ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Social Tracker
”നിങ്ങളുടെ അനുജന്‍ എന്ന എച്ചില്‍ പദവിക്ക് ഉപേക്ഷിക്കേണ്ട സ്വത്വമല്ല ആദിവാസിയെന്നത്”; മമ്മൂട്ടിക്ക് താക്കീതുമായി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Friday 23rd February 2018 4:54pm

കോഴിക്കോട്: മോഷ്ടാവെന്നാരോപിച്ച് ആള്‍കൂട്ടം തല്ലി കൊന്ന ആദിവാസിയുവാവ് മധുവിനെ ആദിവാസിയെന്ന് വിളിക്കരുതെന്നു പറഞ്ഞ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുന്നു.

മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു എന്ന് മമ്മൂട്ടിയുടെ പോസ്റ്റിനെതിരെയാണ് പ്രതിഷേധം. ആദിവാസിയെന്നത് അഭിമാനത്തോടെ പറയേണ്ട ഒന്നാണെന്നും അവരുടെ സ്വത്വത്തെ അംഗീകരിക്കേണ്ടതാണെന്നും ആദിവാസിയെ അനുജനെന്ന് വിളിക്കാനുള്ള ബുദ്ധിമുട്ടാണോ ഇതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ആദിവാസി എന്നത് അയാളുടെ സ്വത്വമാണ് മമ്മൂട്ടി സാര്‍. നിങ്ങള്‍ സിനിമയിലെ കുളപ്പള്ളി അപ്പന്‍മാര്‍ക്ക് മാത്രമാണ് അതശ്ലീലമായി തോന്നുന്നത്. അതൊരു ബഹുമതിയാണ്. പരിഹാസ പദമല്ല. നിങ്ങള്‍ അയാളുടെ ചേട്ടനോ അനിയനോ ആകണ്ട. അയാളെ അയാളായിക്കണ്ട് അംഗീകരിച്ചാല്‍ മതി. ജീവിച്ചിരിക്കുക എന്നത് അയാളുടെ അവകാശമായിരുന്നു. അതൊരിക്കലും നിങ്ങളുടെ ദയാദാക്ഷിണ്യമല്ല മമ്മൂട്ടി സാര്‍. എന്നും മാധ്യമപ്രവര്‍ത്തകനായ കെ.എ ഷാജി പറഞ്ഞു.

മമ്മൂട്ടിയുടെ പോസ്റ്റിനെതിരെ വിമര്‍ശനങ്ങളുമായി പത്രപ്രവര്‍ത്തകന്‍ രാഹുല്‍ സനലും രംഗത്തെത്തി ‘മധുവിനെ ആദിവാസി എന്നാരും വിളിക്കരുത്… മധു എന്റെ അനുജനാണ് ‘മമ്മൂട്ടി
ആദിവാസി എന്നത് ആ സമൂഹത്തിന്റെ സ്വത്വബോധമാണ് മിസ്റ്റര്‍ മമ്മൂട്ടി… ആദിവാസി എന്ന പദം അലോസരമായി തോന്നുന്നവരെയാണ് തിരുത്തേണ്ടത്… ആദിവാസി യെ അവരുടെ സ്വത്വത്തോടെ അംഗീകരിക്കുകയാണ് വേണ്ടത്… അവര്‍ അത് ആത്മാഭിമാനത്തോടെ തന്നെ പറയും എന്നിരിക്കേ താങ്കള്‍ക്ക് എന്താണ് പ്രശ്‌നം? ആദിവാസി എന്നാല്‍ ആദ്യം മുതലേ വസിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം…. അതായത് മറ്റുള്ളവര്‍ കുടിയേറി പാര്‍ത്തവര്‍ ആണെന്നാണ്… ജാതി സര്‍ട്ടിഫിക്കറ്റില്‍ ആദിവാസി എന്നതിന് പകരം മമ്മൂട്ടിയുടെ അനുജന്‍ എന്നെഴുതിയാല്‍ തീരുന്നതാണോ അവരുടെ പ്രശ്‌നം? പഞ്ച് ഡയലോഗൊക്കെ സ്വന്തമായി പറഞ്ഞു നോക്കുമ്പോള്‍ അര്‍ത്ഥവും അര്‍ത്ഥവ്യത്യാസവും പരിശോധിക്കാന്‍ ശ്രമിക്കുക മമ്മൂട്ടി sir. എന്നാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം

‘മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു,’ മമ്മൂട്ടി.

