങ്ങളുടെ ചര്‍ച്ചകളും സജീവമാവുകയാണ്.

300 കോടി ബഡ്ജറ്റില്‍ പുറത്തുവന്ന രാധേ ശ്യാം വമ്പന്‍ പാരാജയമായിരുന്നു. റൊമാന്റിക്ക് ജോണറില്‍ എത്തിയ ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് തന്റെ പ്രതിഫലം പോലും പ്രഭാസിന് മടക്കി നല്‍കേണ്ടി വന്നത് വലിയ വാര്‍ത്തയായിരുന്നു.

സീതാരാമവും ഇത്തരത്തില്‍ റൊമാന്റിക്ക് ജോണറില്‍ എത്തിയ ചിത്രമായിട്ട് കൂടി സിനിമയുടേതായ എല്ലാ മേഖലകളിലും ചിത്രം മികവ് പുലര്‍ത്തിയെന്നാണ് രാധേ ശ്യാമുമായി താരതമ്യം ചെയ്ത ചര്‍ച്ചകളില്‍ പലരും ചൂണ്ടി കാണിക്കുന്നത്.

300കോടിക്ക് എന്താണ് രാധേ ശ്യാമില്‍ ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും സീതാരാമം അതിന്റെ പത്തില്‍ ഒന്ന് ബഡ്ജറ്റില്‍ മികച്ചതായി അവതരിപ്പിച്ചു എന്നും പറയുന്നവരുണ്ട്.

സീതാരാമമാണ് ശരിക്കും പ്രണയ ചിത്രമെന്നും ബിഗ് ബഡ്ജറ്റ് ഷോ ഓഫ് മാത്രമാണ് രാധേ ശ്യാമെന്ന് അഭിപ്രായപെടുന്നവരുമുണ്ട്.


അതേസമയം സീതാരാമം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുളില്‍ തന്നെ 25 കോടിയിലധികം കളക്ഷന്‍ നേടി കഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നയാണ് ഇക്കാര്യം അറിയിച്ചത്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സീതാ രാമം പറയുന്നത്. ഹനു രാഘവപ്പുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സീതാരാമം ഒരു ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി വ്യക്തമാക്കിയിരുന്നു. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: Social media comparing Prabhas’s Radhe Shyam and Dulquer Salman’s Sita Ramam