ഇത് നയന്‍താരയെ ഉദ്ദേശിച്ച്, നയന്‍താരയെ തന്നെ ഉദ്ദേശിച്ച്, നയന്‍താരയെ മാത്രം ഉദ്ദേശിച്ച്; മാളവിക മോഹനനെതിരെ നയന്‍സ് ആരാധകര്‍
Entertainment news
ഇത് നയന്‍താരയെ ഉദ്ദേശിച്ച്, നയന്‍താരയെ തന്നെ ഉദ്ദേശിച്ച്, നയന്‍താരയെ മാത്രം ഉദ്ദേശിച്ച്; മാളവിക മോഹനനെതിരെ നയന്‍സ് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 11:34 am

നടി മാളവിക മോഹനനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധങ്ങളുമായി എത്തിയിരിക്കുകയാണ് നയന്‍താര ആരാധകര്‍. ക്രിസ്റ്റി എന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ടാഗ് ലൈന്‍ നല്‍കുന്നതിനെ മാളവിക വിമര്‍ശിച്ചിരുന്നു. അതിന്റെ ചുവട്പിടിച്ചാണ് മാളവികക്കെതിരെ ആരാധകര്‍ വിമര്‍ശനവുമായി വന്നിരിക്കുന്നത്.

നയന്‍താരയെ ആരാധകരും മറ്റും വിളിക്കുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. അതുകൊണ്ട് തന്നെ നയന്‍താരയെ ലക്ഷ്യം വെച്ചാണ് മാളവിക തന്റെ പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നതെന്നാണ് നയന്‍താര ആരാധകരുടെ വാദം.

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്രയോഗം ജന്‍ഡര്‍ ന്യൂട്രല്‍ അല്ലെന്നും നായകന്മാരെ സൂപ്പര്‍ സ്റ്റാര്‍ എന്ന് മാത്രമാണല്ലോ വിളിക്കുന്നതെന്നും പിന്നെ എന്തിനാണ് നടിമാരുടെ കൂടെ ലേഡിയെന്ന് ചേര്‍ക്കുന്നതെന്നുമാണ് അഭിമുഖത്തില്‍ മാളവിക ചോദിക്കുന്നത്. ഇതാണ് നയന്‍താരയുടെ ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് നയന്‍താരയുടെ മേക്കപ്പിനെ പരോക്ഷമായി മാളവിക വിമര്‍ശിച്ചിരുന്നു. അതാണ് ഇത്തരമൊരു പ്രസ്താവന പറഞ്ഞപ്പോള്‍ നയന്‍താരക്കെതിരെയാണെന്ന് ആരാധകര്‍ പറയുന്നത്. രാജാ റാണി എന്ന സിനിമയിലെ ഹോസ്പിറ്റല്‍ സീനിനെ മുന്‍നിര്‍ത്തിയായിരുന്നു മാളവിക അന്ന് വിമര്‍ശനം ഉന്നയിച്ചത്.

അതിന് പിന്നാലെ മാളവികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര തന്നെ എത്തിയിരുന്നു. മാളവികയുടെ പേര് എടുത്ത് പറയാതെയാണ് നയന്‍താര അന്ന് മറുപടി നല്‍കിയത്. നയന്‍താരയുടെ മറുപടിയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

content highlight: social media attack against malavika mohanan from nayanthara fans