'ഉളുപ്പുണ്ടോ എന്ന വാക്കിനു ലാല്‍ ജോസ് എന്ന പര്യായ പദം കൂടി ചേര്‍ക്കണം നമ്മുടെ നിഘണ്ടുവില്‍'; ദിലീപിന് പിന്തുണയുമായെത്തിയ ലാല്‍ജോസിന് വീണ്ടും പൊങ്കാല
Kerala
'ഉളുപ്പുണ്ടോ എന്ന വാക്കിനു ലാല്‍ ജോസ് എന്ന പര്യായ പദം കൂടി ചേര്‍ക്കണം നമ്മുടെ നിഘണ്ടുവില്‍'; ദിലീപിന് പിന്തുണയുമായെത്തിയ ലാല്‍ജോസിന് വീണ്ടും പൊങ്കാല
ന്യൂസ് ഡെസ്‌ക്
Wednesday, 4th October 2017, 9:34 am

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്ന നടന്‍ ദിലീപ് ഇന്നലെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ആരാധകരും സിനിമാ രംഗത്തെ ചിലരും ദിലീപിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അതേസമയം, ദിലീപിന്റെ ജാമ്യത്തെ അമിതമായി ആഘോഷിക്കുന്ന ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ വിമര്‍ശനവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്തു വന്നിട്ടുള്ളത്.

അറസ്റ്റിലായ നാള്‍ മുതല്‍ ദിലീപിനൊപ്പമെന്ന് പ്രഖ്യാപിച്ച് രംഗത്തു വന്നയാളായിരുന്നു സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ്. ഇന്നലെ ദിലീപിന്റെ ജാമ്യത്തെ കുറിച്ച് ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരിക്കുകയാണ്. നിരവധി പേരാണ് ലാല്‍ ജോസിന്റെ പോസ്റ്റില്‍ പൊങ്കാലയിട്ടു കൊണ്ട് എത്തിയിരിക്കുന്നത്.

85 ദിവസങ്ങള്‍ക്ക് ശേഷം എന്നെഴുതിയ പോസ്റ്റില്‍ കൂപ്പു കൈയ്യുടെ ഇമോജിയുമുണ്ടായിരുന്നു. ജാമ്യത്തില്‍ നന്ദി രേഖപ്പെടുത്തുന്ന പോസ്റ്റായിരുന്നു ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. “ലാല്‍ജോസ്, എത്രപെട്ടന്നാണ് നിങ്ങളുടെ രൂപത്തോടും ശബ്ദത്തോടുമുള്ള ബഹുമാനം നഷ്ടമായത്.” എന്നായിരുന്നു ഇതിന് ഒരാളുടെ കമന്റ്.


Also Read:  തിയ്യറ്ററുടമകളുടെ സംഘടനയുടെ പ്രസിഡന്റായി ദിലീപ് വീണ്ടും; നീക്കം ജാമ്യം കിട്ടി പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം


“ഹാ, വന്നല്ലോ അച്ഛനുറങ്ങാത്ത വീട്ടിലെ മഹാന്‍, 85 days എന്ന പോസ്റ്റ് മായി. ഉളുപ്പുണ്ടോ എന്ന വാക്കിനു ലാല്‍ ജോസ് എന്ന പര്യായ പദം കൂടി ചേര്‍ക്കണം നമ്മുടെ നിഘണ്ടുവില്‍.” എന്നൊരാള്‍ പറയുമ്പോള്‍, പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു എന്ന് ആരോപിച്ച് (നിന്റെ ഒക്കെ ഭാഷയില്‍ അവനെ കുറ്റവാളി എന്ന് പറയാന്‍ കഴിയില്ലല്ലോ) ഒരുത്തന്‍ റിമാന്റില്‍ ഉണ്ട്. അവന്റെ ദിനങ്ങളും എണ്ണിവച്ചോ അവന്‍ പുറത്തിറങ്ങുമ്പോഴും ഇതുപോലെ പോസ്റ്റ് ഇടാമെന്ന് മറ്റൊരാള്‍ പറയുന്നു.

നേരത്തെ ദിലീപ് ചിത്രം രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ ജനകീയ കോടതിയില്‍ ദിലീപിന് വിജയമെന്നായിരുന്നു ലാല്‍ ജോസിന്റെ പോസ്റ്റ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തിയ്യറ്ററുടമകളുട സംഘടനാ പ്രസിഡന്റ് സ്ഥാനത്ത് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫ്യൂയോക്) പ്രസിഡന്റായാണ് ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തത്.