പ്രിവിലെജിന്റെ മുകളില്‍ കയറിയിരുന്നു വിവരക്കേട് പറയാന്‍ ഇയാള്‍ക്ക് ഒരു മടിയും ഇല്ലേ . മധു വാര്യരോ നായരോ ആണെങ്കില്‍ ആരും തല്ലി കൊല്ലില്ലായിരുന്നു എന്ന് ഈ തമ്പുരാന് ആരെങ്കിലും പറഞ്ഞു കൊടുക്കണം . മധു ആദിവാസിയാണ് അഭിമാനത്തോടെ തന്നെ പറയും മമ്മൂട്ടിയുടെ അനുജന്‍ സ്ഥാനം എന്ന എച്ചില്‍ പ്രിവിലേജ് കിട്ടാന്‍ വേണ്ടി ഉപേക്ഷിക്കെപ്പെടെണ്ട സ്വത്വമല്ല ആദിവാസി.

രശ്മി ആര്‍ നായര്‍

‘മധുവിനെ ആദിവാസിയെന്ന് വിളിക്കരുത്, അവന്‍ എന്റെ അനുജനാണെന്ന് ‘ നടന്‍ മമ്മൂട്ടി. ആദിവാസിയെന്നത് ഒരു അശ്ലീല പദമല്ല മിസ്റ്റര്‍ മമ്മൂട്ടി.
ആദിവാസി എന്ന വിളിപ്പേര് കൊല്ലപ്പെടാനുള്ള അര്‍ഹത പ്രഖ്യാപിക്കുന്ന ഒന്നല്ല. ആദിവാസിക്ക് ആദിവാസിയായിത്തന്നെ താങ്കളെപ്പോലെ സ്വസ്ഥവും സ്വതന്ത്രവുമായ ജീവിതം നയിക്കാന്‍ അവകാശമുണ്ട്. അതില്ലാതാക്കുന്നത് താങ്കളും ഞാനുമടങ്ങുന്ന നാട്ടു/ നഗരവാസികളാണെന്ന യാഥാര്‍ത്ഥ്യമാണ് താങ്കള്‍ വിളിച്ചു പറയേണ്ടിയിരുന്നത് ! ഇപ്പോഴത്തെ വൈകാരിക അന്തരീക്ഷത്തില്‍ ഇങ്ങനെ സഹോദരന്‍മാരും തന്തമാരും ധാരാളമായി രംഗത്തിറങ്ങും. ആദിവാസിയുടെ മണ്ണിനേയും പെണ്ണിനേയും കവര്‍ന്നവര്‍ പോലും ഒരു ഉളുപ്പുമില്ലാതെ രക്ഷകരായി രംഗത്തെത്തും. ആദിവാസികളുടെ ജീവിതം നരകതുല്യമായി നിലനിര്‍ത്തുന്ന നയങ്ങള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാവുകയുമില്ല. വോട്ടുള്ള കുടിയേറ്റക്കാരനും കാശുള്ള കയ്യേറ്റക്കാരനും വിലപേശാനുള്ളപ്പോള്‍ ആദിവാസിക്ക് താങ്കളുടെ അനുജന്‍ പട്ടം ഒരു ആശ്വാസമാവില്ല മിസ്റ്റര്‍ …

കുഞ്ഞി കൃഷ്ണന്‍

‘മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു,’ മമ്മൂട്ടി. ആദിവാസി എന്നു തന്നെ വിളിക്കണം, സര്‍. അതുകൊണ്ടാണ് മധുവിനെ അവര്‍ തല്ലിക്കൊന്നത്. അവന്റെ സ്വത്വത്തെ മറച്ചുപിടിക്കേണ്ട ആവശ്യമില്ല. ദളിത് എന്നും ആദിവാസിയെന്നും സ്ത്രീയെന്നും ട്രാന്‍സ്‌ജെണ്ടര്‍ എന്നുമൊക്കെ എടുത്തു പറയണം.

സന്ധ്യ കെ.പി

Advertisement